തൃശ്ശൂര്‍: ''എലിയും പൂച്ചയും കളിയില്‍ പൂച്ചയായി നില്‍ക്കുന്നവരാണ് ഞങ്ങള്‍. ആ പണി ഇനിയും വെടിപ്പായി ചെയ്യും...'' സംസാരത്തിലും പ്രവൃത്തിയിലും ആരെയും പ്രീതിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സിറ്റി പോലീസ് കമ്മിഷണര്‍ പദവി ഒഴിയുന്ന ആര്‍. ഇളങ്കോയുടെ തൃശ്ശൂരിലെ അവസാന ഉത്തരത്തിനും കൃത്യത ഒട്ടും കുറവില്ല. പൂരംകലക്കല്‍ ആരോപണം, എടിഎം കൊള്ള, നെല്ലങ്കര ലഹരിവേട്ട, കുന്നംകുളം കസ്റ്റഡിമര്‍ദനം...തൃശ്ശൂരില്‍ പോലീസിന് തലവേദന സൃഷ്ടിച്ച എത്രയോ സംഭവങ്ങള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ സംഭവിച്ചു. എന്നാല്‍, പോലീസ് പോലീസിന്റെ പണിചെയ്യും എന്ന നിലപാടില്‍ ഉറച്ചുനിന്നായിരുന്നു കമ്മിഷണറുടെ ഇടപെടല്‍.

To advertise here,

നെല്ലങ്കരയില്‍ മയക്കുമരുന്നുസംഘം പോലീസിനെ ആക്രമിച്ച സംഭവവും തുടര്‍ന്നുള്ള പോലീസിന്റെ ഇടപെടലും വലിയ ചര്‍ച്ചയായിരുന്നു. നാട്ടുകാര്‍ സ്ഥലത്തെ റോഡിന് കമ്മിഷണറുടെ പേരുനല്‍കിയതിനെപ്പറ്റിയുള്ള ചോദ്യത്തിനും ഇളങ്കോസ്‌റ്റൈല്‍ മറുപടി. ''പോലീസിന്റെ ജോലി ഹീറോയിസം കാണിക്കലല്ല. ജോലി കൃത്യമായി ചെയ്യുക. പേരിനുവേണ്ടി ഒന്നും ചെയ്യാതിരിക്കുക.''

''പ്രതികളെ പിടികൂടുന്നതിന് നിയമപരമായ ബലപ്രയോഗം ആവശ്യമായി വരും. എന്നാല്‍, നിയമവിരുദ്ധമായി ചെയ്യരുത്.'' ജില്ലയിലെ പോലീസ് സംവിധാനം മികവുള്ളതാണെന്നും ഇനിയും മെച്ചപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടമരണങ്ങളും കൊലപാതകങ്ങളും കുറയ്ക്കാന്‍ കഴിഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങളില്‍ രണ്ടു മാസം കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതും നേട്ടമാണ്. സിസ്റ്റം പൂര്‍ണമായി പോലീസിനൊപ്പം നിന്നതുകൊണ്ടാണ് കാര്യങ്ങള്‍ ഭംഗിയായി ചെയ്യാന്‍ പറ്റിയത്. അതിനു സഹായിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. തൃശ്ശൂര്‍ പൂരവും പുലിക്കളിയും കാണാന്‍ വരുമെന്ന് ഉറപ്പുനല്‍കിയാണ് അദ്ദേഹം ഹൈദരാബാദിലേക്ക് വണ്ടികയറുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഹൈദരാബാദ് നാഷണല്‍ പോലീസ് അക്കാദമിയില്‍ പരിശീലനച്ചുമതലയാണ് പുതിയ ദൗത്യം. സ്ഥാനമേല്‍ക്കുന്ന നകുല്‍ ദേശ്മുഖിന് സിറ്റി പോലീസ് കമ്മിഷണറായുള്ള ചുമതല ആര്‍. ഇളങ്കോ കൈമാറി.