വെള്ളരിക്കുണ്ട്(കാസർകോട്): ഉഡുപ്പി-കരിന്തളം- വയനാട് 1000 മെഗാവാട്ട് 400 കെവി പവർഹൈവേ നടപ്പാക്കുന്നതിന് തടസ്സമായിരുന്ന നഷ്ടപരിഹാരത്തർക്കത്തിന് പരിഹാരം. ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ സ്ഥലം വിട്ടുനൽകുന്നവർക്ക് ഭൂമിക്കും വീടിനും നഷ്ടപരിഹാരം നൽകാനുള്ള പാക്കേജിന് സംസ്ഥാന മന്ത്രിസഭായോഗം അഗീകാരം നൽകി. കർഷകരക്ഷാസമിതി ഉൾപ്പെടെ നിരവധി സംഘടനകൾ ഈ പ്രശ്നത്തിൽ നിരന്തരം ഇടപെടുകയും തിരുവനന്തപുരത്ത് വൈദ്യുതിമന്ത്രിയുടെ സാന്നിധ്യത്തിൽ ഒന്നിലധികം തവണ ചർച്ചനടത്തുകയും ചെയ്തിരുന്നു.

To advertise here,

സർക്കാർ തീരുമാനം വൈകുന്നതിൽ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. ലൈനിന് ഇരവശത്തും 46 മീറ്റർ വീതിയിലുള്ള സ്ഥലത്തെ മുറിച്ചുമാറ്റിയ മരങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിരുന്നു. ഈ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗപ്പെടില്ലെന്നതിനാൽ ഭൂമിക്കും നഷ്ടം വേണമെന്നതായിരുന്നു കുടുംബങ്ങളുടെ ആവശ്യം. പൊളിച്ചുമാറ്റുന്ന വീടുകളുടെ പുനർനിർമാണച്ചെലവും കുടുംബങ്ങൾ അധികൃതരുടെ മുന്നിലവതരിപ്പിച്ചു.

പാക്കേജ് നടപ്പിലാക്കാനുള്ള സാമ്പത്തികബാധ്യത സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് പദ്ധതിക്കായി രൂപവത്കരിച്ച പ്രത്യേകോദ്ദേശ്യ സംവിധാനമായ ഉഡുപ്പി-കാസർകോട് ട്രാൻസ്മിഷൻ ലിമിറ്റഡ് വഹിക്കും. അരീക്കോട്ടുനിന്നുള്ള രണ്ട് 220 കെവി ഫീഡറുകളെയാണ് കണ്ണൂർ, കാസർകോട് ജില്ലകൾ വൈദ്യുതിക്കായി പ്രധാനമായും ആശ്രയിക്കുന്നത്. ഈ ലൈനുകളിൽ തകരാറുണ്ടായാൽ വടക്കൻ കേരളം ഇരുട്ടിലാകും. പുതിയ പദ്ധതി വരുന്നതോടെ നാല് ജില്ലകളിലെ വൈദ്യുതിക്ഷാമത്തിന് ശാശ്വതപരിഹാരമാകും.