തിരുവനന്തപുരം: കോവിഡ് കാലത്തെ പി.പി.ഇ കിറ്റി വാങ്ങിയതില്‍ സര്‍ക്കാരിന് അധിക ബാധ്യതയുണ്ടായെന്ന സിഎജി റിപ്പോര്‍ട്ടിനെ തള്ളി മുന്‍മന്ത്രി തോമസ്. പി.പി.ഇ കിറ്റ് വാങ്ങിയതില്‍ ഒരു അപാകതയും ഇല്ല. സി.എ.ജി എന്ത് ഡാറ്റയാണ് അടിസ്ഥാനപ്പെടുത്തിയതെന്ന് അദ്ദേഹം ചോദിച്ചു. കോവിഡ് കാലത്ത് സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയിട്ടുണ്ട്. പി.പി.ഇ കിറ്റ് വാങ്ങിയത് ഗുണമേന്മ നോക്കിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

To advertise here,

തനിക്ക് എമര്‍ജന്‍സി പര്‍ച്ചേസ് കമ്മിറ്റിയിലാണ് വിശ്വാസം, അതല്ലാതെ ബി.ജെ.പിയുടെ സി.എ.ജിയെ അല്ലെന്നും അദ്ദേഹം പ്രതികരിച്ചു. സി.എ.ജി  രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തിനെതിരായ കുരിശു യുദ്ധത്തിന്റെ ഭാഗമാണ്. കേരളത്തിലെ പ്രതിപക്ഷം അതിന് കൈമണിയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മിക്ക ഭരണഘട സ്ഥാപനങ്ങളേയും ബിജെപി രാഷ്ട്രീയവല്‍ക്കരിച്ചുവെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. 

വിപണിയില്‍ ലഭ്യമായതിനെക്കാള്‍ മൂന്നിരട്ടി വിലയ്ക്ക് കോവിഡ്കാലത്ത് പി.പി.ഇ. കിറ്റുകള്‍ വാങ്ങിയെന്നായിരുന്നു സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട്. 2020 മാര്‍ച്ചുമുതല്‍ മേയ് വരെ വിപണിവിലയെക്കാള്‍ 300 ശതമാനം അധികനിരക്കില്‍ പി.പി.ഇ. കിറ്റ് വാങ്ങിയതുവഴി സര്‍ക്കാരിന് 10.23 കോടിരൂപ അധികച്ചെലവുണ്ടായെന്ന് റിപ്പോര്‍ട്ട് പറയുന്നു. മഹാരാഷ്ട്രയിലെ സ്വകാര്യകമ്പനിയില്‍നിന്ന് മൂന്നിരട്ടിവിലയ്ക്ക് പി.പി.ഇ. കിറ്റ് വാങ്ങിയില്‍ അഴിമതിയാരോപിച്ച് നേരത്തേ പ്രതിപക്ഷം മുന്‍മന്ത്രി കെ.കെ. ശൈലജയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും എതിരേ രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച കേസ് ഇപ്പോള്‍ ലോകായുക്തയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന തരത്തില്‍ സി.എ.ജി റിപ്പോര്‍ട്ടും പുറത്തുവന്നത്. 

കേരളത്തില്‍ സിപിഎമ്മിന് വനിതാ ഏരിയ സെക്രട്ടറിമാരുണ്ടോ എന്ന കാന്തപുരത്തിന്റെ ചോദ്യത്തിനും തോമസ് ഐസക് പ്രതികരണമുന്നയിച്ചു. വനിതാ ഏരിയാ സെക്രട്ടറിമാര്‍ ഇല്ലാത്തതിന്റെ പോരായ്മ ഉണ്ടെന്ന് കരുതുന്നവരാണ് പാര്‍ട്ടി. ബോധപൂര്‍വ്വം അത് തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ വിശ്വസിക്കുന്നത് സ്ത്രീപുരുഷ സമത്വത്തിലാണ്.  സ്ത്രീക്ക് രണ്ടാം സ്ഥാനം കല്‍പ്പിച്ചു കൊടുക്കുന്നത് മതത്തില്‍ മാത്രമല്ല സര്‍വതലങ്ങളിലുമുണ്ട്. കേരളത്തില്‍ ഒരുകാലത്തും ഇല്ലാത്ത വിധം ബ്രാഞ്ച് സെക്രട്ടറിമാരായി വനിതകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ട്ടി സ്ഥാനങ്ങളിലും വനിതകള്‍ വരും.  കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ വിശ്വാസമാണ്. മുസ്ലിം മത രാഷ്ട്രം സ്ഥാപിക്കണമെന്ന് പറയാത്ത ആളാണ് അദ്ദേഹമെന്നും തോമസ് ഐസക് പറഞ്ഞു. 

നേരത്തെ മെക് സെവന്‍ വ്യായാമക്കൂട്ടായ്മയ്‌ക്കെതിരേ കാന്തപുരം നടത്തിയ പരാമര്‍ശത്തെ എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. വ്യായാമത്തിന്റെ പേരില്‍ അന്യപുരുഷുന്മാരും സ്ത്രീകളും ഇടകലര്‍ന്നിരിക്കുന്നു. സ്ത്രീകള്‍ അവരുടെ ശരീരം പോലും തുറന്ന് വ്യായാമത്തിലേര്‍പ്പെടുന്നു. ഇത് ഹറാമാണെന്ന ധാരണപോലും ഇല്ലാതാക്കി നാശങ്ങളും നഷ്ടങ്ങളും വരുത്തുന്നുവെന്നായിരുന്നു കാന്തപുരത്തിന്റെ പരാമര്‍ശം. ഇതിനേതിരെ എം.വി ഗോവിന്ദന്‍ രംഗത്തെത്തി. പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നായിരുന്നു എം.വി ഗോവിന്ദന്റെ വിമര്‍ശനം. അങ്ങനെ ശാഠ്യമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്ന് പറയുന്ന സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ ഏരിയ സെക്രട്ടറിമാരില്‍ ഒരാള്‍ പോലും സ്ത്രീകള്‍ അല്ലാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കാന്തപുരത്തിന്റെ ചോദ്യം.