തിരുവനന്തപുരം: ‘‘എനിക്കൊന്നും പറയാനില്ല. പറയാനുള്ളത് എസ്.എഫ്.ഐ.യും പാർട്ടിയും പറയും’’- മലയിൻകീഴ് സർവീസ് സഹകരണബാങ്ക് ജീവനക്കാരനായ ശരത് രോഷത്തോടെ പറഞ്ഞു. 2016 ജനുവരിയിൽ ഇതേ ശരത്തിന്റെ ‘ശ്രീനിവാസൻ സാറേ..’ എന്ന നീട്ടിയുള്ളവിളി കേട്ടാണ് അന്ന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷനായിരുന്ന ടി.പി. ശ്രീനിവാസൻ തിരിഞ്ഞുനോക്കിയത്. നിമിഷംകൊണ്ട് മുഖമടച്ചൊരടി. അടിയേറ്റ് നിലത്തുവീണ ശ്രീനിവാസന്റെ ചിത്രം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നാണക്കേടായി ഇന്നുമുണ്ട്.

To advertise here,

സ്വകാര്യ സർവകലാശാലയ്ക്കുനേരേയുള്ള സമരത്തിന്റെ ഭാഗമായുള്ള ആ സംഭവത്തിന് പത്തുവർഷമാകും മുൻപേ ഇടതുപക്ഷം ചുവടുമാറ്റത്തിന്റെ വൈരുധ്യം കാട്ടുമ്പോൾ ഒരു ചോദ്യം ഉയരുന്നു- എന്തിനായിരുന്നു ആ ക്രൂരത? ഇപ്പോൾ മുഖമടച്ച് അടിയേൽക്കുന്നത് ആർക്ക്? അന്ന് ടി.പി. ശ്രീനിവാസനെ മർദിച്ച എസ്.എഫ്.ഐ. നേതാവിനും അതിന് ഉത്തരമില്ല.

ആക്രമിക്കാനുള്ള കാരണം

കേരളത്തിലേക്ക് സ്വകാര്യ സർവകലാശാലകളെ സ്വാഗതംചെയ്യാൻ ചർച്ച നയിച്ചു എന്നതായിരുന്നു മർദനത്തിന് കാരണം. കോവളത്തുനടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ശ്രീനിവാസനെ എസ്.എഫ്.ഐ. നേരിട്ടത്. എസ്.എഫ്.ഐ. ജില്ലാ വൈസ്‌പ്രസിഡന്റും വിളപ്പിൽ ഏരിയാ പ്രസിഡന്റുമായിരുന്നു ശരത്. ശരത്തിനെ പോലീസ് അറസ്റ്റുചെയ്യുകയും എസ്.എഫ്.ഐ.യുടെ ഭാരവാഹിത്വത്തിൽനിന്ന് മാറ്റുകയും ചെയ്തു.