തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നേരത്തേയാകുമെന്ന പ്രതീക്ഷയിൽ മുന്നൊരുക്കങ്ങളിലേക്ക് കടക്കാൻ യുഡിഎഫ്. സീറ്റുവിഭജനവും പ്രകടനപത്രികയും സ്ഥാനാർഥിനിർണയവും നേരത്തേയാക്കാനാണ് ധാരണ. ഇതിന് മുന്നോടിയായി രാഷ്ട്രീയക്കളം അനുകൂലമാക്കാൻ മുന്നണിയുടെ നേതൃത്വത്തിൽ സംസ്ഥാനജാഥ നടത്തും. ഇതിനുമുൻപേ സീറ്റുവിഭജനം സംബന്ധിച്ച ധാരണയുണ്ടാക്കാനാണ് തീരുമാനം.

To advertise here,

ക്രിസ്മസ് അവധിക്കുശേഷം സീറ്റുവിഭജന ചർച്ച തുടങ്ങും. നിലവിലുള്ള സീറ്റുകൾ അടിസ്ഥാനമാക്കിയാകും ചർച്ച. ജയസാധ്യതനോക്കി സീറ്റുവെച്ചുമാറ്റവും പരിഗണിക്കും. ചില സീറ്റുകളുടെ വെച്ചുമാറ്റം മുസ്‌ലിംലീഗും ആഗ്രഹിക്കുന്നുണ്ട്.

കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനായി കാത്തുനിൽക്കില്ല. കേരള കോൺഗ്രസോ, മറ്റു കക്ഷികളോ മുന്നണിയിലേക്ക് വരുന്ന സാഹചര്യമുണ്ടായാൽ അതനുസരിച്ചുള്ള നീക്കുപോക്കുകൾ അപ്പോൾ നടത്തും. കേരളകോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കഴിഞ്ഞതവണ തോറ്റ കുട്ടനാട്, ചങ്ങനാശ്ശേരി, തിരുവല്ല, ഏറ്റുമാനൂർ തുടങ്ങിയ സീറ്റുകളിൽ ‌ചിലത് ഏറ്റെടുത്താൽ വിജയിക്കാൻ കഴിയുമെന്ന ചിന്ത കോൺഗ്രസിനുണ്ട്.

ആർഎസ്‌പി, സിഎംപി കക്ഷികളുടെ ആവശ്യം എണ്ണത്തെക്കാളുപരി ജയസാധ്യതയുള്ള സീറ്റുകളാണ്. ഷിബു ബേബി ജോണും സി.പി. ജോണും നിയമസഭയിൽ എത്തണമെന്ന നിർബന്ധം പാർട്ടികളുടെ നിലനിൽപ്പിന്റെ പ്രശ്നമായി ‍ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയനെതിരേ ധർമടത്ത് മത്സരിക്കാനാണ് കഴിഞ്ഞകുറി ഫോർവേഡ് ബ്ലോക്കിനോട് ആവശ്യപ്പെട്ടത്. പക്ഷേ, ‌ അവർ അത് നിരസിച്ചു.

അസോസിയേറ്റ് അംഗങ്ങളിൽ ആർഎംപിക്ക് സീറ്റുണ്ടാകും. തൃണമൂൽ കോൺഗ്രസിനായി പി.വി. അൻവർ മത്സരിക്കും. കെ.കെ. രമയ്ക്ക് വടകരയും അൻവറിന് ബേപ്പൂരുമാണ് സാധ്യത.

ഫെബ്രുവരിയിലെ നിയമസഭാ സമ്മേളനത്തിനുശേഷമാകും സംസ്ഥാനജാഥ. യുഡിഎഫ് നടത്തിയ വിദ്യാഭ്യാസ, ആരോഗ്യ കോൺക്ലേവിലെ നിർദേശം രാഷ്ട്രീയാടിസ്ഥാനത്തിൽക്കൂടി വിലയിരുത്തി പ്രകടനപത്രികയിൽ ഉൾപ്പെടുത്തും.