
മലപ്പുറം: സ്വകാര്യ സർവകലാശാല തുടങ്ങാനുള്ള നീക്കങ്ങളുമായി സമസ്തയുടെ കീഴിലുള്ള പട്ടിക്കാട് ജാമിഅ നൂരിയ്യയും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റുകൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന ജാമിഅ നൂരിയ്യ ഭരണസമിതി യോഗമാണ് സർവകലാശാല തുടങ്ങാൻ തീരുമാനിച്ചത്. തുടർപ്രവർത്തനങ്ങൾക്കായി സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി.
ഉയർന്ന അക്കാദമികനിലവാരവും ധാർമികബോധവുമുള്ള സമൂഹത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്ത് അത്യാധുനിക സംവിധാനവും മൂല്യബോധവും സന്നിവേശിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതി തയ്യാറാക്കും. ഉന്നതപഠനത്തിന്റെയും ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രമായി വർത്തിക്കുന്ന സർവകലാശാലയാണ് സ്ഥാപിക്കുക.
ആധുനിക സാങ്കേതികവിദ്യ, അത്യാധുനിക ഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യവസായ സഹകരണം, സാങ്കേതികവിദ്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നൽനൽകി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളുടെ വിപുലമായ ശ്രേണി നടപ്പിൽവരുത്തും.
ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളെ പിന്തുണയ്ക്കുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പാക്കുന്നതിനും സ്‌കോളർഷിപ്പ് ഉൾപ്പെടെയുള്ള പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കും. സർക്കാർ അംഗീകാരം ലഭിക്കുന്നതിനനുസരിച്ച് സർവകലാശാലയുടെ ഘടന, പ്രോഗ്രാമുകൾ, ഫാക്കൽറ്റി, പ്രവേശന നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രഖ്യാപിക്കും. ജാമിഅ നൂരിയ്യയുടെ കീഴിൽ സർവകലാശാല തുടങ്ങാൻ ആവശ്യമായ പശ്ചാത്തലസൗകര്യങ്ങളുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് ജനറൽസെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ, ഏലംകുളം ബാപ്പു മുസ്‍ലിയാർ, എംഎൽഎമാരായ ആബിദ്‌ഹുസൈൻ തങ്ങൾ, പി. അബ്ദുൽഹമീദ്, സമസ്ത മുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീൻ നദ്‌വി, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, ഹൈദർ ഫൈസി പനങ്ങാങ്ങര, സമസ്ത ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി, എം.സി. മായിൻ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: Jamia Nooriya, under samastha in plans a private university
Published: 27 Mar 2025, 08:13 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented