കൊല്ലം: 1985 ഫെബ്രുവരി 17. ഉച്ചയ്ക്ക് മൂന്നുമണി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. ചോരയിൽ മുങ്ങിയ ശരീരവുമായി ആ ആംബുലൻസ് വന്നുനിന്നു. കൊട്ടാരക്കര നെടുവത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എൻ.ശ്രീധരൻ ചലനമറ്റു കിടക്കുന്നു. പരിക്കേറ്റ സഖാവിന്‌ ചികിത്സയൊരുക്കാൻ കാത്തുനിന്ന വി.എസ്.അച്യുതാനന്ദൻ ഒന്നേ നോക്കിയുള്ളൂ. 'അദ്ദേഹം കരഞ്ഞുപോയി. വി.എസ്.കരയുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല.

To advertise here,

നായനാർ വിതുമ്പിക്കൊണ്ടാണ് അന്ത്യാഭിവാദ്യം അർപ്പിച്ചത്...'-അപകടത്തിൽപ്പെട്ട കാറിൽ എൻ.എസിന്‌ ഒപ്പമുണ്ടായിരുന്ന മരുമകനും കേരള മീഡിയ അക്കാദമി ചെയർമാനുമായ ആർ.എസ്.ബാബു ഓർക്കുന്നു. ബാബുവിനും ഒപ്പമുണ്ടായിരുന്ന സി.പി.എം. നിയമസഭാകക്ഷി സെക്രട്ടറി എം.വി.രാഘവനും പരിക്കേറ്റു. ഡ്രൈവർ പരവൂർ സ്വദേശി ശശിധരൻ പിള്ള തത്ക്ഷണം മരിച്ചു.

വി.എസിനെയും നായനാരെയും കരയിച്ച ആ കാറപകടത്തിന് തിങ്കളാഴ്ച 40 വയസ്സ് തികയും. വി.എസിന് എൻ.ശ്രീധരനുമായുള്ള ബന്ധത്തിന് ആഴമേറെ. വി.എസേ എന്ന് ശ്രീധരനും എൻ.എസേ എന്ന് അച്യുതാനന്ദനും പരസ്പരം വിളിച്ചു. വി.എസ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും എൻ.എസ്. അസിസ്റ്റന്റ്‌ സെക്രട്ടറിയുമായിരുന്നു. വി.എസിന്റെ വിവാഹക്ഷണക്കത്തിൽ ഒപ്പിട്ടിരുന്നത് എൻ.എസായിരുന്നു.

കൊല്ലത്തെ എസ്.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിൻറെ പതാക ഏറ്റുവാങ്ങാൻ ചിറ്റാറിൽ എം.എസ്.പ്രസാദിന്റെ ശവകുടീരത്തിൽ പോയി വരുംവഴിയാണ് അപകടം. നെടുവത്തൂരിൽവെച്ച് പാഞ്ഞുവന്ന ലോറി കാറിലിടിച്ചു. ഡ്രൈവറുടെ പിന്നിലെ സീറ്റിലാണ് എൻ.എസ്. ഇരുന്നത്. ആ വശം പൂർണമായി തകർന്നുപോയി. 57-ാംവയസ്സിൽ എൻ.എസ്. ജീവൻ വെടിഞ്ഞപ്പോൾ പാർട്ടിക്കും നാടിനും അത് തീരാനോവായി.

കൊല്ലത്ത് സി.പി.എമ്മിന് അടിത്തറയുണ്ടാക്കിയ നേതാവായിരുന്നു എൻ.ശ്രീധരൻ. മരണശേഷം പാർട്ടി മുൻകൈയെടുത്ത് അദ്ദഹത്തിന്റെ ഓർമ്മയ്ക്കായി കൊല്ലത്ത് എൻ.എസ്. സഹകരണ ആശുപത്രി തുടങ്ങി.

ഒളിവുജീവിതം, മാസങ്ങൾ നീണ്ട ജയിൽവാസം, സമരങ്ങൾ, രഹസ്യയോഗങ്ങൾ... എൻ.എസിനെക്കുറിച്ച് ഭാര്യയും റിട്ട. അധ്യാപികയുമായ പദ്‌മാവതിയുടെ മനസ്സിലുള്ളത് ഇങ്ങനെയുള്ള കുറേ ചിത്രങ്ങളാണ്. ‘അപകടവിവരം ആരോ എന്നോട് ചെറുതായി സൂചിപ്പിച്ചു.

വലിയ പരിക്കൊന്നുമില്ല, ചെറിയ അപകടമാണെന്നാണ് ആദ്യം പറഞ്ഞത്. പക്ഷേ, ഞങ്ങളെയും പ്രസ്ഥാനത്തെയും വിട്ട് അദ്ദേഹം അങ്ങ് പോയി’-കുലശേഖരപുരം പുളിനിൽക്കുംകോട്ടയിലെ വീട്ടിനുള്ളിലെ എൻ.എസിന്റെ ഫോട്ടോയുടെ മുന്നിലിരുന്ന് പദ്‌മാവതി പറഞ്ഞു. നാൽപതാം ഓർമ്മദിനത്തിനു പിന്നാലെ കൊല്ലത്ത് നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് പദ്‌മാവതി. ‘എന്റെ സഖാവിൻറെ സാന്നിധ്യം അവിടെയുണ്ടാകും’-അവർ പറഞ്ഞു.