ന്യൂഡൽഹി: ടിപി വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കാതെ സുപ്രീം കോടതി. ഇത് കൊലപാതകക്കേസ് ആണെന്നും കേസിന്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ആയിരുന്നു ജസ്റ്റിസുമാരായ സജ്ജീവ് കരോളും എസ് സി ശര്‍മ്മയുമടങ്ങുന്ന ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.

To advertise here,

രണ്ട് ജാമ്യ ഹര്‍ജികളാണ് കോടതിക്കുമുന്നിലുണ്ടായിരുന്നത്. ഇതൊരു ജാമ്യഹര്‍ജിയാണെങ്കിലും കൊലപാതക്കേസായതിനാല്‍ കേസ് സംബന്ധിച്ച രേഖകള്‍ പരിശോധിക്കാതെ ജാമ്യം നല്‍കാനാകില്ലെന്ന് കോടതി പറഞ്ഞു. കേസിൽ രേഖകൾ ഹാജരാക്കാനും സുപ്രീം കോടതി നിർദേശം നൽകി.

ഇതിനിടെ സര്‍ക്കാര്‍ അഭിഭാഷകനായ പി.വി. ദിനേശും കെ.കെ. രമയുടെ അഭിഭാഷകനായ ആര്‍. ബസന്തും തമ്മില്‍ വാക്കേറ്റമുണ്ടായി. സര്‍ക്കാരും പ്രതികളും തമ്മില്‍ ഒത്തുകളിക്കുന്നുവെന്ന ആര്‍ ബസന്ത് വാദം ഉന്നയിച്ചതോടെയാണ് പരസ്പര ആരോപണങ്ങളുയര്‍ന്നത്. ഇതിന് മറുപടിയായി പരാതിക്കാരിയ്ക്ക് അനുകൂമായി നില്‍ക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് പി.വി. ദിനേശ് പറഞ്ഞു. ഒടുവില്‍ ജസ്റ്റിസ് സജ്ജയ് കരോള്‍ ഇടപെടുകയായിരുന്നു.

ടി.പി. വധക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് ഇടയ്ക്കിടെ ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് കെ കെ രമ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. കഴിഞ്ഞ 12 വർഷത്തിനിടയിൽ കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പേർക്ക് ആയിരം ദിവസത്തിലധികം പരോൾ അനുവദിച്ചു. ആറ് പേർക്ക് 500 ദിവസത്തിലധികം പരോൾ അനുവദിച്ചു. കേസിലെ എട്ടാം പ്രതിയായ കെ സി രാമചന്ദ്രൻ 1081 ദിവസം പരോളിൽ കഴിഞ്ഞെന്നും രമ ചൂണ്ടിക്കാട്ടി. ആറാം പ്രതി സിജിത്ത് 1078 ദിവസവും രണ്ടാം പ്രതി മനോജ് 1068 ദിവസവും നാലാം പ്രതി ടി കെ രജീഷ് 940 ദിവസവും പരോളിൽ കഴിഞ്ഞു. ഏഴാം പ്രതി ഷിനോജിന് ലഭിച്ചത് 925 ദിവസത്തെ പരോൾ ലഭിച്ചെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടിയിരുന്നു.