ലഹരിവേട്ടയ്ക്ക് കേരള സർക്കാർ 'തൂഫാൻ ദി നർക്കോ ഹണ്ട്' തുടങ്ങിയിട്ട് ഒരു മാസം. മുന്നോട്ടുള്ള പ്രവർത്തനങ്ങളെപ്പറ്റി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാതൃഭൂമിയുമായി സംസാരിക്കുന്നു.

To advertise here,

? തൂഫാൻകൊണ്ട് ഉദ്ദേശിച്ചപോലെ കാര്യങ്ങൾ നടക്കുന്നുണ്ടോ

- ഉണ്ട്. 70 കോടിയിലധികം ലഹരി ഉത്‌പന്നങ്ങൾ പിടിച്ചെടുത്തു. അയ്യായിരത്തിലധികം കേസുകൾ. 300 കിലോയിലധികം കഞ്ചാവ് പിടിച്ചു. ലഹരിയുടെ പിന്നാലെ പോകുന്നത് കൂടുതലും കുട്ടികളാണ്. അമ്മമാർക്ക് ലഹരിയിൽനിന്ന് മുക്തരാക്കിയ പ്രിയമക്കളെ തിരിച്ചുനൽകാൻ സർക്കാരും പോലീസും ഏതറ്റം വരെയും പോകും.

?ഇനി ചെയ്യാനുള്ളതെന്തെല്ലാം

- കേരളമെമ്പാടും കുട്ടികളും മുതിർന്നവരും തൂഫാൻ വാറിയർ ആയി മാറി. മാതൃഭൂമി തന്നെ തൂഫാൻ വാറിയർ ആയി സർക്കാരിനോടൊപ്പമുണ്ട്. ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് - തൂഫാൻ സ്‌ട്രൈക്കേഴ്‌സ്, തൂഫാൻ വാറിയേഴ്സ് എന്നീ ഘട്ടത്തിൽനിന്ന് ഇനി ‘തൂഫാൻ കെയർ’ എന്ന കൂടുതൽ ശ്രമകരമായ ഘട്ടമാണ് വരുന്നത്.

പിടിക്കപ്പെടുന്നവരെ പിഴ ചുമത്തിയോ ജയിലിലടച്ചോ മയക്കുമരുന്നിൽനിന്ന് നാടിനെ മുക്തമാക്കാനാവില്ല. അത് അവർക്ക് നൽകുന്നവരെ പിടികൂടി എത്രനാൾ മയക്കുമരുന്ന് ആ വ്യക്തിക്ക് അവർ നൽകി എന്ന് മനസ്സിലാക്കി ആവശ്യമായ ചികിത്സ (കെയർ) -നൽകണം.

കേരളത്തിന് പുറത്തുനിന്ന് ഇവിടേക്ക് മയക്കുമരുന്ന് കടത്തുന്ന വമ്പന്മാർക്കായി അതിർത്തികളിൽ വലവിരിച്ചുകഴിഞ്ഞു. അന്യസംസ്ഥാനങ്ങളുടെ സഹായവും ഉറപ്പാക്കും.

? എങ്ങനെ ചികിത്സ നൽകും

- കേരളത്തിലെ 35 ആശുപത്രികൾ തിരഞ്ഞെടുത്ത് അവിടെ മയക്കുമരുന്നിനടിമയായവരെ ചികിത്സിക്കുന്നതാണ് പദ്ധതി. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സ തുടങ്ങി. 20 പോലീസ് ജില്ലകളായി തിരിച്ച് പോലീസിന്റെയും നർക്കോട്ടിക്സ് വിഭാഗത്തിന്റെയും സജീവ ശ്രദ്ധയും ഇതിനുപിന്നിലുണ്ട്.

? ഡി.വൈ.എഫ്.ഐ. നേതാവ് റഹിം പറഞ്ഞത് മയക്കുമരുന്നിന് രക്തസാക്ഷികളായി തങ്ങളുടെ മൂന്നുപ്രവർത്തകരും ഉണ്ടെന്നാണ്

- ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ രാഷ്‌ട്രീയ-മത-ജാതി വ്യത്യാസമില്ല. ഡി.വൈ.എഫ്.ഐ.ക്കും സർക്കാരിന്റെ പോരാട്ടത്തിൽ പങ്കുചേരാം. അതിനെ സ്വാഗതം ചെയ്യുന്നു.

? ഡ്യൂട്ടി സമയത്ത്, പോലീസുകാർ മദ്യപിച്ച സംഭവങ്ങളുമുണ്ട്

- ഇത്തരം സംഭവങ്ങളിൽ കർശന നടപടി ഉണ്ടാകും.