കൊച്ചി: എറണാകുളം മാർക്കറ്റിലെ സിനഗോഗിന് മുന്നിൽ തീയിട്ട സംഭവം ജൂതസമൂഹത്തെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നെന്ന് എൻ.ഐ.എ. ജൂതസമൂഹത്തിൽ ഭീകരത സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് 'എസ്.ആർ.', 'വിക്രം സിങ്' തുടങ്ങിയ ടെലിഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നവരുമായി പ്രതി എബിൻ പോൾ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളിയായിരുന്നു. സംഭവത്തിന് രണ്ട് മണിക്കൂറിനുശേഷം സ്വകാര്യ വാലറ്റുകളിൽനിന്ന് എബിന്റെ അക്കൗണ്ടിലേക്ക് ക്രിപ്‌റ്റോകറൻസി പേയ്മെന്റുകൾ ലഭിച്ചുവെന്നും എൻ.ഐ.എ. പറഞ്ഞു. എബിൻ പോളിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻ.ഐ.എ. കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇവ പറഞ്ഞിട്ടുള്ളത്. എബിൻ പോളിനെ അഞ്ച് ദിവസത്തേക്ക് എൻ.ഐ.എ. കോടതി ജഡ്ജി പി.കെ. മോഹൻദാസ് കസ്റ്റഡിയിൽ വിട്ടു.

To advertise here,

ടെലിഗ്രാമിൽ ലഭിച്ച നിർദേശപ്രകാരമാണ് പ്രതി സിനഗോഗിന് മുന്നിൽ തീയിട്ടതെന്നാണ് എൻ.ഐ.എ. പറയുന്നത്. സംഭവം റെക്കോഡ് ചെയ്ത് അതിന്റെ വീഡിയോ ഹാൻഡ്‌ലർമാർക്ക് അയച്ചുകൊടുത്തിരുന്നു. നേരത്തേ മൂവാറ്റുപുഴയിലെ രണ്ടിടങ്ങളിലും ഹാൻഡ്‌ലർമാരുടെ നിർദേശപ്രകാരം പ്രതി സമാനമായി തീയിട്ടിരുന്നു. പ്രതിയും ഹാൻഡ്‌ലർമാരും അവരുടെ ഐഡന്റിറ്റികളും ആശയവിനിമയങ്ങളും മറച്ചുവെക്കാൻ എൻക്രിപ്റ്റ് ചെയ്ത കമ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമുകൾ, വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകൾ, സ്വകാര്യ ക്രിപ്‌റ്റോകറൻസി വാലറ്റുകൾ എന്നിവ ഉപയോഗിച്ചിരുന്നെന്നും എൻ.ഐ.എ. പറഞ്ഞു.

ടെലിഗ്രാം, വാട്‌സാപ്പ്, കുകോയിൻ എന്നിവയിൽനിന്ന് ലഭിച്ച മറുപടികൾ, കോൾ ലോഗുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ എന്നിവയുൾപ്പെടെ അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകൾ ഉപയോഗിച്ച് പ്രതിയെ കസ്റ്റഡിയിൽ വീണ്ടും ചോദ്യം ചെയ്യാനാണ് എൻ.ഐ.എ. ഒരുങ്ങുന്നത്. ഹാൻഡ്ലർമാരുടെ ഐഡന്റിറ്റിയും അവരുടെ ഭീകര ബന്ധങ്ങളും കൂടുതൽ പരിശോധിക്കണം. സംശയിക്കപ്പെടുന്ന വ്യക്തികളുമായും ഗ്രൂപ്പുകളുമായും പ്രതിക്കുള്ള ബന്ധവും ഗൂഢാലോചനയിലെ പങ്കും കൂടുതൽ അന്വേഷിക്കണം.

എൻക്രിപ്റ്റ് ചെയ്ത ചാറ്റുകൾ, ക്ലൗഡ് ഡേറ്റ, വോയ്‌സ്, വീഡിയോ ക്ലിപ്പുകൾ, ഹാൻഡ്ലർമാർക്ക് അയച്ചതായി പറയപ്പെടുന്ന ദൃശ്യങ്ങൾ എന്നിവ വീണ്ടെടുക്കാനും എൻ.ഐ.എ. ശ്രമിക്കുന്നുണ്ട്.