തൃശ്ശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രചാരണത്തിനെതിരേ കോർപറേഷൻ യോഗത്തിൽ രൂക്ഷ വിമർശനവുമായി എൽഡിഎഫും യുഡിഎഫും. താൻ നൽകിയ ഫണ്ട് കോർപറേഷൻ ചെലവഴിച്ചില്ലെന്ന വാദമാണ് സുരേഷ് ഗോപി ഉയർത്തുന്നത്. ഇങ്ങനെയൊരു ഫണ്ട് കോർപറേഷന് ലഭിച്ചിട്ടില്ലെന്ന് എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ പറഞ്ഞു.
കേന്ദ്രമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജൻപല്ലൻ, ജോൺ ഡാനിയേൽ, വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്‌സൺ, അനീസ് എന്നിവർ തുറന്നടിച്ചു. സുരേഷ് ഗോപിയുടെ ജയത്തിൽ ജനം പശ്ചാത്തപിക്കുകയാണെന്നും ഇവർ അഭിപ്രായപ്പെട്ടു. തെറ്റായ പരാമർശം സുരേഷ് ഗോപി പിൻവലിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
ഫണ്ട് കിട്ടിയിട്ടില്ലെന്നും ചെലവഴിച്ചില്ലെന്ന് ജനപ്രതിനിധി പറയുന്നത് ശരിയല്ലെന്നും മേയർ എം.കെ. വർഗീസും പറഞ്ഞു. എംപിയും മന്ത്രിയുമെന്ന നിലയിൽ പദ്ധതി നടപ്പാക്കാൻ സുരേഷ് ഗോപി മുൻകൈയെടുക്കണമെന്നും മേയർ ആവശ്യപ്പെട്ടു. കോർപറേഷൻ സ്റ്റേഡിയത്തിന് കേന്ദ്രം നൽകിയ 19 കോടി രൂപയ്ക്ക് ഭരണാധികാരികൾ തുരങ്കം വച്ചുവെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇങ്ങനെയൊരു ഫണ്ട് കോർപറേഷന് ലഭിച്ചിട്ടില്ല- മേയർ പറഞ്ഞു.
കിട്ടിയ ഫണ്ടുതന്നെ ചെലവഴിക്കാൻ തയ്യാറാകാത്ത ഭരണസമിതിയാണിതെന്നായിരുന്നു ബിജെപി അംഗങ്ങളായ വിനോദ് പൊള്ളാഞ്ചേരിയുടെയും എൻ. പ്രസാദിന്റെയും പ്രതികരണം.
ഖേലോ ഇന്ത്യ പദ്ധതിയിൽ എട്ടുലൈൻ സിന്തറ്റിക് ട്രാക്ക് നിർമാണത്തിന് ഒൻപതരക്കോടി രൂപയും, ഫുട്‌ബോൾ ടർഫിനും അനുബന്ധ സൗകര്യത്തിനും 4.70 കോടി രൂപയും നൽകുമ്പോൾ പിന്നെ എന്തിനാണ് യൂണിഫൈഡ് ഫുട്‌ബോൾ സ്‌പോർട്‌സ് ഡിവലപ്പ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിനെ ടർഫ് നിർമാണത്തിനും പരിപാലനത്തിനും ചുമതലപ്പെടുത്തുന്നതെന്ന് രാജൻ ജെ. പല്ലൻ ചോദിച്ചു. ഖേലോ ഇന്ത്യയിൽ കോർപറേഷൻ നൽകിയ 14.20 കോടിയുടെ ഒറ്റപദ്ധതി രണ്ടായി നൽകണമെന്ന നിർദേശം അംഗീകരിക്കാനും തീരുമാനിച്ചു.
ജയപ്രകാശ് പുവത്തിങ്കൽ, സിന്ധു ആന്റോ ചാക്കോള, മൂകേഷ് കൂളപറമ്പിൽ, കെ. രാമനാഥൻ, പൂർണിമ സുരേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
തെരുവുനായ ശല്യവും ശക്തൻനഗറിലെ വെള്ളക്കെട്ടും നടുവിലാലിലെ അനധികൃത നിർമാണവുമെല്ലാം വിമർശനമായി ഉയർന്നു. തെരുവുനായ്ക്കളുടെ ശല്യവും ഉപദ്രവവും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും ഇ.വി. സുനിൽരാജ് പറഞ്ഞപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ലയെന്ന് മേയർ മറുപടി നൽകി.
എംജി റോഡ് വികസനത്തിന് വേണ്ടി കാത്തുനിൽക്കുമ്പോൾ നടുവിലാൽ കഴിഞ്ഞ് എംജി റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് വലതുഭാഗത്ത് ഭരണനേതൃത്വത്തിന്റെയും സിപിഎം നേതാക്കളുടെയും ഒത്താശയോടെ അനധികൃത കെട്ടിടം നിർമിച്ചിട്ടുണ്ടെന്ന് രാജൻ പല്ലൻ ആരോപിച്ചു.
Content Highlights: Thrissur Corporation council meeting sees strong criticism of Union Minister Suresh Gopi from UDF & LDF over alleged false claims about funds. Mayor also clarifies.
Published: 28 Oct 2025, 06:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented