നെടുമങ്ങാട് (തിരുവനന്തപുരം): വെമ്പായം പഞ്ചായത്തിൽ എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബി.ജെ.പി. പിന്തുണച്ചതിനെ തുടർന്ന് യു.ഡി.എഫിന് ഭരണം നഷ്ടമായി. എൽ.ഡി.എഫിലെ ഒൻപത് അംഗങ്ങളോടൊപ്പം ബി.ജെ.പി.യിലെ മൂന്ന് അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചു. രാവിലെ 11ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ എൽ.ഡി.എഫ്. അംഗം ഷീലജയാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. അവിശ്വാസം പാസായതോടെ പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജയന് സ്ഥാനം നഷ്ടമായി.

To advertise here,

ഉച്ചയ്ക്ക് 2.30-ന് വൈസ് പ്രസിഡന്റ് ജഗനാഥനെതിരേ ബിന്ദു ബാബുരാജ് കൊണ്ടുവന്ന അവിശ്വാസ പ്രമേയവും പാസായി. ഇതോടെ പഞ്ചായത്തിലെ മൂന്നരവർഷത്തെ കോൺഗ്രസിന്റെ ഭരണം നിലംപൊത്തി. എസ്.ഡി.പി.ഐ.യുടെ ഒരംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസ് പഞ്ചായത്ത് ഭരണം നടത്തിയിരുന്നത്. യു.ഡി.എഫ്., എസ്.ഡി.പി.ഐ. അംഗങ്ങൾ അവിശ്വാസപ്രമേയ ചർച്ചയിൽ നിന്നും വിട്ടു നിന്നു.

കോൺഗ്രസ് 9, എസ്.ഡി.പി.ഐ. 1, എൽ.ഡി.എഫ്. 8, ബി.ജെ.പി. 3 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുരേഷ് ആയിരുന്നു വരണാധികാരി.

മുൻപ്‌ രണ്ടുതവണ എൽ.ഡി.എഫ്. അവിശ്വാസം കൊണ്ടുവന്നെങ്കിലും ബി.ജെ.പി. വിട്ടുനിന്നതിനാൽ പരാജയപ്പെടുകയായിരുന്നു. അടുത്ത സമയത്ത് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയം ഉൾപ്പെടെ പഞ്ചായത്തിലുണ്ടായ തീപ്പിടിത്തവും 30 വർഷത്തെ ഔദ്യോഗിക രേഖകൾ ഉൾപ്പെടെ കത്തിനശിച്ചതും വലിയ വിവാദങ്ങൾക്കും സമരപരമ്പരകൾക്കും കാരണമായിരുന്നു.

മന്ത്രിയെ പുറത്താക്കണം

വെമ്പായം പഞ്ചായത്തിൽ ബി.ജെ.പി.യുമായി പരസ്യ ധാരണയുണ്ടാക്കിയ സംഭവത്തിൽ മന്ത്രി ജി.ആർ.അനിലിനെതിരേ സി.പി.ഐ. നേതൃത്വം നടപടിയെടുക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് പാലോട് രവി ആവശ്യപ്പെട്ടു. മൂന്ന് ബി.ജെ.പി. അംഗങ്ങളുടെ പിന്തുണയോടെ ഇടതുമുന്നണി അവിശ്വാസ പ്രമേയം പാസാക്കിയെടുത്തതിന് ഇടനിലക്കാരനായത് ജി.ആർ.അനിൽ ആണെന്നും പാലോട് രവി പറഞ്ഞു.