
തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശ്ശൂരിൽ വ്യാപകമായി വോട്ടുചേർക്കൽ നടത്തിയെന്ന ആരോപണത്തെ പിൻപറ്റിയുള്ള അന്വേഷണം ചെന്നെത്തുന്നത് ഒന്നിലേറെ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുള്ളവരിലേക്ക്. തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർഥിയായി ജയിച്ച സുരേഷ്ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യ റാണിക്കും ഇരട്ടവോട്ടു മാത്രമല്ല രണ്ട് തിരിച്ചറിയൽ കാർഡുമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.
കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തിൽ സുഭാഷ് ഗോപിയുടെ വോട്ട് ചേർത്തിരിക്കുന്നത് ഡബ്ല്യുഎൽഎസ് 0136077എന്ന ഐഡി കാർഡ് നമ്പറിലാണ്. ഭാര്യ റാണിയുടെ വോട്ട് ഡബ്ല്യുഎൽഎസ് 0136218 എന്ന ഐഡി കാർഡ് നമ്പറിലും. ഇൗ രണ്ടു പേർക്കും തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലും വോട്ടുണ്ടായിരുന്നു.
തൃശ്ശൂർ മണ്ഡലത്തിലെ പട്ടികയിൽ മുക്കാട്ടുകര 115-ാം നമ്പർ ബൂത്തിൽ 1219-ാം വോട്ടറായി സുഭാഷിന്റെ പേര് ചേർത്തിരിക്കുന്നത് എഫ്‍വിഎം 1397173 എന്ന ഐഡി കാർഡ് നമ്പറിലും 1218-ാം വോട്ടറായി ഭാര്യ റാണിയുടേത് എഫ്‍വിഎം 1397181 എന്ന ഐഡി കാർഡ് നമ്പറിലുമാണ്. ഇവിടെ 1224-ാം നമ്പർ വോട്ടറാണ് സുരേഷ് േഗാപി. തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ ഇരുവർക്കും നിലവിൽ കൊല്ലം കോർപറേഷനിലും തിരുവനന്തപുരം കോർപറേഷനിലും വോട്ട് ഉണ്ട്. തൃശ്ശൂരിൽ ഇവർ സ്ഥിരതാമസക്കാരല്ലെന്ന് തെളിയിക്കുന്നതാണ് തദ്ദേശ വോട്ടർ പട്ടിക.
തൃശ്ശൂർ, ആലത്തൂർ ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടുണ്ടായിരുന്ന ആർഎസ്എസ് നേതാവ് ഷാജി വരവൂരിനും ഭാര്യ കെ.എം. ദീപ്തിക്കും രണ്ട് തിരിച്ചറിയൽ കാർഡുകളുണ്ടായിരുന്നെന്ന് രേഖകൾ തെളിയിക്കുന്നു. ഷാജിയുടെ ഭാര്യക്കും ആലത്തൂർ മണ്ഡലത്തിലെ 11-ാം ബൂത്തിലും തൃശ്ശൂർ മണ്ഡലത്തിലെ 37-ാം ബൂത്തിലുമായിരുന്നു വോട്ട്. ആലത്തൂരിൽ മാത്രമാണ് വോട്ട് ചെയ്തതെന്ന് ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ വിചാര കേന്ദ്രം തൃശ്ശൂർ മേഖലാ സെക്രട്ടറി കൂടിയാണ് ഷാജി.
നിയമപരമായി ഒരാൾക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ ഒരു തിരിച്ചറിയൽ കാർഡ് മാത്രമേ ഉപയോഗിക്കാനാകൂ. രണ്ടാമത്തെ കാർഡ് ലഭിച്ചാൽ ഉടൻ തന്നെ ഒരു കാർഡ് സമർപ്പിച്ച് റദ്ദാക്കണം. ഇരട്ട കാർഡുകൾ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണ്. തെറ്റായ വിവരങ്ങൾ നൽകുക വഴി മാത്രമേ രണ്ടാമതൊരു തിരിച്ചറിയൽ കാർഡ് കിട്ടൂ. തെറ്റായ വിവരങ്ങൾ നൽകുന്നത് ജനപ്രാതിനിധ്യ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ക്രിമിനൽ കുറ്റമാണ്. ഒന്നു മുതൽ ഏഴു വർഷം വരെ തടവും പിഴയും ലഭിക്കും.
Content Highlights: Dual Voter ID Cards Under Scrutiny in Thrissur Election Probe
Published: 14 Aug 2025, 06:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented