പാലക്കാട്: തിരഞ്ഞെടുപ്പടുത്തതോടെ തൃത്താലയിൽ കോൺഗ്രസിനുള്ളിൽ വിഭാഗീയത തലപൊക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറെക്കുറെ സ്ഥാനാർഥിത്വം ഉറപ്പായ വി.ടി. ബൽറാമിനെതിരേ, കരുണാകരന്റെപേരിലും ഉമ്മൻചാണ്ടിയുടെ പേരിലും രൂപവത്കരിച്ച രണ്ട് ട്രസ്റ്റുകളാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
ആനക്കര പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരേ മത്സരിച്ചവരെയും പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയവരെയും കോൺഗ്രസ് ഭരണസമിതിയുള്ള കുമ്പിടിയിലെ സഹകരണ ബാങ്കിലെ ആരോപണവിധേയരെയും ബൽറാം പിൻതുണയ്ക്കുന്നെന്നാണ് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ട്രസ്റ്റിന് പിന്നിലുള്ള ‘എ’ വിഭാഗക്കാരുടെ പരാതി. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹിയുൾപ്പെടെ നാല് ഡി.സി.സി. ഭാരവാഹികളാണ് ഈ ഗ്രൂപ്പിന് നേതൃത്വംനൽകുന്നത്. ബൽറാം സ്വന്തം ഗ്രൂപ്പുണ്ടാക്കിയെന്നും തൃത്താലയിലെ സംഘടനാ നേതൃത്വത്തിലേക്ക് ഈ ഗ്രൂപ്പിലുള്ളവരെ കൊണ്ടുവന്നെന്നും ആരോപണമുണ്ട്. ബുധനാഴ്ച ഈ വിഭാഗം യോഗംചേർന്നു.
ഒരാഴ്ച മുൻപാണ് അഞ്ച് ഡി.സി.സി. ഭാരവാഹികൾ ചേർന്ന് തൃത്താലയിൽ കരുണാകരന്റെ പേരിൽ ഒരു ട്രസ്റ്റ് രൂപവത്കരിച്ചത്. ആ യോഗത്തിലും ബൽറാമിനെതിരേ വിമർശനമുയർന്നതായാണ് വിവരം. സ്വന്തം ഇഷ്ടപ്രകാരം ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടപെട്ടെന്നും സ്ഥാനാർഥി നിർണയംനടത്തിയെന്നും പരാതിയുണ്ട്. താഴെത്തട്ടിലെ പാർട്ടി പ്രവർത്തകരെ ബൽറാം പരിഗണിക്കുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. തൃത്താലയിൽ കോൺഗ്രസ് നേതാക്കൾ സംഘടിപ്പിച്ച വലിയ പൊതുപരിപാടികളിൽ വി.ടി. ബൽറാമിനെ ബോധപൂർവം ഒഴിവാക്കിയെന്നാണ് ബൽറാം വിഭാഗത്തിന്റെ ആരോപണം. ആര്യാടൻ ഷൗക്കത്ത്, രാഹുൽ മാങ്കൂട്ടത്തിൽ, സി. ചന്ദ്രൻ തുടങ്ങിയ നേതാക്കളെ പരിപാടികളിൽ പങ്കെടുപ്പിച്ചിരുന്നു. നേരത്തേ കെ.പി.സി.സി. നിർവാഹകസമിതി അംഗം സി.വി. ബാലചന്ദ്രനുമായുള്ള ഭിന്നത സംസ്ഥാനനേതൃത്വം ഇടപെട്ടതോടെ തീർന്നിരുന്നു. ആ ഒത്തുതീർപ്പ് തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് മറ്റുരണ്ട് ചേരികൾ. പരുതൂർ ഒഴികെ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലെല്ലാം ഗ്രൂപ്പുകൾ ഇപ്പോഴും സജീവമാണ്.
കരുണാകരൻഫൗണ്ടേഷൻ പ്രവർത്തനം കോൺഗ്രസ് സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനാണെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ പറയുന്നു. തൃത്താലയിലെ പ്രശ്നം ജില്ലാനേതൃത്വം കരുതലോടെ വീക്ഷിക്കുന്നുണ്ട്. സംസ്ഥാന നേതൃത്വത്തെയും ഇക്കാര്യം അറിയിച്ചതായാണ് സൂചന.
Content Highlights: Rise of internal factionalism in Thrithala Congress ahead of elections., Two trusts formed in the names of Karunakaran and Oommen Chandy challenging VT Balram., Allegations of favoritism and sidelining of local party workers
Published: 07 Mar 2026, 10:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented