എടപ്പാൾ: കുറ്റിപ്പുറത്തുനിന്ന് രൂപംമാറിയെത്തിയ തവനൂരിനെ ചെമ്പട്ടണിയിച്ചത് കെ.ടി. ജലീലാണ്. 2011-ൽ രൂപവത്കരിച്ചതുമുതൽ ജലീലിന്‍റെ പരിചയസമ്പത്തും ജനങ്ങളുമായുള്ള ബന്ധവും തവനൂരിനെ ഇടതുകോട്ടയായിത്തന്നെ നിർത്തുന്നു. എന്നാൽ, ആ കോട്ടയിലേക്കൊരു ‘സർജിക്കൽ സ്ട്രൈക്കി’നാണ് കോൺഗ്രസ് അവരുടെ പടനായകനെത്തന്നെ ഇറക്കിയത്. സുഭദ്രമെന്ന് തോന്നിപ്പിക്കുന്നുണ്ടെങ്കിലും യു.ഡി.എഫ്. സ്ഥാനാർഥിയായി ജില്ലാ കോൺഗ്രസ് അധ്യക്ഷൻ വി.എസ്. ജോയിയുടെ വരവ് തവനൂരിലെ പോരാട്ടത്തെ ഇഞ്ചോടിഞ്ചാക്കി മാറ്റിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വോട്ടുവർധന, കൂടുതൽ തിളക്കമുള്ളതാക്കാൻ ബി.ജെ.പി. മുൻ ജില്ലാപ്രസിഡന്റ് രവി തേലത്തിനെയാണ് ഇവിടെ എൻ.ഡി.എ. സ്ഥാനാർഥിയാക്കിയിട്ടുള്ളത്.

To advertise here,

തവനൂരിൽ തീപാറും

ജില്ലയിൽ എൽ.ഡി.എഫ്. കുത്തകയാക്കിയ മണ്ഡലമാണ് തവനൂർ. 15 വർഷമായി ജലീൽതന്നെ ജയിച്ചുവരുന്നു. എന്നാൽ, ഇത്തവണ അതിനുമാറ്റംവരുമെന്ന് വിശ്വസിക്കുന്നവരേറെയാണ്. തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ മേൽക്കൈയാണ് അവർ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എൽ.ഡി.എഫിനൊപ്പംനിന്ന തവനൂർ, പുറത്തൂർ, എടപ്പാൾ, തൃപ്രങ്ങോട് പഞ്ചായത്തുകൾകൂടി തദ്ദേശതിരഞ്ഞെടുപ്പിൽ പിടിച്ചെടുത്തതോടെ മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളും യു.ഡി.എഫിനൊപ്പമാണിപ്പോൾ. വി.എസ്. ജോയിയുടെ സ്വീകാര്യതകൂടി ചേരുമ്പോൾ കളംമാറുമെന്ന് വിശ്വസിക്കുന്നവരുമേറെയാണ്.

മത്സരിക്കാനില്ലെന്ന് കട്ടായം പറഞ്ഞുമാറി നിന്നതാണ് കെ.ടി. ജലീൽ. പാർട്ടിക്കുള്ളിലും ജലീലിനെത്തന്നെ പരിഗണിക്കുന്നതിൽ എതിർപ്പുണ്ടായിരുന്നു. എന്നാൽ, തവനൂരിൽ ജയിക്കാൻ ജലീലിനപ്പുറമുള്ള ഒരായുധം ആവനാഴിയിലില്ലെന്ന തിരിച്ചറിവിലാണ് അദ്ദേഹത്തെത്തന്നെ നാലാംവട്ടവും പരീക്ഷിക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചത്. പാർട്ടിക്കുവേണ്ടി അധ്വാനിച്ച പ്രവർത്തകരും നേതാക്കളും മണ്ഡലത്തിലുണ്ട്. ജലീൽ വന്നതോടെ അവസരമില്ലാതായിപ്പോയവർ. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നിൽക്കാൻ അവരും നിർബന്ധിതരായി. അതോടൊപ്പം മുന്നണിക്കുപുറത്തുള്ളവരിലും സാധാരണക്കാരിലും മതസമുദായ സംഘടനകളിലുമെല്ലാമുള്ള ജലീലിന്റെ സ്വീകാര്യതയും പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നു.

യു.ഡി.എഫാകട്ടെ ‘ജലീൽകോട്ട’ തകർക്കാനായി പല മാർഗങ്ങളും പരിഗണിച്ചശേഷമാണ് വി.എസ്. ജോയിയിലേക്കെത്തിയത്. മണ്ഡലത്തിലെയും താലൂക്കിലെയും യുവാക്കളെയും സന്ദീപ് വാരിയരടക്കമുള്ളവരെയും പരിഗണിച്ചു. മുസ്‌ലിം ലീഗിൽനിന്നുള്ള വോട്ടു ചോർച്ച തടയാനായി തിരുവമ്പാടിയുമായിവെച്ചുമാറി മണ്ഡലം ലീഗിന് നൽകാനും ആലോചന നടന്നു. ഒടുവിൽ ഏവർക്കും സ്വീകാര്യനായ വി.എസ്. ജോയിയെ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. യു.ഡി.എഫിന്റെ ട്രംപ് കാർഡായി ജോയി ഇവിടെ മാറിയിരിക്കുകയാണ്.

അപ്രവചനീയമായി മാറിയ തവനൂരിലെ പോരാട്ടത്തിൽ എൻ.ഡി.എ.യും ഇക്കുറി നിർണായകമാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 9,914 വോട്ടുമാത്രമുണ്ടായിരുന്ന എൻ.ഡി.എ.യ്ക്ക് തദ്ദേശതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പഞ്ചായത്തുകളിൽനിന്ന് 19,041 വോട്ട് ലഭിച്ചു. മണ്ഡലത്തിൽ പരിചിതനായ രവി തേലത്തിലൂടെ ഇത് ഇനിയും വർധിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അവരും.