തിരുവല്ലം: ബൈപ്പാസ് റോഡിൽ പാച്ചല്ലൂർ ചുടുകാട് മുടിപ്പുര ദേവീക്ഷേത്രത്തിനടുത്തുള്ള യു ടേണിലെ അപകടങ്ങളൊഴിയുന്നില്ല. തിരുവല്ലത്തെ രണ്ടാമത്തെ ടോൾ പ്ലാസ കഴിഞ്ഞുള്ള യു ടേണാണ് അപകടമേഖലയായി മാറിയത്. ഈ യു ടേണിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11.30 ഓടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ബുധനാഴ്ച രാവിലെ മരിച്ചു.

To advertise here,

ബൈക്ക് യു ടേണിൽ തിരിയവേ കോവളം ഭാഗത്തുനിന്നെത്തിയ കാറിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യാത്രികന്റെ വലതുകാൽ ഒടിഞ്ഞു. തമ്പാനൂർ രാജാജി നഗറിൽ ഫ്ളാറ്റ് നമ്പർ 659-ൽ പരേതനായ മണികണ്ഠന്റെയും മിനിയുടെയും മകൻ രാഹുൽ (28) ആണ് മരിച്ചത്. രാഹുലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പാച്ചല്ലൂർ സ്വദേശി രഞ്ജിത്തിനാ(32)ണ് പരിക്കേറ്റത്.

പനത്തുറ ഭാഗത്ത സർവീസ് റോഡിൽനിന്നു വരുകയായിരുന്ന ബൈക്ക് യു ടേണിൽ തിരിഞ്ഞ് ദേശീയപാതയിലേക്കു കടക്കവേയാണ് കോവളം ഭാഗത്തുനിന്നുവന്ന കാർ ഇടിച്ചുതെറിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. തിരുവല്ലം പോലീസും ഫൊറൻസിക് ഉദ്യോഗസ്ഥരുമെത്തി സ്ഥലത്തുനിന്ന് തെളിവുകൾ സ്വീകരിച്ചു. തിരുവല്ലം പോലീസ് കേസെടുത്തു. ജി.എസ്. വൃന്ദയാണ് രാഹുലിന്റെ ഭാര്യ. ഒരുവയസ്സായ മകനുമുണ്ട്.

യു ടേണിൽ അപകടത്തിൽ മരിച്ചത് 15 പേർ

ചുടുകാടു ക്ഷേത്രത്തിനു സമീപത്തെ യു ടേണിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വിവിധ അപകടത്തിൽപ്പെട്ട് കാൽനടക്കാരായ സ്ത്രീകളടക്കം 15 പേർക്കാണ് ജീവൻ നഷ്ടമായത്. പരിക്കേറ്റ് ശരീരത്തിന്റെ ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടത് നിരവധിപ്പേർക്കാണ്. ഇരുട്ടേറിയ യു ടേൺ വഴി കടന്നുപോകുന്നതിനിടയിൽ ഇരുവശത്തുകൂടി കടന്നുപോകുന്ന വാഹനങ്ങൾ ഇടിച്ചാണ് ഇവിടെ അപകടങ്ങളുണ്ടാകുന്നത്. ഒരുമാസം മുൻപ് പനത്തുറഭാഗത്തുനിന്നെത്തി യു ടേൺ മുറിച്ച് കടന്ന് അടുത്ത രണ്ടുവരിപ്പാതയിലേക്ക് കടക്കാൻ ശ്രമിക്കവേ കാറിടിച്ച് വയോധികരായ ദമ്പതിമാർക്ക് ഗുരുതര പരിക്കേറ്റിരുന്നു.

പാച്ചല്ലൂർ ചുടുകാട് മുടിപ്പുരഭാഗത്തെ യു ടേണിനെ ബ്ലാക്ക് സ്പോട്ടായിട്ടാണ് ദേശീയപാത അധികൃതർ കണക്കാക്കിയിട്ടുള്ളത്. എന്നാൽ, ഈ മാനദണ്ഡമനുസരിച്ചുള്ള നടപടികളൊന്നും ദേശീയപാത അധികൃതർ നടപ്പിലാക്കിയിട്ടില്ല. ആകെയുള്ളത് സർവീസ് റോഡിനെയും നാലുവരിപ്പാതയെയും സൂചിപ്പിക്കുന്ന ദിശാ ബോർഡ് മാത്രമേയുള്ളു. ഇരുട്ടേറിയ ഇവിടെ റോഡിന്റെ ഇരുവശങ്ങളും വാഹനയാത്രക്കാർക്ക് കാണുന്നതിന് ഉയരവിളക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തിരുവല്ലം പോലീസ് നിരവധിതവണ ദേശീയപാത അതോറിറ്റിയുടെ തിരുവനന്തപുരം പ്രോജക്ട് ഡയറക്ടർക്ക് കത്തുനൽകിയിരുന്നു. ദേശീയപാത അതോറിറ്റി ചെയർമാൻ അടുത്തിടെ കഴക്കൂട്ടം-കാരോട് റൂട്ടിലെ റോഡുകളുടെയും പാലങ്ങളുടെയും സുരക്ഷാ പരിശോധനയ്ക്കെത്തിയിരുന്ന വേളയിലാണ് അപകടമേഖലയായ ചുടുകാട് മുടിപ്പുരഭാഗത്തെ യു ടേണുള്ള ഭാഗത്തെ ബ്ലാക്ക് സ്പോട്ടായി കണക്കാക്കാൻ പ്രോജക്ട് ഡയറക്ടർക്ക് നിർദേശം നൽകിയത്.