താമരശ്ശേരി: ഫോണിന്റെ വായ്പാതിരിച്ചടവ് മുടങ്ങിയതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ ധനകാര്യസ്ഥാപനത്തിന്റെ സംഘം ആക്രമിച്ച് കത്തികൊണ്ടുകുത്തി പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലോടെ താമരശ്ശേരി ചുങ്കത്തായിരുന്നു ആക്രമണം. അണ്ടോണ മൂഴിക്കുന്നത് അബ്ദുറഹ്‌മാനാ(41)ണ് കുത്തേറ്റത്.
മർദിച്ചശേഷം കത്തികൊണ്ട് കുത്തുകയായിരുന്നെന്നാണ് പരാതി. സംഭവത്തിൽ മൂന്നുപേരെ താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തു. സ്വകാര്യ ധനകാര്യസ്ഥാപന ജീവനക്കാരനായ നരിക്കുനി പാറന്നൂർ പാവട്ടിക്കാവുമീത്തൽ നിതിൻ (28), ഒപ്പമുണ്ടായിരുന്ന കോഴിക്കോട് എരഞ്ഞിക്കൽ മൊകവൂർ കൊയപ്പുറത്ത് അഭിനന്ദ് (28), എരഞ്ഞിക്കൽ മുന്നുക്കണ്ടത്തിൽ ടി.പി. അഖിൽ (27) എന്നിവരെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്.
സ്വകാര്യ ധനകാര്യസ്ഥാപനം വഴി 36,000 രൂപ വിലയുള്ള മൊബൈൽ ഫോൺ അബ്ദുറഹ്‌മാൻ വാങ്ങിയിരുന്നു. ഇതിന്റെ മൂന്നാമത്തെ അടവായ 2302 രൂപ കഴിഞ്ഞദിവസം അടയ്ക്കേണ്ടതായിരുന്നു. ഇത് മുടങ്ങിയതിന്റെ പേരിലായിരുന്നു അക്രമമെന്ന് പരാതിയിൽ പറയുന്നു. ഒരു ജീപ്പിൽ താമരശ്ശേരി ചുങ്കത്തെത്തിയ സംഘം അബ്ദുറഹ്‌മാനെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയും അദ്ദേഹം കുതറിയതോടെ അതിലൊരാൾ കത്തിയെടുത്ത് കുത്തുകയുമായിരുന്നു.
ബലപ്രയോഗത്തിനിടെ അബ്ദുറഹ്‌മാന്റെ വലതുകൈക്ക് കുത്തേൽക്കുകയും നാട്ടുകാരിടപെട്ട് പിടിച്ചുമാറ്റി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കുത്തിയ സംഘത്തിലുണ്ടായിരുന്ന മൂന്നുപേരെയും പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്ത് താമരശ്ശേരി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അബ്ദുറഹ്‌മാന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. പരിക്ക് ഗുരുതരമല്ല.
Content Highlights: A youth in Thamarassery was attacked and stabbed by a finance company team over a missed mobile phone loan installment. Three arrested.
Published: 28 Dec 2025, 08:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented