തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തുടങ്ങിയ സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് സിപിഎം. തിരുവനന്തപുരം ജില്ലയിലെ സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ നഗരസഭാ കത്ത് വിവാദത്തില്‍ കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ ഡി.ആര്‍. അനിലിനെ രാജിവെപ്പിച്ച് സമരം ഒത്തുതീര്‍പ്പിലേക്ക് കൊണ്ടുവരികയായിരുന്നു. ജനവരി ആറിന് നഗരസഭ വളയലും ഏഴിന് നഗരസഭാ പരിധിയില്‍ ഹര്‍ത്താലും പ്രഖ്യാപിച്ച് ബിജെപി സമരം കടുപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോയതോടെയാണ് എങ്ങനെയും സമരം ഒത്തുതീര്‍ക്കാന്‍ സിപിഎം തുനിഞ്ഞത്.

To advertise here,

നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും സമരങ്ങള്‍ അവസാനിപ്പിക്കാനുള്ള ചര്‍ച്ച വിജയത്തിലെത്തിക്കണമെന്ന് മന്ത്രിതല സമിതിക്ക് സിപിഎം നിര്‍ദ്ദേശം നല്‍കിയിരുന്നു. മന്ത്രിമാരായ എം.ബി.രാജേഷ്, വി.ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഒന്നാംഘട്ട ചര്‍ച്ചയും രണ്ടാംഘട്ടചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. മൂന്നാം ഘട്ട ചര്‍ച്ചയും പരാജയപ്പെട്ടാല്‍ യുഡിഎഫും ബിജെപിയും സമരവുമായി മുന്നോട്ടുപോവുകയും അത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുകയും ചെയ്യുമെന്നുള്ള തിരിച്ചറിവിലാണ് ഡി.ആര്‍. അനിലിനെ രാജിവെപ്പിക്കാന്‍ സിപിഎം തയ്യാറായത്.

കത്തിന്റെ ഉറവിടം കണ്ടെത്താന്‍ നിക്ഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും നഗരസഭയിലെ നിയമനങ്ങള്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തുന്നത് സമയബന്ധിതമായി പരിശോധിക്കുമെന്നും മന്ത്രിമാര്‍ ആദ്യമേ ഉറപ്പുനല്‍കിയിരുന്നു. എങ്കിലും മേയറുടെ രാജി ആവശ്യത്തില്‍ സമവായത്തിലെത്താന്‍ കഴിയാത്തതാണ് ആദ്യചര്‍ച്ച പരാജയപ്പെടാന്‍ കാരണം. സമരം ഈ രീതിയില്‍ തുടര്‍ന്നാല്‍ നഗരസഭയും അതുവഴി സര്‍ക്കാരും കൂടുതല്‍ പ്രതിരോധത്തിലാകുമെന്ന സാഹചര്യം മുന്നില്‍ക്കണ്ടാണ് ചര്‍ച്ച സമവായത്തിലെത്തിക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയത്. വിഷയം ചര്‍ച്ചചെയ്യാന്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലും പ്രത്യേക യോഗം ചേര്‍ന്നിരുന്നു.

56 ദിവസം നീണ്ട സമരം തുടരുന്നത് ഭരണസമിതിക്കെതിരെ ജനവികാരം വളര്‍ത്തുമെന്ന് സിപിഎം തിരിച്ചറിഞ്ഞിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രന്റെ ലെറ്റര്‍പാഡില്‍ ആനാവൂര്‍ നാഗപ്പന് അയച്ച കത്താണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. പിന്നാലെ ഡി.ആര്‍. അനില്‍ അയച്ച കത്തും പുറത്തായി. ഇതിന് ശേഷം ഒരു കൗണ്‍സില്‍ യോഗവും സമാധാനപരമായി നടത്താന്‍ ഭരണസമിതിക്ക് സാധിച്ചില്ല. നാള്‍ക്കുനാള്‍ സമരം ശക്തിപ്പെട്ടതോടെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതമായി. 

ഡി. ആര്‍. അനില്‍ സിപിഎമിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയാണ്. അങ്ങനെയൊരാളെ സുപ്രധാന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ സാധിച്ചത് പ്രതിപക്ഷത്തിന് നേട്ടമായി. അതേസമയം, മേയര്‍ രാജിവെക്കേണ്ടിവരുമെന്ന നാണക്കേട് ഒഴിവാക്കേണ്ടിവന്നുവെന്ന ആശ്വാസം സിപിഎമ്മിനും കിട്ടി. മേയര്‍ തുടരുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ തീര്‍പ്പിന് വിധേയമാകട്ടെ എന്ന നിലപാട് പ്രതിപക്ഷം അംഗീകരിച്ചതോടെ ഡി.ആര്‍.അനിലിനെ മാത്രം കുരുതികൊടുത്ത് പ്രശ്നം സിപിഎം പരിഹരിച്ചു. 

അതേസമയം, സമരം അവസാനിപ്പിച്ചുവെന്നതിനാല്‍ പ്രശ്നം കെട്ടടങ്ങിയെന്ന് കരുതാനാകില്ല. വാര്‍ഡുകളില്‍ ഇപ്പോള്‍ പ്രതിപക്ഷത്തിന് അനുകൂലമായി വളര്‍ന്നുവന്ന വികാരം നിലനിര്‍ത്താന്‍ ബിജെപിയുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാകും. സമരം തുടരുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്ന് പ്രതിപക്ഷവും തിരിച്ചറിഞ്ഞിരുന്നു. നഗരസഭയ്ക്ക് മുന്നില്‍ നടന്ന പ്രത്യക്ഷ സമരത്തില്‍ നിന്ന് പ്രതിപക്ഷം പിന്‍വാങ്ങിയതോടെ മാര്‍ച്ചും ജലപീരങ്കിപ്രയോഗവും ഗ്രനേഡ് പ്രയോഗവുമൊക്കെയായി പൊതുജനത്തിനെ ബുദ്ധിമുട്ടിച്ചുള്ള സമരത്തിനാണ് അവസാനമാകുന്നത്.