കോഴിക്കോട്: മുൻ ഡി.ജി.പി ആർ.ശ്രീലേഖയുടെ ബി.ജെ.പി പ്രവേശത്തോടെ കേരളത്തിൽ ബി.ജെ.പിയിൽ ചേരുന്ന മുൻ പോലീസ് ഉദ്യോ​ഗസ്ഥരുടെ എണ്ണം മൂന്നായി. മുൻ ഡി.ജി.പിമാരായ ടി.പി.സെൻകുമാർ, ജേക്കബ് തോമസ് എന്നിവരാണ് ഇതിനുമുൻപ് ബി.ജെ.പിയിൽ ചേർന്ന കേരളാ പോലീസ് മേധാവികൾ.

To advertise here,

2017-ലാണ് ടി.പി.സെൻകുമാറും ബി.ജെ.പിയുമായി അടുക്കുന്നത്. ആ വർഷം ജൂൺ 30-ന് സർവീസിൽ നിന്ന് വിരമിച്ചതോടെയാണിത്. അന്ന് ബി.ജെ.പി പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനാണ് സെൻകുമാറിനെ പാർട്ടിയിലേക്ക് ക്ഷണിച്ചത്. ഇതിനുപിന്നാലെ മറ്റൊരു ബി.ജെ.പി നേതാവായ എം.ടി.രമേശ് മുൻ ഡി.ജി.പിയെ വീട്ടിലെത്തി കാണുകയുംചെയ്തു. ഈ ചർച്ചകൾക്ക് തുടർച്ചയായി സെൻകുമാർ ബി.ജെ.പി പാളയത്തിലെത്തി. പാർട്ടി പ്രവേശനത്തിനുപിന്നാലെ കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഉൾപ്പെടെ പല തിരഞ്ഞെടുപ്പുകളിലും സ്ഥാനാർത്ഥിപ്പട്ടികയിൽ സെൻകുമാറിന്റെ പേര് ഇടംപിടിച്ചിരുന്നു.

2021-ലാണ് മറ്റൊരു പോലീസ് മേധാവിയായിരുന്ന ജേക്കബ് തോമസ് ബി.ജെ.പി അം​ഗത്വമെടുത്തത്. തൃശ്ശൂരിൽ ജെ.പി നഡ്ഡ പങ്കെടുത്ത സമ്മേളനത്തിൽവെച്ചായിരുന്നു അദ്ദേഹം പാർട്ടി അം​ഗത്വമെടുത്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ മത്സരിച്ച് 33,685 വോട്ട് നേടുകയും ചെയ്തു.

ജനങ്ങൾക്കായി, തന്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്ന് ചിന്തിച്ചപ്പോൾ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും ശ്രീ നാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോധ്യമായപ്പോൾ, തന്റെ കടമ ചെയ്യാനാവാതെ വേദനിച്ചപ്പോൾ, തന്റെ വിദ്യാഭ്യാസം ആർക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന്  തിരിച്ചറിഞ്ഞപ്പോഴാണ് പ്രവർത്തിക്കാനുള്ള പ്ലാറ്റ്‌ഫോം ആയി ബി.ജെ.പിയെ തിരഞ്ഞെടുത്തതെന്നാണ് രാഷ്ട്രീയ പ്രവേശത്തേക്കുറിച്ച് അന്ന് ജേക്കബ് തോമസ് പറഞ്ഞത്.

പോലീസിൽനിന്ന് മാത്രമല്ല, മറ്റ് സിവിൽ സർവീസ് രം​ഗത്തുനിന്നും ബി.ജെ.പിയിൽ ചേർന്ന വ്യക്തിത്വങ്ങളുണ്ട്. അതിലൊരാളാണ് അൽഫോൺസ് കണ്ണന്താനം. 2006-ൽ കോട്ടയം കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽനിന്ന് ഇടതുസ്ഥാനാർത്ഥിയായി വിജയിച്ച അദ്ദേഹം 2011-ൽ ബി.ജെ.പിയിൽ ചേർന്നു. 2017-ൽ നടന്ന കാബിനറ്റ് പുനഃസംഘടനയിൽ കേന്ദ്ര ഐ.ടി-ടൂറിസം സഹമന്ത്രിയായി. ഒ.രാജ​ഗോപാലിനുശേഷം കേരളത്തിൽനിന്ന് കേന്ദ്രമന്ത്രിയാവുന്ന മലയാളിയുമായി അദ്ദേഹം.

ബി.ജെ.പിയിൽ ചേർന്നശേഷം രാഷ്ട്രീയത്തിൽ സജീവമായ മറ്റൊരുദ്യോ​ഗസ്ഥനാണ് നിലവിലെ ബം​ഗാൾ ​ഗവർണറായ സി.വി. ആനന്ദബോസ്. 1977 ബാച്ച് ഐ.എ.എസ് ഉദ്യോ​ഗസ്ഥനാണ് എഴുത്തുകാരൻകൂടിയായ ആനന്ദബോസ്. 2022 നവംബർ 17-നാണ് അദ്ദേഹം പശ്ചിമബം​ഗാൾ ​ഗവർണറായി ചുമതലയേൽക്കുന്നത്. ഇക്കൂട്ടത്തിലേക്കാണിപ്പോൾ ആർ.ശ്രീലേഖയും എത്തിയിരിക്കുന്നത്.