കൊച്ചി: പുതുക്കി നിശ്ചയിച്ച ജിഎസ്ടി നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന് കേരള ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്സ് അസോസിയേഷന്‍ നിവേദനത്തിലൂടെ ധനകാര്യ വകുപ്പ് മന്ത്രിയോടും ജിഎസ്ടി കൗണ്‍സില്‍ അംഗങ്ങളോടും അഭ്യര്‍ഥിച്ചു. 2017- ല്‍ നിശ്ചയിച്ച ജിഎസ്ടി നിരക്ക് 1000 രൂപ വരെ മൂല്യമുള്ള വില്പനകള്‍ക്ക് അഞ്ചുശതമാനവും അതിന് മുകളിലുള്ള വില്പനകള്‍ക്ക് 12 ശതമാനവുമാണ്. പുതിയ നിരക്ക് അനുസരിച്ച് 1000 എന്ന പരിധി 2500-ലേക്ക് ഉയര്‍ത്തുകയും അതിന് മുകളിലുള്ള വില്പനകള്‍ക്ക് 18% നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ എട്ടുവര്‍ഷത്തിലുണ്ടായ പണപെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ 1000 രൂപയില്‍നിന്ന് 2500 രൂപയിലേക്ക് പരിധി ഉയര്‍ത്തിയത് ഒട്ടുംആശ്വാസം നല്‍കുന്നതല്ല. 18% നികുതി ചുമത്താനുള്ള തീരുമാനം വസ്ത്രവിപണന മേഖലക്ക് നല്‍കുന്ന ആഘാതം ചെറുതല്ലെന്ന് നിവേദനത്തില്‍ പറയുന്നു.
ശരാശരി ഉപഭോക്താവ് ഉത്സവകാലങ്ങളില്‍ ഏതാണ്ട് 2500 രൂപ വസ്ത്രങ്ങള്‍ക്കായ് ചിലവഴിക്കുമെന്നാണ് കണക്ക്. ഇതിന് മുകളില്‍ 18% നികുതി ചുമത്തുന്നത് ഉപഭോക്താകളെയും കച്ചവടക്കാരെയും സാരമായി ബാധിക്കും. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വസ്ത്രവ്യാപാരികള്‍ ഇതിനകം തന്നെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. വ്യക്തിഗത സ്ഥാപനങ്ങള്‍, പ്രതേകിച്ച് വിവാഹവസ്ത്രങ്ങള്‍, പാരമ്പരാഗത വസ്ത്രങ്ങള്‍ എന്നിവ വിപണനം ചെയ്യുന്ന സംരംഭങ്ങള്‍ എന്നിവയ്ക്ക് ജിഎസ്ടി നിരക്കിലെ വര്‍ധന മറികടക്കുക എന്നത് ഏറെ ക്ലേശകരമായ കാര്യമാണ്. വന്‍കിട കുത്തകകളും ഓണ്‍ലൈന്‍ ഭീമന്മാരും ഉയര്‍ത്തുന്ന ഭീഷണി ഇതിനോടകം തന്നെ പാരമ്പരാഗത രീതിയില്‍ നടന്നുവരുന്ന വസ്ത്രവിപണിയെ നഷ്ടങ്ങളുടെ ആഴത്തിലേക്ക് തള്ളിവിട്ട് കഴിഞ്ഞിരിക്കുന്നു. വലിപ്പചെറുപ്പമില്ലാതെ എല്ലാവര്‍ക്കും അഞ്ചുശതമാനം നികുതി എന്ന നല്ല വാര്‍ത്തയ്ക്കായ് കാത്തിരിക്കുമ്പോഴാണ് ഇത്തരമൊരു വര്‍ധ വസ്ത്രവിപണിയുടെ മുകളില്‍ കരിനിഴല്‍ പരത്തിയിരിക്കുന്നതെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.
കാര്‍ഷികരംഗം കഴിഞ്ഞാല്‍ ഏറ്റവും വലിയ വ്യവസായമേഖലയായി കാണുന്നത് വസ്ത്രവിപണന രംഗത്തെയാണ്. 18% നികുതി ഈ മേഖലയില്‍ ആരോഗ്യകരമല്ലാത്ത പ്രവണതകള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും കളമൊരുക്കുമെന്ന് പൊതുവേ വിലയിരിത്തപ്പെടുന്നുണ്ട്. ഇതുവഴി ഭീമമായ നഷ്ടവും സുതാര്യത ഇല്ലായ്മയും സംജാതമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആയതിനാല്‍ ഇത്തമൊരു തീരുമാനത്തില്‍ പുനര്‍വിചിന്തനം വേണമെന്നും അഞ്ചുശതമാനം എകീകൃത നിരക്ക് ഏര്‍പ്പെടുത്തണം എന്നും കേരള ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്സ് അസോസിയേഷന്‍ അഭ്യര്‍ഥിച്ചു.
ഇരട്ട നിരക്ക് ഏര്‍പെടുത്താനുള്ള തീരുമാനത്തില്‍നിന്ന് കൗണ്‍സിലിന് വ്യതിചലിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് 15000 രൂപ മുതലുള്ള വിനിമയങ്ങള്‍ക്കായ് നിജപ്പെടുത്തണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഉപഭോക്താക്കള്‍ വിദേശവിപണികളെ ആശ്രയിക്കുന്ന ഈ കാലത്ത് ഇന്ത്യന്‍ വസ്ത്രവിപണി നേരിടുന്നത് കനത്ത വെല്ലുവിളികളാണ്. അതിജീവനത്തിനായി പൊരുത്തുന്ന മേഖലയുടെ അഭ്യര്‍ഥന അനുഭാവപൂര്‍വ്വം പരിഗണിച്ചു ലക്ഷകണക്കിന് ആള്‍ക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന വസ്ത്രവിപണന മേഖലയെ സംരക്ഷിക്കണമെന്ന് കേരള ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമന്‍ നിവേദനത്തിലൂടെ അഭ്യര്‍ഥിച്ചു.
Content Highlights: Kerala Textiles and Garments Dealers Association against GST slabs
Published: 06 Sept 2025, 06:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented