
തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനെ മറികടന്ന് ഇഷ്ടക്കാർക്ക് പിൻവാതിൽ നിയമനം നൽകാൻ വിവിധ സർക്കാർ ഏജൻസികൾ ചെലവിട്ടത് ലക്ഷങ്ങൾ. വിജ്ഞാപനം ക്ഷണിക്കൽ, പരീക്ഷ, അഭിമുഖം എന്നിവയ്ക്കായി സർക്കാർസ്ഥാപനങ്ങൾ ഏകദേശം 20 ലക്ഷം രൂപയോളം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന് (സി.എം.ഡി.) പ്രതിഫലം നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഒരു ചെലവുമില്ലാതെ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ സേവനം ലഭ്യമാകുമെന്നിരിക്കെയാണ് സർക്കാർ ഖജനാവിൽനിന്നും ഈ ധൂർത്ത്. കരാർ നിയമനങ്ങളിലെ ക്രമക്കേടിന് സർക്കാർ അന്വേഷണം നേരിടുന്ന ഒരു സ്ഥാപനംമാത്രം ഈ വകയിൽ 8.60 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്.
2020-നുശേഷം കെ.ഡിസ്‌ക്, കിഫ്ബി, കെ.എസ്.ഐ.ഡി.സി., ഡിജിറ്റൽ സർവകലാശാല, കൺസ്ട്രക്ഷൻ കോർപ്പറേഷൻ, കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് അഞ്ഞൂറിലധികം നിയമനങ്ങൾ സമാന്തരമായി നടന്നിട്ടുണ്ട്. ഈ സ്ഥാപനങ്ങളിൽനിന്നെല്ലാം പരീക്ഷ നടത്തിപ്പിന് പ്രതിഫലം വാങ്ങിയിട്ടുണ്ടെങ്കിലും വാണിജ്യരഹസ്യമായതിനാൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നാണ് സി.എം.ഡി.യുടെ നിലപാട്. വിവരാവകാശ നിയമത്തിൽ വാണിജ്യരഹസ്യങ്ങൾ സൂക്ഷിക്കുന്നതിനുള്ള നിർവചനമാണ് ഇതിന് മറയാക്കുന്നത്. എന്നാൽ, രണ്ട് സർക്കാർ സ്ഥാപനങ്ങൾ നിയമനത്തിനായി നടത്തിയ സാമ്പത്തിക ഇടപാടുകൾ ഇതിന്റെ പരിധിയിൽ വരില്ലെന്ന് നിയമവിദഗ്ധർ പറയുന്നു. നിയമനത്തിനുവേണ്ടി ചുമതലപ്പെടുത്തിയ എല്ലാ സ്ഥാപനങ്ങളുടെയും പേരുകൾ സി.എം.ഡി. വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിട്ടുമില്ല.
എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് സംവിധാനം നിലനിൽക്കെ നിയമനത്തിന് പണം മുടക്കുന്നത് നിയമവിരുദ്ധമാണ്. കൺസൾട്ടൻസി സ്ഥാപനമായ സി.എം.ഡി.യെ മറയാക്കി സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനങ്ങൾ അരങ്ങേറുന്നുണ്ട്. ഇഷ്ടമുള്ളവരെ നിയമിക്കാൻ പാകത്തിൽ വിജ്ഞാപനം തയ്യാറാക്കി സി.എം.ഡി.ക്ക് കൈമാറും. എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. നിയമനം നടക്കുന്ന സ്ഥാപന പ്രതിനിധിയും അഭിമുഖപാനലിൽ ഉണ്ടാകും. നേരത്തേ നിശ്ചയിച്ചിട്ടുള്ളവർക്ക് നിയമനം നൽകുകയും ചെയ്യും.
പരീക്ഷാനടത്തിപ്പ് ഉൾപ്പെടെയുള്ള ജോലികൾ മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും നിയമനം നൽകുന്നത് അതത് സ്ഥാപനങ്ങളാണെന്നുമാണ് സി.എം.ഡി.യുടെ വാദം. ഒരു സ്ഥാപനത്തിനും ഇത്തരമൊരു നിയമനാധികാരമില്ലെന്ന് പി.എസ്.സി., എംപ്ലോയ്‌മെന്റ് അധികൃതർ പറയുന്നു. എന്നാൽ, സി.എം.ഡി.യുടെ മറയാണ് പിൻവാതിൽ നിയമനം നടത്തുന്ന സ്ഥാപനങ്ങൾക്ക് സഹായകരമാകുന്നത്.
Content Highlights: thiruvananthapuram center for management development employment exchange backdoor appointment
Published: 21 Dec 2022, 07:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented