തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ കോടതിയെ കബളിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും അയ്യപ്പസംഗമത്തിന് ഒരു രൂപപോലും ചെലവാക്കില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍നിന്ന് മൂന്നുകോടി രൂപ അനുവദിച്ചതിന്റെ രേഖകള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. അയ്യപ്പസംഗമം നടക്കുന്നതിന്റെ അഞ്ചുദിവസംമുന്‍പ് (15-09-2025 തിങ്കളാഴ്ച) ദേവസ്വം കമ്മിഷണര്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഇതുസംബന്ധിച്ച ഏറ്റവും നിര്‍ണായകമായ തെളിവുകളുള്ളത്.

To advertise here,

എംഒയു പ്രകാരം ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ചുമതല ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിനാണ്. സംഗമത്തിന്റെ നടത്തിപ്പിന് കമ്പനിക്ക് ആകെ ചെലവായത് 82242147 (8.2 കോടി) രൂപയാണ്. ഇതില്‍ ആദ്യഘട്ടമെന്നോണം അഡ്വാന്‍സായി മൂന്നുകോടി രൂപ ദേവസ്വം കമ്മിഷണറുടെ സര്‍പ്ലസ് ഫണ്ടില്‍നിന്ന് അനുവദിച്ചെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിന്റെ അക്കൗണ്ട് നമ്പറടക്കം ഓര്‍ഡറില്‍ കാണിക്കുന്നുണ്ട്.

ഭക്തര്‍ കാണിക്കയിടുന്നതടക്കമുള്ള പണമാണ് സര്‍പ്ലസ് ഫണ്ട്. ഇവ ഒരുതരത്തിലും ഇത്തരം ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ പാടുള്ളതല്ല. ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ ദേവസ്വം കമ്മിഷണറുടെ സര്‍പ്ലസ് ഫണ്ട് അനുവദിക്കാന്‍ കഴിയുകയുള്ളൂ. കോവിഡ് സമയത്ത് ദേവസ്വം ബോര്‍ഡ് വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയശേഷമാണ് ഈ പണം ഉപയോഗിച്ചിരുന്നത്. പിന്നീട് തിരിച്ചടയ്ക്കുകയും ചെയ്തു. ദേവസ്വം ബോര്‍ഡിന്റെ ആസ്തി വികസിപ്പിക്കാനോ കെട്ടിടം പണിയാനോ ഒക്കെയാണ് സര്‍പ്ലസ് ഫണ്ട് ചെലവഴിക്കേണ്ടത്.

അതേസമയം അയ്യപ്പസംഗമത്തിന് ഒരു രൂപപോലും സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ചെലവഴിക്കില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. സ്‌പോണ്‍സര്‍മാരിലൂടെ പണം കണ്ടെത്തുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്.