തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ മേയറെ തിരഞ്ഞെടുക്കാൻ ബിജെപിയിൽ നടന്നത് വമ്പൻ ട്വിസ്റ്റുകൾ. മുൻ ഡിജിപി ആർ.ശ്രീലേഖയ്ക്കായിരുന്നു അവസാന നിമിഷംവരെ സാധ്യത കല്പിച്ചിരുന്നതെങ്കിലും ആർഎസ്എസിന്റെ ശക്തമായ ഇടപെടലാണ് മേയർ സ്ഥാനം വി.വി.രാജേഷിലേക്കെത്തിച്ചത്. തുടക്കം മുതൽ ആർഎസ്എസിന്റെ പിന്തുണ രാജേഷിനായിരുന്നു. അതേസമയം ബിജെപിയിലെ പ്രബല വിഭാഗത്തിന് ശ്രീലേഖയോടായിരുന്നു താത്‌പര്യം.

To advertise here,

സംസ്ഥാനത്ത് ആദ്യമായി ഭരണംകിട്ടുന്ന നഗരത്തിൽ മേയർ സ്ഥാനത്തേക്ക് രാഷ്ട്രീയമായി പ്രവർത്തിച്ച് പരിചയമുള്ള ആളെ നിയോഗിക്കണമെന്നായിരുന്നു ആർഎസ്എസിന്റെ നിർദേശം. സംസ്ഥാന സർക്കാരുമായി സഹകരിച്ചും പ്രതിപക്ഷത്തെക്കൂടി ഒരുമിപ്പിച്ചും കൊണ്ടുപോകാൻ സാധിക്കുന്ന ആളെവേണം എന്നതായിരുന്നു ഇവരുടെ ആവശ്യം. ഇതിനു തഴക്കംവന്ന രാഷ്ട്രീയപ്രവർത്തകനായിരിക്കും നന്നാവുകയെന്നാണ് ആർഎസ്എസിന്റെ വിലയിരുത്തൽ. അതേസമയം ശ്രീലേഖയോട് എതിർപ്പുമുണ്ടായിരുന്നതുമില്ല. എന്നാൽ ബിജെപിയിലെ ശക്തരായ വിഭാഗത്തിന് രാജേഷിനോട് താത്പര്യമുണ്ടായിരുന്നില്ല. തുടക്കം മുതൽ രാജേഷിനെ മാറ്റിനിർത്താൻ ഇവർ ശ്രമിച്ചിരുന്നു. കഴിഞ്ഞ തവണ കൗൺസിലിൽ ശക്തമായ പ്രതിപക്ഷമായി ബിജെപിയെ നയിച്ചത് രാജേഷായിരുന്നു. ഭരണം ലഭിക്കുമ്പോൾ മുന്നിൽ നിന്നവരെ മാറ്റിനിർത്തുന്നത് പ്രവർത്തകർക്ക് തെറ്റായ സന്ദേശം നൽകുമെന്നും ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി.

രണ്ടു ദിവസം മുൻപാണ് കൗൺസിലർമാരിൽനിന്ന് മേയറെ സംബന്ധിച്ച് ബിജെപി നേതൃത്വം അഭിപ്രായം തേടിയത്. മേയർ ആരാകണമെന്നതിനൊപ്പം ആരായാലും അംഗീകരിക്കുമോ എന്നും കൗൺസിലർമാരോടു ചോദിച്ചിരുന്നു. മേയർ സ്ഥാനത്തേക്ക് രണ്ടു പേരടങ്ങിയ പട്ടികയാണ് ബിജെപി നേതൃത്വം തയ്യാറാക്കിയത്. ഇതുമായാണ് സംസ്ഥാന അധ്യക്ഷൻ കേന്ദ്രനേതാക്കളെ കാണാൻ പോയത്.

വ്യാഴാഴ്ച രാവിലെയോടെ മേയർ സ്ഥാനാർഥിയായി ശ്രീലേഖയെ പ്രഖ്യാപിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറെടുത്തിരുന്നു. മാധ്യമങ്ങളിലെല്ലാം ശ്രീലേഖയുടെ പേരു വരികയും ചെയ്തു. എന്നാൽ രാജേഷിനുവേണ്ടി വീണ്ടും അതിശക്തമായ ഇടപെടലുകൾ ആർഎസ്എസ് നടത്തി. ഇതോടെയാണ് തീരുമാനം മാറിയത്. വി.മുരളീധരൻ, കെ.സുരേന്ദ്രൻ എന്നീ നേതാക്കളും രാജേഷിന് അനുകൂലമായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നടന്ന ബിജെപി കൗൺസിലർമാരുടേയും നേതാക്കളുടേയും യോഗത്തിലാണ് വി.വി.രാജേഷിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പേര് മാറിയതോടെ ബിജെപി നേതാക്കൾ ശ്രീലേഖയെ വീട്ടിലെത്തി കണ്ട് അനുനയിപ്പിച്ചതായും സൂചനയുണ്ട്. ബിജെപിയുടെ മേയർ സ്ഥാനാർഥിയെ തീരുമാനിച്ചത് കേന്ദ്രനേതൃത്വമാണെന്നാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറയുന്നത്.

രാജേഷും ആശാനാഥും ശ്രീലേഖയെ സന്ദർശിച്ചു

മേയർ, ഡെപ്യൂട്ടി മേയർ പദവികൾ ഏറ്റെടുത്തശേഷം വി.വി.രാജേഷും ജി.എസ്.ആശാനാഥും മേയർ പദവി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആർ.ശ്രീലേഖയെ സന്ദർശിച്ചു. ഇരുവരും മാരാർ ഭവനിൽ നടന്ന പാർട്ടിയുടെ സ്വീകരണച്ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് വഴുതയ്ക്കാടുള്ള ശ്രീലേഖയുടെ വസതിയിലെത്തിയത്. പ്രധാന നേതാക്കളെ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ശ്രീലേഖയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് രാജേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവസാന നിമിഷം മേയർ പദവി നഷ്ടപ്പെട്ടതിലുള്ള അതൃപ്തി പ്രകടിപ്പിച്ച ശ്രീലേഖയെ അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് ഈ സന്ദർശനം.