തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ വിവിധ കോർപറേഷനുകളിലും ബോർഡുകളിലും സർക്കാർ- അർധ സർക്കാർ സ്ഥാപനങ്ങളിലും പിൻവാതിൽ വഴി നിയമനം നേടിയവരെ സ്ഥിരപ്പെടുത്താൻ സർക്കാർ തിരക്കിട്ട നീക്കങ്ങൾ നടത്തുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. പി.എസ്.സിയെ നോക്കുകുത്തിയാക്കി പാർട്ടി ബന്ധുക്കൾക്കായി നടത്തുന്ന ഈ നീക്കങ്ങൾ കേരളത്തിലെ യോഗ്യരായ യുവജനങ്ങളെ വെല്ലുവിളിക്കുന്നതും ജനവഞ്ചനയുമാണെന്ന് ചെന്നിത്തല പറഞ്ഞു.
പത്തു വർഷത്തെ ഭരണത്തിനിടെ ഭരണഘടനാവിരുദ്ധമായി രണ്ടു ലക്ഷത്തിലേറെ പിൻവാതിൽ നിയമനങ്ങളാണ് പിണറായി സർക്കാർ നടത്തിയതെന്നും ഇത് നാഷണൽ എംപ്‌ളോയ്‌മെന്റ് സർവീസിന്റെ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈദ്യുത മന്ത്രാലയത്തിന് കീഴിലുള്ള അനർട്ടിലെ നിയമനങ്ങളിൽ ഗുരുതരമായ ചട്ടലംഘനങ്ങളാണ് നടക്കുന്നതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണത്തിൽ പുറത്താക്കപ്പെട്ട മുൻ സി.ഇ.ഒയുടെ ശുപാർശ പരിഗണിച്ച് താൽക്കാലിക ജീവനക്കാരെ പദ്ധതി അവസാനിക്കുന്നത് വരെ നിലനിർത്താൻ സർക്കാർ ഉത്തരവിറക്കിയത് ഇതിന് തെളിവാണ്. അനർട്ടിലെ നിയമനങ്ങളിൽ സ്റ്റാറ്റസ് കോ നിലനിർത്തണമെന്ന 2021-ലെ ഹൈക്കോടതി വിധി ലംഘിച്ചുകൊണ്ടാണ് നിലവിലെ കരാർ ജീവനക്കാർക്ക് വൻ ശമ്പളവർധനയോടെ കരാർ പുതുക്കി നൽകിയത്.
എംപ്‌ളോയ്‌മെന്റ് ഡയറക്ടറുടെ കത്തുകൾ അവഗണിച്ചും എംപ്‌ളോയ്‌മെന്റ് വഴി ആളെ എടുക്കണമെന്ന നിയമം ലംഘിച്ചും സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വഴി പുതിയ കരാർ ജീവനക്കാരെ എടുക്കാൻ പത്രപരസ്യം നൽകിയത് ചട്ടവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഓരോ വർഷവും ഉണ്ടാകുന്ന ശരാശരി 33000 താൽക്കാലിക ഒഴിവുകളിൽ മൂന്നിലൊന്നിൽ മാത്രമാണ് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടക്കുന്നത്. ബാക്കി വരുന്ന ഏകദേശം 22000 ഒഴിവുകൾ എല്ലാ വർഷവും സിപിഎം- ഡിവൈഎഫ്‌ഐ നേതാക്കളുടെ ബന്ധുക്കൾക്കായി വീതം വെച്ചു കൊടുക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
പി.എസ്.സി നിയമനം തുടങ്ങാത്ത എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകളിൽ എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് വഴി മാത്രമേ നിയമനം നടത്താവൂ എന്ന ചട്ടം നിലനിൽക്കെയാണ് സ്വന്തക്കാരെ തിരുകിക്കയറ്റാൻ സർക്കാർ ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തുന്നത്. സർക്കാരിന്റെ കാലാവധി കഴിയുന്നതിന് മുൻപ് ഇത്തരക്കാരെ പരമാവധി സ്ഥിരപ്പെടുത്താനുള്ള നീക്കം കേരളത്തിലെ യോഗ്യരായ യുവജനങ്ങളുടെ അവസരം നഷ്ടപ്പെടുത്തുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
Content Highlights: Congress alleges Kerala govt making backdoor appointments in corporations & boards, bypassing PSC & favoring party loyalists.
Published: 25 Jan 2026, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented