തിരുവനന്തപുരം: സത്യപ്രതിജ്ഞാവിവാദവും തമ്മിലടിയും പുകയുന്ന തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസപ്രമേയ നീക്കവുമായി യുഡിഎഫ്. ഭരണസ്തംഭനം ചൂണ്ടിക്കാണിച്ച് അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നത്. 101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപറേഷൻ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 അംഗങ്ങളുമായാണ് ബിജെപിയുടെ ഭരണം.

To advertise here,

യുഡിഎഫിന്റെ അംഗബലം 20 ആണ്. അതിനാൽതന്നെ ഒറ്റയ്ക്ക് പ്രമേയം കൊണ്ടുവന്ന് വിജയിപ്പിക്കുക സാധ്യമല്ല. 51 ആണ് അംഗബലമെങ്കിലും വാഴോട്ടുകോണത്തെ കൗൺസിലർ സുഗതൻ നിലവിൽ കാപ്പാ കേസിൽ ജയിലിൽ ആണ് എന്നത് ബിജെപിക്ക് തലവേദനയാണ്. അതിനാൽ ബിജെപിയുടെ നിലവിലെ അംഗസംഖ്യ 50 ആണ്. എൽഡിഎഫിന് 29 അംഗങ്ങളാണുള്ളത്.

സുഗതന് ജാമ്യം കിട്ടിയാൽ മാത്രമേ അദ്ദേഹത്തിന് കോർപറേഷനിലെ അടുത്ത നടപടിക്രമങ്ങളിൽ പങ്കെടുക്കാനാവൂ. മാത്രമല്ല, അടുത്ത രണ്ട് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരിക്കുന്ന പക്ഷം സുഗതന് കൗൺസിലർസ്ഥാനം നഷ്ടപ്പെടുകയും ചെയ്യും, അത്തരമൊരു പ്രതിസന്ധിയും ബിജെപിക്ക് മുന്നിലുണ്ട്.

അതേസമയം, യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തോട് എൽഡിഎഫിന്റെ നിലപാട് എന്തായിരിക്കുമെന്നതും ശ്രദ്ധേയമാണ്. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനുള്ള സാധ്യത നന്നേ കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും. യോഗശേഷം തീരുമാനം അറിയാനാകും.