
തിരുവനന്തപുരം: കോർപ്പറേഷനിലെ താത്‌കാലിക നിയമനത്തിന് സി.പി.എം. ജില്ലാ സെക്രട്ടറിയുടെ പട്ടിക തേടി കത്തയച്ച വിവാദം സ്ഥിരം സമിതി അധ്യക്ഷൻ ഡി.ആർ.അനിലിനെ പുറത്താക്കി തണുപ്പിച്ചു. മേയർ ആര്യാ രാജേന്ദ്രന്റെയും സ്ഥിരം സമിതി അധ്യക്ഷന്റെയും രാജി ആവശ്യപ്പെട്ട് ബി.ജെ.പി.യും യു.ഡി.എഫും കോർപ്പറേഷൻ ഓഫീസിൽ 56 ദിവസമായി നടത്തുന്ന സമരങ്ങളും അവസാനിപ്പിച്ചു.
മന്ത്രിമാരായ എം.ബി.രാജേഷ്, വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന കക്ഷിനേതാക്കളുടെ യോഗത്തിലാണ് ഒത്തുതീർപ്പുണ്ടായത്.
കത്തുവിവാദത്തിൽ പ്രധാനമായും ആരോപണം നേരിടുന്ന മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡി.ആർ.അനിലിനെ തത്‌സ്ഥാനത്തുനിന്നു മാറ്റാൻ തീരുമാനിച്ചതായി മന്ത്രി എം.ബി.രാജേഷ് അറിയിക്കുകയായിരുന്നു. ഇതേ വിഷയത്തിൽ മേയർക്കെതിരേ ഹൈക്കോടതിയിലും ഓംബുഡ്‌സ്മാനിലും കേസുകൾ നിലനിൽക്കുകയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ ചർച്ചയിൽ തീരുമാനിക്കാനാകില്ലെന്ന മന്ത്രിയുടെ നിർദേശവും പ്രതിപക്ഷം അംഗീകരിച്ചു.
കത്തിന്റെ ഉറവിടം കാണാമറയത്ത്ഡി.ആർ.അനിലിനെ വിട്ടുകൊടുത്തു; മേയറെ രക്ഷിച്ചെടുത്തു
തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിലെ സമരങ്ങൾ അവസാനിച്ചെങ്കിലും കത്തിന്റെ ഉറവിടം ഇപ്പോഴും കാണാമറയത്താണ്. കത്തിന്റെ ഉറവിടം തേടിയുള്ള ക്രൈംബ്രാഞ്ചിന്റെയും വിജിലൻസിന്റെയും അന്വേഷണങ്ങൾ നിലച്ച സ്ഥിതിയാണ്. കോർപ്പറേഷനിലെ കംപ്യൂട്ടറുകൾ പ്രാഥമിക സാങ്കേതിക പരിശോധനയ്ക്കു ശേഖരിച്ചിട്ടില്ല. കത്തുകൾ പുറത്തുവന്ന സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചും ഇതുവരെ അന്വേഷണം നടന്നിട്ടില്ല.
ആരോപണവിധേയരായ സി.പി.എം. നേതാക്കൾ പോലും കത്ത് വ്യാജമാണെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടില്ല. അതിനാൽത്തന്നെ ഡി.ആർ.അനിലിനെ ബലികൊടുത്ത് മേയറെ രക്ഷിച്ചെടുത്തുകൊണ്ടുള്ള ഇപ്പോഴത്തെ ഒത്തുതീർപ്പ് സി.പി.എമ്മിന് ആശ്വാസകരമാണ്. 56 ദിവസമായി തുടരുന്ന സമരം താൽക്കാലികമായി ഒത്തുതീർപ്പിലെത്തുന്നതിൽ ബി.ജെ.പി.ക്കും യു.ഡി.എഫിനും ശക്തമായ എതിർപ്പും ഉണ്ടായിരുന്നില്ല. കൗൺസിലർമാർ തുടർച്ചയായി കോർപ്പറേഷൻ സമരത്തിലേക്കു ശ്രദ്ധകേന്ദ്രീകരിക്കുന്നത് മറ്റു പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്്.
സി.പി.എം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയാണ് കത്തുകൾ പുറത്തുവരാൻ കാരണമെന്നാണ് ആരോപണം. യുവജന നേതാക്കളുടെ മോശം പെരുമാറ്റവും ലഹരിയുപയോഗവും അടക്കമുള്ള വിഷയങ്ങളിൽ പ്രതിസന്ധിയിലായ സി.പി.എം. ജില്ലാ നേതൃത്വത്തിന് കോർപ്പറേഷൻ വിഷയം താൽക്കാലികമായി ഒത്തുതീർക്കുക എന്നത് അത്യാവശ്യമായിരുന്നു. ഡി.ആർ.അനിലിനെതിരേ ജില്ലാ നേതൃത്വത്തിൽ ഒരു വിഭാഗവും ശക്തമായി രംഗത്തെത്തിയിരുന്നു.
കോർപ്പറേഷനിലെ തുടർച്ചയായ പല വിവാദങ്ങൾക്കും പിന്നിൽ അനിലാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കോർപ്പറേഷനിലെ പാർട്ടിയുടെ ഉന്നതസ്ഥാനമായ പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനത്ത് നിലനിർത്തിയതിലൂടെ അനിലിനെ പാർട്ടി കൈവിട്ടതല്ലെന്ന സന്ദേശവും സി.പി.എം. നൽകുന്നുണ്ട്.
മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ, ആരോഗ്യവിഭാഗത്തിലെ 295 നിയമനങ്ങൾക്കുള്ള പട്ടിക തേടി സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്താണ് ആദ്യം പുറത്തുവന്നത്. എസ്.എ.ടി. ആശുപത്രിയിലെ കാത്തിരിപ്പുകേന്ദ്രത്തിൽ ഒമ്പത് ജീവനക്കാരെ നിയമിക്കാനുള്ള പട്ടിക തേടിയുള്ള ഡി.ആർ.അനിലിന്റെ കത്തും തൊട്ടുപിന്നാലെ പുറത്തുവന്നു. മെഡിക്കൽ കോളേജ് ഭാഗത്ത് പാർട്ടി നേതാക്കളുടെ സമൂഹമാധ്യമ ഗ്രൂപ്പിലാണ് കത്ത് പ്രചരിച്ചത്. ഈ കത്തുകളുടെ പേരിൽ മേയറും സ്ഥിരംസമിതി അധ്യക്ഷനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി.യും യു.ഡി.എഫും 56 ദിവസമായി സമരം നടത്തിവന്നത്. കത്ത് താൻ എഴുതിയിട്ടില്ലെന്ന് മേയറും ഇങ്ങനെയൊരു കത്ത്് കിട്ടിയിട്ടില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പറഞ്ഞിരുന്നു. തന്റെ പേരിലുള്ള കത്ത് തയ്യാറാക്കിയതാണെന്ന് അനിൽ സമ്മതിച്ചു. ഇത് പാർട്ടി ജില്ലാ സെക്രട്ടറിക്കു കൈമാറിയിട്ടില്ലെന്നായിരുന്നു പറഞ്ഞത്.
കത്ത് സംബന്ധിച്ച് ഹൈക്കോടതിയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്‌മാനിലും കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസുകൾ ചൂണ്ടിക്കാട്ടിയാണ് ചർച്ചയിൽ മേയറുടെ രാജി ആവശ്യത്തിൽനിന്ന് സർക്കാർ ഒഴിഞ്ഞുമാറിയത്.
കേസുകളിലുണ്ടാകുന്ന കോടതി പരാമർശങ്ങളിലും വിധിയിലുമാണ് ഇനി കോർപ്പറേഷൻ ഭരണസമതിയും പാർട്ടിയും ഉറ്റുനോക്കുന്നത്. ഇവിടെനിന്ന് എതിർ പരാമർശങ്ങളുണ്ടായാൽ വീണ്ടും മേയറുടെ രാജിയാവശ്യം ഉയരും. എന്നാൽ, കത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്കു കഴിഞ്ഞാലേ കേസിൽ തുടർ നടപടികളുണ്ടാവുകയുള്ളൂ.
പ്രശ്നങ്ങളുണ്ടെന്ന് സമ്മതിച്ച് മന്ത്രിമാർ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ പ്രശ്നങ്ങളുണ്ടെന്ന് സമ്മതിച്ച് മന്ത്രിമാർ. കോർപ്പറേഷനിലെ താത്‌കാലിക നിയമനത്തിന് സി.പി.എം. ജില്ലാസെക്രട്ടറിയുടെ പട്ടികതേടി കത്തയച്ച വിവാദവുമായി ബന്ധപ്പെട്ട സമരം അവസാനിപ്പിക്കാൻ മന്ത്രിമാരായ എം.ബി. രാജേഷ്, വി. ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന കക്ഷിനേതാക്കളുടെ യോഗത്തിലാണ് മന്ത്രിമാർ ഇക്കാര്യം സമ്മതിച്ചത്.
മേയർ വിവാദവിഷയങ്ങളിൽ ധാർഷ്ട്യത്തോടെയാണ് പെരുമാറുന്നതെന്നും ഇതാണ് പ്രകോപനത്തിനു വഴിതെളിയിക്കുന്നതെന്നും ബി.ജെ.പി., യു.ഡി.എഫ്. പ്രതിനിധികൾ ചർച്ചയിൽ ചൂണ്ടിക്കാട്ടി. വികസനപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ മേയറുമായി സഹകരിക്കണമെന്നും മന്ത്രിമാർ പ്രതിപക്ഷനേതാക്കളോട് ആവശ്യപ്പെട്ടു.
കോർപ്പറേഷനിലെ മറ്റു വിഷയങ്ങൾ സ്കൂൾ കലോത്സവത്തിനുശേഷം പരിശോധിക്കാമെന്ന് മന്ത്രി വി. ശിവൻകുട്ടിയും പറഞ്ഞു. ചർച്ചയിൽ ഉറപ്പുനൽകിയ കാര്യങ്ങൾ സർക്കാർ പ്രാവർത്തികമാക്കുമെന്ന വിശ്വാസത്തിൽ കോർപ്പറേഷൻ ഓഫീസിനു മുന്നിലെ സമരം അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷകക്ഷികളും വ്യക്തമാക്കി. തുടർന്ന് ആഹ്ലാദപ്രകടനം നടത്തി ബി.ജെ.പി.യും യു.ഡി.എഫും കോർപ്പറേഷനുമുന്നിലെ സമരങ്ങൾ അവസാനിപ്പിച്ചു.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനുമുമ്പും മന്ത്രിമാരുടെ നേതൃത്വത്തിൽ കക്ഷിനേതാക്കളുടെ ചർച്ചവിളിച്ചിരുന്നു. അന്നും മേയറുടെ രാജി ആവശ്യത്തിൽനിന്നു പിന്മാറാൻ പ്രതിപക്ഷകക്ഷികൾ തയ്യാറായില്ല. നവംബർ ആദ്യമാണ് കോർപ്പറേഷനിലെ താത്‌കാലികനിയമനങ്ങൾക്കുള്ള ആളുകളുടെ പട്ടിക നൽകണമെന്നാവശ്യപ്പെട്ട് മേയർ ആര്യാരാജേന്ദ്രന്റെയും സ്ഥിരംസമിതി അധ്യക്ഷൻ ഡി.ആർ. അനിലിന്റെയും പേരിലുള്ള രണ്ടുകത്തുകൾ പുറത്തുവന്നത്.
സി.പി.എം. ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. ജയൻബാബു, സി.പി.ഐ. കൗൺസിലർ രാഖി രവികുമാർ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, കൗൺസിലർമാരായ എം.ആർ. ഗോപൻ, തിരുമല അനിൽ, ചെമ്പഴന്തി ഉദയൻ, കരമന അജിത്, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, ആർ.എസ്.പി. നേതാവ് പി. ശ്യാംകുമാർ, കൗൺസിലർമാരായ പി. പദ്മകുമാർ, ജോൺസൺ ജോസഫ് എന്നിവർ മന്ത്രിമാരുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
Content Highlights: Letter row DR Anil sacrificed mayor stays Open to call off agitation
Published: 31 Dec 2022, 07:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented