
തിരുവനന്തപുരം: തലസ്ഥാനത്ത് ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിൽ കേരള പോലീസിന് വീഴ്ച പറ്റിയെന്നും, കേസ് രജിസ്റ്റർ ചെയ്യുന്നതിലും പ്രതികളെ പിടികൂടുന്നതിലും ഗുരുതരമായ അനാസ്ഥ ഉണ്ടായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എട്ട് മണിക്കൂർ നീണ്ടുനിന്ന റെയ്ഡിനിടെ ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റി. കേന്ദ്ര ഏജൻസികൾക്ക് നേരെ അക്രമം നടത്തിയത് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, സി.പി.എം പ്രവർത്തകരാണ്.
ആക്രമണത്തിന് ശേഷം പ്രതികൾ നേരെ പോയത് പാളയത്തെ പാർട്ടി ഓഫീസിലേക്കാണ്. മണിക്കൂറുകളോളം പ്രതികൾ അവിടെ ഉണ്ടായിരുന്നിട്ടും പോലീസിന് അവരെ കസ്റ്റഡിയിലെടുക്കാൻ സാധിച്ചില്ലെന്നും, പിന്നീട് പ്രതികൾ സ്വമേധയാ പുറത്തുവന്നപ്പോഴാണ് നടപടിയുണ്ടായതെന്നും റിപ്പോർട്ട് പറയുന്നു. നിലവിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും രണ്ട് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അറസ്റ്റിലായവരേക്കാൾ അധികം പ്രതികളുണ്ടെന്നും ഇവരെ ഇനിയും പിടികൂടിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ആക്രമണ സമയത്ത് വി. ശിവൻകുട്ടി, ബി. ജോയി, ഡി.കെ. മുരളി തുടങ്ങിയ പ്രമുഖ നേതാക്കൾ സ്ഥലത്തുണ്ടായിട്ടും, പോലീസിന്റെ എഫ്.ഐ.ആറിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല. 300-ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും പലരുടെയും പേരുകൾ ഒഴിവാക്കിയതായാണ് ആക്ഷേപം
അന്വേഷണ ഉദ്യോഗസ്ഥർ എത്തുന്ന വിവരം ആഭ്യന്തര വകുപ്പിനെയോ സെക്രട്ടറിയെയോ അറിയിച്ചിരുന്നില്ലെന്നാണ് സർക്കാർ പക്ഷം. സി.ആർ.പി.എഫ് ക്യാമ്പ് അടുത്തായിരുന്നിട്ടും ഇ.ഡി ഉദ്യോഗസ്ഥർ കൂടുതൽ സുരക്ഷ ആവശ്യപ്പെട്ടില്ലെന്നും സർക്കാർ വാദിക്കുന്നു. പിണറായി വിജയനെ ഇഷ്ടപ്പെടുന്ന ആരാധകർ നിയന്ത്രണം വിട്ട് വൈകാരികമായി പ്രതികരിച്ചതാണെന്ന് അക്രമത്തെ ന്യായീകരിച്ച് സി.പി.എം നേതാവ് ബി. ജോയി പ്രതികരിച്ചു. എന്നാൽ, വനിതാ ഉദ്യോഗസ്ഥർക്ക് നേരെ ഉൾപ്പെടെ നടന്ന ഈ അക്രമം ദേശീയ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും കേരളത്തിന് നാണക്കേടുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ ഗുണ്ടകൾ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നു എന്ന തരത്തിലാണ് ദേശീയ തലത്തിൽ ഈ വാർത്ത പ്രചരിക്കുന്നത്.
Published: 28 May 2026, 07:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented