
തൃശൂര്‍/നാമക്കല്‍ (തമിഴ്നാട്): നാടിനെ നടുക്കിയ തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസിലെ പ്രതികളെ നാമക്കലില്‍ വെച്ച് തമിഴ്നാട് പോലീസ് പിടികൂടിയത് അതിസാഹസികമായി. എ.ടി.എമ്മുകളില്‍ നിന്ന് 60 ലക്ഷത്തോളം രൂപ മോഷ്ടിച്ച ശേഷം കണ്ടെയിനര്‍ ലോറിയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പ്രതികള്‍ തമിഴ്നാട്ടില്‍ വെച്ച് പിടിയിലായത്. ഏറ്റുമുട്ടലിനൊടുവിലാണ് പോലീസ് പ്രതികളെ കീഴടക്കിയത്. ഇതിനിടെ പ്രതികളിലൊരാള്‍ വെടിയേറ്റ് മരിച്ചു.
വിദഗ്ധമായ ആസൂത്രണത്തോടെയാണ് പ്രതികള്‍ തൃശൂരിലെ മൂന്ന് എ.ടി.എമ്മുകളില്‍ നിന്ന് പണം കവര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയില്‍ ഗ്യാസ് കട്ടര്‍ ഉപോഗിച്ച് എ.ടി.എം. മെഷീന് തകര്‍ത്തായിരുന്നു കൊള്ള. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ജില്ലാ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തിയും കേരളാ പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്.
എ.ടി.എമ്മുകളുടെ തിരഞ്ഞെടുപ്പില്‍ തുടങ്ങിയ ആസൂത്രണം
കവര്‍ച്ചയ്ക്കായി തിരഞ്ഞെടുത്ത എ.ടി.എമ്മുകളില്‍ പോലും ആസൂത്രണം വ്യക്തമാണ്. മൂന്ന് എ.ടി.എമ്മുകളില്‍ നിന്നാണ് പ്രതികള്‍ പണം കവര്‍ന്നത്. തൃശൂര്‍ നഗരത്തിലെ ഷൊര്‍ണൂര്‍ റോഡ്, കോലഴി, മാപ്രാണം എന്നിവിടങ്ങളിലെ എ.ടി.എം. മെഷീനുകള്‍ തകര്‍ത്താണ് 65 ലക്ഷം രൂപയോളം കവര്‍ന്നത്.
ഈ മൂന്ന് എ.ടി.എമ്മുകളും മൂന്ന് വ്യത്യസ്ത പോലീസ് സ്റ്റേഷന് പരിധികളിലാണ് സ്ഥിതി ചെയ്യുന്നത്. അന്വേഷണം തുടങ്ങുമ്പോള്‍ തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കാനും അതിനിടയില്‍ സംസ്ഥാനം വിടാനുമായിരുന്നു ഇതിലൂടെ പ്രതികള്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തം. കൂടാതെ സി.സി.ടി.വി. ക്യാമറകള്‍ ഇല്ലാത്ത എ.ടി.എമ്മുകളായിരുന്നു ഇവ. കഴിഞ്ഞ ദിവസമാണ് ഈ എ.ടി.എമ്മുകളില്‍ പണം നിറച്ചത്. തിരക്കൊഴിഞ്ഞ ഇടങ്ങളിലെ എ.ടി.എമ്മുകളായതിനാല്‍ പണം അധികം പിന്‍വലിക്കപ്പെട്ടിട്ടില്ല എന്നതും കൊള്ളയ്ക്കായി പ്രതികള്‍ ഈ എ.ടി.എമ്മുകള്‍ തിരഞ്ഞെടുക്കാന്‍ കാരണമായി.
കൊള്ളയ്ക്ക് തിരഞ്ഞെടുത്ത സമയവും പ്രധാനമാണ്. പോലീസിന്റെ ഉള്‍പ്പെടെ ശ്രദ്ധ ഏറ്റവും കുറയുന്ന പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇവര്‍ കൃത്യം നടപ്പാക്കുന്നത്. ഇതും രക്ഷപ്പെട്ട് പരമാവധി ദൂരം പോകാന്‍ വേണ്ടിയായിരുന്നു.
എ.ടി.എം. തകര്‍ത്ത് കവർച്ച നടത്താന്‍ ശ്രമിച്ചാല്‍ സുരക്ഷാ അലാറം മുഴങ്ങുകയും വിവരം ബാങ്ക് അധികൃതര്‍ക്കും പോലീസിനും ലഭിക്കുകയും ചെയ്യും. തൃശൂരില്‍ കൊള്ള നടന്ന എ.ടി.എമ്മുകളില്‍ നിന്ന് ഇത്തരത്തില്‍ വിവരം ലഭിച്ചാല്‍ പോലീസ് സ്ഥലത്തെത്താന്‍ ഏതാണ്ട് പത്ത് മിനുറ്റോളം സമയമെടുക്കും. ഈ വിവരം കൃത്യമായി മനസിലാക്കിയാണ് പ്രതികള്‍ കവർച്ച ആസൂത്രണം ചെയ്തത്.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അതിവേഗമായിരുന്നു കവർച്ച. പോലീസ് എത്തുന്നതിന് മുമ്പ് പത്ത് മിനുറ്റിനുള്ളില്‍ പണം എടുത്ത് അടുത്ത എ.ടി.എം. ലക്ഷ്യമാക്കി നീങ്ങുകയും അടുത്ത രണ്ട് എ.ടി.എമ്മുകളിലും ഇതേ പ്രക്രിയ ആവര്‍ത്തിക്കുകയും ചെയ്തശേഷമാണ് കാര്‍ കണ്ടെയിനര്‍ ലോറിയിലേക്ക് ഓടിച്ചു കയറ്റി പ്രതികള്‍ രക്ഷപ്പെട്ടത്. എസ്.കെ. ലോജിസ്റ്റിക്സ് എന്ന കമ്പനിയുടെ കണ്ടെയിനര്‍ ലോറിയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചത്. ഈ ലോറി മോഷ്ടിച്ചതാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
പദ്ധതി തകര്‍ത്ത് അപകടം, കീഴടക്കി പോലീസ്
എ.ടി.എമ്മുകൾ കൊള്ളയടിച്ചശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികള്‍ വെള്ളിയാഴ്ച രാവിലെ തന്നെ ഷൊര്‍ണൂര്‍-ഒറ്റപ്പാലം വഴി പാലക്കാട്ടേക്കും തുടര്‍ന്ന് അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്കും പോയി. തുടര്‍ന്ന് കോയമ്പത്തൂര്‍ നഗരത്തിന് പുറത്തുകൂടെ വഴി ലോറി നാമക്കല്‍ ഭാഗത്തേക്കാണ് പോയത്. നാമക്കലില്‍ എത്തിയപ്പോഴാണ് പ്രതികളുടെ പദ്ധതി മുഴുവന്‍ തകര്‍ത്തുകൊണ്ട് ലോറി അപകടത്തില്‍ പെടുന്നത്.
കൊള്ളയ്ക്ക് ഉപയോഗിച്ച കാറും മോഷ്ടിച്ച പണവും പ്രതികളും ആയുധങ്ങളുമെല്ലാമായി അതിവേഗത്തില്‍ പോകുകയായിരുന്ന കണ്ടെയിനര്‍ ലോറി മറ്റൊരു വാഹനത്തെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ലോറി നിര്‍ത്താതെ പോകുകയായിരുന്നു. സംശയം തോന്നിയതോടെ കണ്ടെയിനര്‍ ലോറി തമിഴ്നാട് പോലീസിന്റെ റഡാറിലായി.
നിര്‍ത്താതെ പോയ ലോറി വേറേയും വാഹനങ്ങളില്‍ ഇടിച്ചു. ഇതിനകം തമിഴ്നാട് പോലീസ് ലോറിയെ പിന്തുടരാന് ആരംഭിച്ചിരുന്നു. സിനിമയെ വെല്ലുന്ന ചേസാണ് പിന്നീട് നടന്നതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പോലീസ് ജീപ്പുകളും ബൈക്കുകളുമെല്ലാം ലോറിയെ പിന്തുടര്ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ തമിഴ് വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്.
കണ്ടെയിനര്‍ ലോറിയില്‍ രക്ഷപ്പെടുന്നത് അസാധ്യമെന്ന് തോന്നിയതോടെയാണ് പ്രതികള്‍ അക്രമത്തിലേക്ക് കടന്നത്. കണ്ടെയിനര്‍ നിര്‍ത്തിയ ഉടന്‍ പ്രതികള്‍ പോലീസിന് നേരെ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് ഓടിരക്ഷപ്പെടാനാണ് ഇവര്‍ ശ്രമിച്ചത്.
എന്നാല്‍ സര്‍വസന്നാഹങ്ങളുമായാണ് തമിഴ്നാട് പോലീസ് എത്തിയിരുന്നത്. തങ്ങള്‍ക്കുനേരെ വെടിവെപ്പ് ഉണ്ടായതോടെ ഒട്ടും വൈകാതെ 'കൗണ്ടര്‍ അറ്റാക്ക് മോഡി'ലേക്ക് കടക്കുകയായിരുന്നു പോലീസ്. ഈ വെടിവെപ്പിലാണ് പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടത്. ബാക്കിയുള്ളവരെ തമിഴ്നാട് പോലീസ് പിന്തുടര്ന്ന് കീഴ്പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമുട്ടലില്‍ ചില പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
പ്രതികള്‍ ഏഴംഗ ഉത്തരേന്ത്യന്‍ സംഘം
ഹരിയാണ-രാജസ്ഥാന് അതിര്‍ത്തിയിലെ നൂഹ് ജില്ലയില്‍ നിന്നുള്ളവരാണ് പ്രതികള്‍. സ്ഥിരമായി എ.ടി.എമ്മുകള്‍ കൊള്ളയടിക്കുന്നതാണ് സംഘത്തിന്റെ രീതി. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം. മെഷീന് തകര്‍ത്ത് പണം കൊള്ളയടിക്കുന്നതാണ് ഇവരുടെ പതിവ്. കണ്ടെയിനര്‍ ലോറിയില്‍ തന്നെയാണ് ഇവര്‍ മുമ്പും രക്ഷപ്പെട്ടിരുന്നത്.
ഇത്തരം സംഘമാകാം തൃശൂരിലെ എ.ടി.എം. കൊള്ള നടത്തിയത് എന്ന വിവരം രാവിലെ തന്നെ കേരളാ പോലീസിന് ലഭിച്ചിരുന്നു. ഇതോടെ പോലീസ് ജാഗരൂകരായി. ഉത്തരേന്ത്യന്‍ രജിസ്ട്രേഷനുള്ള കണ്ടെയിനര്‍ ലോറികള്‍ മുഴുവന്‍ പരിശോധിക്കാന്‍ പോലീസ് നിര്‍ദേശം നല്കി. ഇതേ കാര്യം കേരളാ പോലീസ് തമിഴ്നാട് പോലീസിനേയും അറിയിച്ചിരുന്നു. ഇതിനാലാണ് അപകടമുണ്ടാക്കിയ കണ്ടെയിനര്‍ ലോറിയെ ഉടന്‍ പിന്തുടരാന് തമിഴ്നാട് പോലീസിന് കഴിഞ്ഞത്.
ഇപ്പോള്‍ പിടിയിലായ പ്രതികള്ക്കൊപ്പമുള്ളവര് കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളില്‍ മുമ്പ് എ.ടി.എം. കൊള്ള നടത്തിയിട്ടുണ്ടെന്നാണ് വിവരം. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ കൊള്ള നടന്നത്. അന്നും തമിഴ്നാട്ടിലേക്ക് കടന്ന ശേഷമാണ് പ്രതികള്‍ ഉത്തരേന്ത്യയിലേക്ക് രക്ഷപ്പെട്ടത്.
Content Highlights: Thrissur ATM robbers detained after cinema style chase and heavy firing at Namakkl, Tamil Nadu
Published: 27 Sept 2024, 01:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented