പാലക്കാട്: ഉള്‍ക്കാട്ടില്‍, മാസം തികയാതെ പ്രസവിച്ച ആദിവാസി യുവതി സുജാതയുടെ കുഞ്ഞ് മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍വെച്ച് ശനിയാഴ്ചയാണ് മരിച്ചത്. 25 ആഴ്ചയായിരുന്നു കുഞ്ഞിന്റെ വളര്‍ച്ച. മംഗലം ഡാം തളികക്കല്ല് ആദിവാസി ഊര് നിവാസിയാണ് സുജാത.
ഊരില്‍ വെള്ളമില്ലാതിരുന്നതിനാല്‍, വേദന അനുഭവപ്പെട്ടതിതിന് പിന്നാലെ സുജാത കുടുംബത്തോടൊപ്പം ഉള്‍ക്കാട്ടിലേക്ക് പോയിരുന്നു. ഇവിടെവെച്ച് പ്രസവിച്ചു. തുടര്‍ന്ന് വെള്ളം വറ്റിയ തോട്ടിലെ മണലില്‍ ഷീറ്റുവിരിച്ച് കുഞ്ഞിനെ കിടത്തുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു കുഞ്ഞ് ജനിച്ചത്.
തളികക്കല്ല് ഊരില്‍നിന്ന് നാലുകിലോമീറ്റര്‍ ഉള്ളിലെ കാട്ടിലായിരുന്നു പ്രസവം. തുടര്‍ന്ന് രാത്രി മുഴുവന്‍ ഭര്‍ത്താവ് കണ്ണന്, അമ്മ കമലം, കണ്ണന്റെ സഹോദരി തത്ത, കോളനി നിവാസികളായ ശ്രീധരന്, സുമിത്ര, വിനോദ് തുടങ്ങിയവര്‍ സുജാതയ്ക്ക് കാവലിരുന്നു. വിവരമറിഞ്ഞ് വെള്ളിയാഴ്ച രാവിലെ കാട്ടിലേക്ക് പുറപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ ഉച്ചയോടെ സ്ഥലത്തെത്തി കുഞ്ഞിനെയെടുത്ത് അമ്മയെയും കൂട്ടി കാടിറങ്ങി. ജീപ്പില്‍ ഉടന്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു.
ഗൈനക്കോളജിസ്റ്റ് ഡോ. എ. ജിഷ കുഞ്ഞിനെ പരിശോധിച്ചു. 680 ഗ്രാം മാത്രമായിരുന്നു അപ്പോള്‍ കുഞ്ഞിന്റെ തൂക്കം. തൂക്കം കുറവായതിനാലും മാസം തികയാതെ പ്രസവിച്ചതിനാലും അടിയന്തരചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ നവജാതശിശു തീവ്രപരിചരണവിഭാഗത്തിലേക്ക് (ന്യൂ ബോണ്‍ ഐ.സി.യു.) മാറ്റിയിരുന്നു. ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലോ പാലക്കാട് ജില്ലാ ആശുപത്രിയിലോ ന്യൂ ബോണ്‍ ഐ.സി.യു. ഇല്ല. അമ്മയ്ക്ക് രക്തക്കുറവും പനിയുമുണ്ടായിരുന്നതായും ഡോ. ജിഷ പറഞ്ഞു.
വേദനയെത്തുടര്‍ന്ന് സുജാതയെ ഈ മാസം 17-ന് ആരോഗ്യപ്രവര്‍ത്തകര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പരിചിതമല്ലാത്തതിനാലും ആരും സഹായത്തിന് ഇല്ലാതിരുന്നതിനാലും 18-ന് തിരിച്ചുപോരുകയായിരുന്നെന്ന് കണ്ണന് പറഞ്ഞു. ഊരില്‍ തിരിച്ചെത്തിയ വിവരം പ്രൊമോട്ടറെ വിളിച്ചറിയിക്കുകയും ചെയ്തു. സുജാതയുടെ കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും കുഴപ്പമൊന്നുമില്ലെന്നാണ് മറുപടി ലഭിച്ചതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. 22-ന് ആശാ വര്‍ക്കര്‍ കോളനിയില്‍ വാക്സിന് നല്‍കാനെത്തിയപ്പോഴാണ് സുജാതയും കുടുംബവും കാട്ടിലേക്ക് പോയ വിവരമറിയുന്നത്.
Content Highlights: the baby of a tribal woman who gave birth in the forest has died
Published: 25 Feb 2023, 11:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented