തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ കത്ത് വിവാദത്തിനുപിന്നാലെ, ചെന്നൈ വ്യവസായി ബി. മുഹമ്മദ് ഷർഷാദിന്റെപേരിൽ മുൻമന്ത്രിയും കേന്ദ്രകമ്മിറ്റിയംഗവുമായ തോമസ് ഐസക് മാനനഷ്ടക്കേസിന് വക്കീൽനോട്ടീസയച്ചു.

To advertise here,

ലണ്ടനിലെ സിപിഎം അംഗം രാജേഷ് കൃഷ്ണയുടെ ബിനാമിയാണ് തോമസ് ഐസക്കെന്ന് ഷർഷാദ് ആരോപിച്ചത് അപകീർത്തിയുണ്ടാക്കിയെന്ന് നോട്ടീസിൽ പറയുന്നു. പരാമർശം ഒരാഴ്ചയ്ക്കുള്ളിൽ പിൻവലിച്ച് ഷർഷാദ് പരസ്യമായി മാപ്പുപറയണം. ഒരുകോടിരൂപ നഷ്ടപരിഹാരവും ചോദിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽനിന്ന്‌ പരാമർശം നീക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.

സിപിഎമ്മിലെ കത്ത് ചോര്‍ച്ചാ വിവാദത്തില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ ഐസക് നേരത്തേ പ്രതികരിച്ചിരുന്നു. വിവാദ വ്യവസായി രാജേഷ് കൃഷ്ണയുമായി ചേര്‍ത്തുവെച്ച് തനിക്കെതിരേ നടത്തിയ ആരോപണങ്ങള്‍ വ്യവസായി ഷെര്‍ഷാദ് പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടിയിലേക്ക് കടക്കുമെന്ന് ഐസക്ക് പറഞ്ഞു. പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. ഇതങ്ങനെ വെറുതേവിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും അന്ന് ഐസക് വ്യക്തമാക്കി. 

ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. വെറുതേവിടുന്ന പ്രശ്‌നമില്ല. രാജേഷ് കൃഷ്ണയെ അറിയുമോ എന്ന ചോദ്യത്തിന് 'അതെ' എന്ന് ഐസക് മറുപടി നല്‍കി. വീട് ജപ്തി ചെയ്യാനായെന്നു പറഞ്ഞ് ആരുവന്നാലും സഹായിക്കാറാണ് പതിവ്. ആര് സഹായമഭ്യര്‍ഥിച്ചു വന്നാലും സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

യു.കെ വ്യവസായിയും സിപിഎം അംഗവുമായ രാജേഷ് കൃഷ്ണയ്‌ക്കെതിരായി ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് പിബിയ്ക്ക് നല്‍കിയ കത്ത് പുറത്തുവന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. കത്തില്‍ പരാമര്‍ശിക്കുന്ന എംബി രാജേഷ്, തോമസ് ഐസക്ക്, പി. ശ്രീരാമകൃഷ്ണൻ എന്നിവരുടെ ബിനാമിയാണ് രാജേഷ് കൃഷ്ണയെന്ന് ആരോപിച്ചിരുന്നു.