തിരുവനന്തപുരം: യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ചർച്ചകൾ തുടരുന്നു. ഞായറാഴ്ച ഗവർണർക്ക് സമർപ്പിക്കുന്ന പട്ടികയിൽ മന്ത്രിമാരുടെ പേരുകൾ മാത്രമായിരിക്കും ഉണ്ടാകുകയെന്നാണ് വിവരം. ഘടകകക്ഷികളുടെ വകുപ്പുകളുടെ കാര്യത്തിലാണ് അനിശ്ചിതത്വം. ജലവകുപ്പിനായി കേരള കോൺഗ്രസും ആർഎസ്പിയും ആവശ്യമുന്നയിച്ചിട്ടുണ്ട് . ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് ജലവകുപ്പ് കേരള കോൺഗ്രസിനാണെന്നാണ് സൂചന.
ആർഎസ്പിക്ക് ജലസേചനവകുപ്പ് നൽകാമെന്ന് വെള്ളിയാഴ്ച കോൺഗ്രസ് നേതാക്കൾ ഉറപ്പുനിൽകിയിരുന്നു. എന്നാൽ ശനിയാഴ്ച മറിച്ചൊരു നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത്. വകുപ്പുകളുടെ കാര്യത്തിൽ പുനർവിചിന്തനം വേണമെന്നാണ് ആർസ്പിയെ കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുള്ളത്. കേരള കോൺഗ്രസും ജലവകുപ്പിന് ആവശ്യമുന്നയിച്ചതോടെയാണ് ചർച്ച നീണ്ടുപോയത്.
കെപിസിസി ആസ്ഥാനത്ത് വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനിടെയാണ് ഘടകകക്ഷികൾ തങ്ങളുടെ നിലപാടറിയിച്ചത്. രണ്ട് മന്ത്രി സ്ഥാനം വേണമെന്നായിരുന്നു ആഗ്യഘട്ടത്തിലെ കേരള കോൺഗ്രസിന്റെ നിലപാട്. എന്നാൽ ഇത് കോൺഗ്രസ് അംഗീകരിച്ചില്ല. കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനം മാത്രമായിരിക്കും ലഭിക്കുകയെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചു. അതോടെ തങ്ങൾക്ക് ജലവകുപ്പ് തന്നെ വേണമെന്നും കൃഷി വകുപ്പ് വേണ്ടെന്നും കേരള കോൺഗ്രസ് നിലപാടെടുത്തത്. ചർച്ചകൾക്കൊടുക്കം ജലവകുപ്പ് നൽകാൻ ധാരണയായതായാണ് വിവരം. ഇതിന് പുറമേ ചീഫ് വിപ്പ് സ്ഥാനവും കേരള കോൺഗ്രസിന് ലഭിക്കും. മോൻസ് ജോസഫ് ജലവകുപ്പ് മന്ത്രിയും അപു ജോൺ ജോസഫ് ചീഫ് വിപ്പുമായേക്കും.
മന്ത്രിമാരുടെ ചർച്ചകൾക്കൊപ്പം വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾകൂടിയാണ് കെ.പി.സി.സി. ആസ്ഥാനത്ത് തുടരുന്നത്. അനൂപ് ജേക്കബിനും മാണി സി. കാപ്പനും ടേം വ്യവസ്ഥയിലായിരിക്കും മന്ത്രിസ്ഥാനങ്ങൾ നൽകുക. ഇതിൽ ഇരുവരും അതൃപ്തി അറിയിച്ചിട്ടുണ്ടെങ്കിലും തീരുമാനം മാറാനിടയില്ല. ലീഗ് മന്ത്രിമാരിൽ എ.കെ.എം. അഷ്‌റഫിനും വി.ഇ. അബ്ദുൽ ഗഫൂറിനും ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനങ്ങൾ നൽകുമെന്ന സൂചനയുണ്ട്. ആഭ്യന്തരവും വിജിലൻസും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കുമെന്ന് ഉറപ്പായി. മുഖ്യമന്ത്രിയായ വി.ഡി. സതീശൻ ധനം, തുറമുഖ വകുപ്പുകളാണ് കൈകാര്യം ചെയ്യുക. കുണ്ടറയിൽനിന്ന് വിജയിച്ച പി.സി. വിഷ്ണുനാഥിന് വൈദ്യുതി വകുപ്പ് ലഭിക്കുമെന്നും സൂചനയുണ്ട്.
Content Highlights: Uncertainty persists regarding portfolio allocation among UDF coalition partners., RSP and Kerala Congress insist on the Irrigation department., Term-based ministerial positions planned for Anoop Jacob, Mani C. Kappan, AKM Ashraf, and VE Abdul Gafoor., Ramesh Chennithala likely to handle Home and Vigilance., Chief Minister VD Satheesan to manage Finance and Ports departments.
Published: 17 May 2026, 05:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented