
തൃപ്പൂണിത്തുറ: അത്താഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തൃപ്പൂണിത്തുറ നഗരസഭാ കൗൺസിലിന്റെ നേതൃത്വത്തിലുള്ള അത്താഘോഷ കമ്മിറ്റി അറിയിച്ചു. ഞായറാഴ്ചയാണ് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര. ഇതോടെയാണ് കേരളത്തിൽ ഓണാഘോഷത്തിന് ഔദ്യോഗികമായി തുടക്കംകുറിക്കുന്നത്.
ഞായറാഴ്ച രാവിലെ 9-ന് തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ, 25 വരെ നീളുന്ന അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ദീപക് ജോയ് എം.എൽ.എ. അധ്യക്ഷത വഹിക്കും. മന്ത്രി അനൂപ് ജേക്കബ് അത്തപ്പതാക ഉയർത്തും. ഹൈബി ഈഡൻ എം.പി., അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി., ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് അത്തം ഘോഷയാത്ര സിനിമാതാരം മനോജ് കെ. ജയൻ ഫ്ലാഗ് ഓഫ് ചെയ്യും.
പരമ്പരാഗത ആചാരങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ പരിസ്ഥിതിസൗഹൃദമായും ഹരിതചട്ടങ്ങളിൽ അധിഷ്ഠിതവുമായാണ് എല്ലാ കലാപരിപാടികളും വിഭാവനം ചെയ്തിരിക്കുന്നതെന്ന് തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സണും അത്താഘോഷ കമ്മിറ്റി ചെയർമാനുമായ അഡ്വ. പി.എൽ. ബാബു, കമ്മിറ്റി ജനറൽ കൺവീനർ രാകേഷ് പൈ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഘോഷയാത്രയിൽ തനത് കലകളായ പുലികളി, ചെണ്ടമേളം, തെയ്യം തുടങ്ങി വിവിധ കലാരൂപങ്ങൾ അണിനിരക്കും.
ജനത്തിരക്ക് കണക്കിലെടുത്ത് വിപുലമായ സജ്ജീകരണങ്ങളും ഗതാഗതനിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പോലീസിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അത്താഘോഷത്തിനെത്തുന്ന കാണികൾക്ക് കുടിവെള്ളം, വാഹന പാർക്കിങ്, ടോയ്‌ലെറ്റ്, വൈദ്യസഹായം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. സുരക്ഷാക്രമീകരണങ്ങൾക്കും ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനുമായി 500 ഓളം പോലീസ്, െവാളന്റിയർമാർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വാഹനപാർക്കിങ് സൗകര്യം: തൃപ്പൂണിത്തുറ സംസ്കൃത കോളേജ് ഗ്രൗണ്ട്, സംസ്കൃത സ്കൂൾ ഗ്രൗണ്ട്, ഗവ. ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ട്, എൻ.എസ്.എസ്. കോളേജ് ഗ്രൗണ്ട്, കരിങ്ങാച്ചിറ ചർച്ച് ഗ്രൗണ്ട്, ശ്രീവെങ്കിടേശ്വര സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
ശൗചാലയം: പൂർണത്രയീശക്ഷേത്രത്തിന് സമീപം, വടക്കേക്കോട്ട മെട്രോ സ്റ്റേഷൻ, എസ്.എൻ. മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലായിട്ടാണ്.
വൈദ്യസഹായം: തൃപ്പൂണിത്തുറ നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ 5 മെഡിക്കൽ ആംബുലൻസ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അത്താഘോഷ കമ്മിറ്റി അറിയിച്ചു.
Content Highlights: Athachamayam 2026 marks the official beginning of Onam celebrations in Kerala., Grand inauguration by Chief Minister V.D. Satheesan at Government Boys Higher Secondary School ground., Eco-friendly celebrations adhering to green protocols with traditional art forms like Pulikali and Theyyam., Comprehensive arrangements including parking, medical aid, and security deployed by the police.
Published: 14 Aug 2026, 08:02 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented