തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തിലേക്ക് കടക്കുമ്പോള്‍ എല്ലാ പാര്‍ട്ടികളുടേയും ആവശ്യങ്ങള്‍ ആവശ്യങ്ങള്‍ എത്രകണ്ട് പരിഗണിക്കാന്‍ കഴിയുമെന്നത് തന്നെയാണ് യുഡിഎഫിനും കോണ്‍ഗ്രസിനും മുന്നിലുള്ള വെല്ലുവിളി. വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റുകളിലുണ്ടായ വര്‍ധനവില്‍ കൂടുതല്‍ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫിലെ ചെറുപാര്‍ട്ടികളും. മുന്നണിയിലെ വമ്പന്മാരായ കോണ്‍ഗ്രസിനും ലീഗിനും സമാനമായി സ്വാധീനമുള്ള മേഖലകളില്‍ ഒരു വര്‍ഷം മുമ്പേ തന്നെ ചെറുപാര്‍ട്ടികളും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുമുണ്ട്.
കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ ഫോര്‍വേഡ് ബ്ലോക്ക്
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനേക്കാള്‍ സംഘടനാപരമായി ഫോര്‍വേഡ് ബ്ലോക്ക് എല്ലാ ജില്ലകളിലും ശക്തിപ്പെട്ടു കഴിഞ്ഞതിനാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്ത് കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനാണ് തീരുമാനമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍ പറഞ്ഞു. തിരുവനന്തപുരം കൊല്ലം കോര്‍പ്പറേഷനുകളില്‍ കഴിഞ്ഞതവണ ഓരോ സീറ്റുകള്‍ ആണ് മുന്നണി നല്‍കിയത്. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ഫോര്‍വേഡ് ബ്ലോക്ക് ആവശ്യപ്പെടും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്താണ് പല വാര്‍ഡിലും മൂന്നാം സ്ഥാനത്തേക്ക് തള്ളിപ്പോവുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഫോര്‍വേഡ് ബ്ലോക്കിന് മത്സരിച്ച് വിജയിക്കാന്‍ സാധ്യതയുള്ള കൂടുതല്‍ വാര്‍ഡുകള്‍ തിരുവനന്തപുരത്തുണ്ട്. കൊല്ലവും ഫോര്‍വേഡ് ബ്ലോക്കിന് ശക്തിയുള്ള സ്ഥലമാണ് അവിടെ യുഡിഎഫിന്റെയും ബിജെപിയുടെയും അംഗസംഖ്യ ഏകദേശം തുല്യമാണ് അത്തരം സാഹചര്യത്തില്‍ കൊല്ലം കോര്‍പ്പറേഷനിലും കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്നും ദേവരാജന്‍. കൂടാതെ തൃശ്ശൂര്‍ കോഴിക്കോട് കണ്ണൂര്‍ കോര്‍പ്പറേഷനുകളിലും സീറ്റ് ആവശ്യപ്പെടും.
കഴിഞ്ഞ തവണ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റാണ് ലഭിച്ചത്. ഇടുക്കി പോലെ ഫോര്‍വേഡ് ബ്ലോക്കിന്റെ ശക്തമായ സാന്നിധ്യമുള്ള മറ്റു ജില്ലകളിലും സീറ്റ് ആവശ്യപ്പെടാന്‍ തീരുമാനമുണ്ട്. കൊല്ലം ജില്ലാ പഞ്ചായത്തിലും സീറ്റ് ആവശ്യപ്പെടും. മറ്റ് ജില്ലകളിലും സാഹചര്യങ്ങള്‍ പരിശോധിച്ചു കണക്കുകള്‍ തരാന്‍ ജില്ലാ കമ്മിറ്റികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 24ന് കൊല്ലത്തു നടന്ന രാഷ്ട്രീയ സമ്മേളനത്തില്‍ കേരളത്തിലെ അതിപിന്നോക്ക സമുദായ സംഘടനകള്‍ ഫോര്‍വേഡ് ബ്ലോക്കിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. അധികാരത്തിന്റെ എല്ലാ തലങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടവര്‍ അധികാരത്തിലേക്ക് വരികയെന്ന ലക്ഷ്യവുമായാണ് ഫോര്‍വേഡ് ബ്ലോക്കിന്റെ ഭാഗമാകുന്നത്.
യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്ന ഒരു പാര്‍ട്ടിയിലേക്ക് വരുമ്പോള്‍ അധികാരത്തില്‍ വരാനുള്ള അവസരം ലഭിക്കുക തദ്ദേശ തെരഞ്ഞെടുപ്പിലൂടെയാണ്, ഇത്തരം ആളുകളെ തദ്ദേശ ഭരണ സംവിധാനത്തിന്റെ ഭാഗമാക്കാന്‍ ഫോര്‍വേഡ് ബ്ലോക്കിന് ഉത്തരവാദിത്തമുണ്ടെന്നും ദേവരാജന്‍ പറയുന്നു. എല്ലാ ജില്ലാ കമ്മിറ്റികളോടും മത്സരിക്കാന്‍ കഴിയുന്ന സീറ്റുകളുടെ കണക്കെടുക്കാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കണക്ക് യുഡിഎഫ് നേതൃത്വത്തെ അതത് ജില്ലാതലങ്ങളിലും സംസ്ഥാന തലത്തിലും അറിയിക്കാനാണ് ഫോര്‍വേഡ് ബ്ലോക്കിന്റെ തീരുമാനം.
റിബല്‍ ശല്യമുള്ളതിനാല്‍ യുഡിഎഫ് പല സീറ്റുകളിലും തോറ്റു പോകുന്ന സാഹചര്യമുണ്ട്, റിബല്‍ ശല്യം ഒഴിവാക്കാന്‍ കഴിയുന്ന തരത്തില്‍ മേല്‍ത്തട്ടില്‍ ഇടപെടല്‍ വേണമെന്ന് കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ജേക്കബ് ഗ്രൂപ്പിനും ലക്ഷ്യം കൂടുതല്‍ സീറ്റുകള്‍
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 200നടുത്ത് സീറ്റുകളില്‍ ആണ് കേരള കോണ്‍ഗ്രസ് (ജേക്കബ്) മത്സരിച്ചത്. പ്രാദേശിക തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചര്‍ച്ചകള്‍ നടത്തി നീക്കുപോക്ക് അനുസരിച്ച് കൂടുതല്‍ സീറ്റുകള്‍ക്ക് ശ്രമിക്കുനാണ് കേരള കോണ്‍ഗ്രസിന്റെ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം കൂടിയതിനാല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്ന എറണാകുളം ജില്ലയില്‍ ഇത്തവണയും മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പാര്‍ട്ടി നേതാവും എംഎല്‍എയുമായ അനൂപ് ജേക്കബ് പറഞ്ഞു.
ആലപ്പുഴയിലും കോട്ടയത്തും കൂടുതല്‍ സീറ്റുകളില്‍ വിജയപ്രതീക്ഷയുണ്ട്. ഇടുക്കിയിലും, ഇരിട്ടി, ഇരിക്കൂര്‍ മേഖലയിലും മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും അനൂപ് ജേക്കബ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കേരള കോണ്‍ഗ്രസ് നടത്തുന്നുണ്ട്.
സ്വാധീനമുള്ള മേഖലകളില്‍ കുടുംബയോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും നിയോജകമണ്ഡലങ്ങളില്‍ കണ്‍വെന്‍ഷനുകളും ഒപ്പം തന്നെ വാര്‍ഡ് തലത്തിലുള്ള കുടുംബയോഗങ്ങളും പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കടുത്തുരുത്തി ഏറ്റുമാനൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലും കണ്‍വെന്‍ഷന്‍ പൂര്‍ത്തിയായി.
കരുത്തു തെളിയിക്കാന്‍ ആര്‍എസ്പി
നിര്‍ണായക സ്വാധീനമുള്ള ജില്ല എന്ന നിലയില്‍ കൊല്ലത്താണ് ആര്‍എസ്പി കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുക. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും 5 സീറ്റുകള്‍ ആര്‍എസ്പിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടുതവണയും ഓരോ സീറ്റിലെ വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ അവിടെ കൂടുതല്‍ കൗണ്‍സിലര്‍മാരെ വിജയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആര്‍എസ്പി തുടങ്ങിക്കഴിഞ്ഞു.
ആര്‍എസ്പി യുഡിഎഫിന്റെ ഭാഗമായ ശേഷം നടന്ന രണ്ട് ത്രിതല തിരഞ്ഞെടുപ്പുകളിലും യുഡിഎഫില്‍ പൂര്‍ണതോതിലുള്ള യോജിപ്പ് താഴെത്തട്ടിലേക്ക് ലഭിച്ചില്ലെന്നും ആര്‍എസ്പിക്ക് അര്‍ഹതപ്പെട്ട പരിഗണന പത്തനംതിട്ടയിലും ആലപ്പുഴയിലും ലഭിച്ചില്ലെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി യുഡിഎഫിനൊപ്പം ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആര്‍എസ്പിക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ വളരെ പോസിറ്റീവായ മാറ്റം ഉണ്ടാവുമെന്നും ആര്‍എസ്പിക്ക് അര്‍ഹതപ്പെട്ട അംഗീകാരം ഈ തെരഞ്ഞെടുപ്പോടുകൂടി കിട്ടുമെന്നാണ് കരുതുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്നും പ്രാദേശിക തലത്തില്‍ ആശയവിനിമയങ്ങള്‍ നടക്കുന്നുണ്ടെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ് ജീവന്‍ മരണം പോരാട്ടമാണ് അതില്‍ ആര്‍എസ്പിയ്ക്കുള്ള ഒരു സവിശേഷത എന്നു പറയുന്നത് രണ്ട് ടേം ആയി പാര്‍ട്ടി അധികാരത്തില്‍ ഇല്ല എന്ന് പറയുമ്പോഴും പാര്‍ട്ടിയില്‍നിന്ന് ഇതുവരെ ആരും പിരിഞ്ഞു പോയിട്ടില്ല. ശക്തമായ ഒരു കേഡര്‍ ബേസ് ആര്‍എസ്പിക്കുണ്ട്.
വാശിയോടുകൂടി ഇത്തവണ പരാജയങ്ങളെ അതിജീവിക്കും എന്നാണ് കരുതുന്നതെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ നിന്ന് നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായിട്ട് ആര്‍എസ്പി നടത്തുന്നുണ്ട്.
കൊല്ലം കോര്‍പ്പറേഷനില്‍ ഒരു വര്‍ഷം മുമ്പ് തന്നെ ഫോക്കസ് 25 എന്ന പേരിലാണ് പ്രവര്‍ത്തനങ്ങള്‍. ജില്ലാ പഞ്ചായത്തുകളില്‍ പാര്‍ട്ടി മത്സരിക്കുന്ന സ്ഥലങ്ങളിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കണ്‍വെന്‍ഷനുകള്‍ കൂടുകയും ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കാനുള്ള കമ്മിറ്റികള്‍ ആര്‍എസ്പി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജയിച്ച സീറ്റുകള്‍ നിലനിര്‍ത്താന്‍ സിഎംപി
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ച സീറ്റുകളെല്ലാം ഇത്തവണയും സിഎംപി ആവശ്യപ്പെടും ഒപ്പം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുകയും ചെയ്യും. ജില്ലാ പഞ്ചായത്ത് സീറ്റുകളാണ് അധികമായി പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. മറ്റിടങ്ങളില്‍ പ്രാദേശികമായി പ്രഖ്യാപനം നടത്തും.
യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ആര്‍എംപി
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കുന്നംകുളത്തും തളിക്കുളത്തും സ്വതന്ത്രമായാണ് ആര്‍എംപി മത്സരിച്ചതെങ്കിലും ഇത്തവണ കേരളത്തില്‍ ഉടനീളം യുഡിഎഫിന് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു. എന്നാല്‍ ഇതൊരു മുന്നണി പ്രവേശനമല്ല യോജിക്കാവുന്ന മേഖലകളില്‍ യോജിച്ച് അസോസിയേറ്റഡ് മെമ്പര്‍ ആയി തുടരാനാണ് ആര്‍എംപിയുടെ തീരുമാനമെന്നും വേണു.
കേരളത്തില്‍ ആര്‍എംപിയുടെ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥലത്തും തദ്ദേശ തെരഞ്ഞെടുപ്പില്‍ കൃത്യമായി ഇടപെടണമെന്നാണ് പാര്‍ട്ടി നിലപാട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വടകര മേഖലയില്‍ യുഡിഎഫ് സംവിധാനവുമായി സഹകരിച്ച് മത്സരിച്ചെങ്കിലും ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്ലായിടത്തും യുഡിഎഫ് സംവിധാനവുമായി യോജിച്ചു കൊണ്ടാവും ആര്‍എംപി തിരഞ്ഞെടുപ്പിനെ നേരിടുക.
സിപിഎം വര്‍ഗീയ ജാതിമത ചേരിതിരിവ് ഉണ്ടാക്കുന്ന രീതിയിലേക്കും മാറുകയും സമുദായിക സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പൂര്‍ണമായി യുഡിഎഫിനൊപ്പം നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആര്‍എംപിയുടെ തീരുമാനം. പത്ത് വോട്ടാണ് ഒരു വാര്‍ഡില്‍ ഉള്ളത് എങ്കിലും ആ പത്ത് വോട്ട് യുഡിഎഫിലേക്ക് എത്തിക്കാന്‍ പരിശ്രമിക്കുമെന്നും വേണു പറഞ്ഞു.
സീറ്റ് ആവശ്യപ്പെടാന്‍ കെപിഎയും
യുഡിഎഫ് മുന്നണിയില്‍ അംഗമായതിന് പിന്നാലെ ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് കേരള പ്രവാസി അസോസിയേഷന്റേയും തീരുമാനം. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, കൊയിലാണ്ടി, തിരുവമ്പാടി എന്നിവിടങ്ങളിലും ഗുരുവായൂരിലും കെപിഎ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പാര്‍ട്ടി നാഷണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളാപ്പാലത്ത് പറഞ്ഞു.
എല്ലാ പഞ്ചായത്തുകളിലും സ്വാധീനമുള്ള പാര്‍ട്ടിയായതിനാല്‍ യുഡിഎഫിനൊപ്പം നിന്ന് വന്‍ വിജയം നേടാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫിലെ പ്രധാന കക്ഷികളെല്ലാം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് മുന്നണിയോഗം ചേരാന്‍ കാത്തിരിക്കുമ്പോള്‍ കേരള ഡെമോക്രാറ്റിക് പാര്‍ട്ടിയും ജെഎസ്എസും ദേശീയ ജനതാദളും അടക്കമുള്ള മറ്റ് കക്ഷികളും അര്‍ഹമായ സീറ്റുകള്‍ പ്രതീക്ഷിച്ച് മുന്നണിയിലുണ്ട്
Content Highlights: UDF constituent parties are seeking more seats in the upcoming local body elections
Published: 04 Oct 2025, 11:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented