കോഴിക്കോട്: ക്ഷേത്രം ട്രസ്റ്റികളായി പാര്‍ട്ടിക്കാര്‍ വേണ്ടാ എന്ന് കോടതി പറയുമ്പോഴും മലബാര്‍ ദേവസ്വം ബോര്‍ഡില്‍ പാരമ്പര്യേതര ട്രസ്റ്റികളായി വരുന്നവരില്‍ 99 ശതമാനവും രാഷ്ട്രീയപ്പാര്‍ട്ടികളുടെ നോമിനികള്‍. ക്ഷേത്രട്രസ്റ്റികളായി ആളെ കൊണ്ടുവരുന്നതില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നും ട്രസ്റ്റികളില്‍ സജീവരാഷ്ട്രീയക്കാരുണ്ടെന്നും ആരോപണമുണ്ട്.

To advertise here,

കോഴിക്കോട് പേരാമ്പ്രയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവുമായ പ്രാദേശികനേതാവാണ് ഒരു പ്രധാന ക്ഷേത്രത്തിന്റെ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനായിരിക്കുന്നത്. പ്രാദേശികതലത്തില്‍ മേല്‍കൈയുള്ള ഭരണകക്ഷിക്കാര്‍ തന്നെയാണ് ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പാരമ്പര്യേതര ട്രസ്റ്റിയായിവരുന്നത്. ഇവരില്‍ പലര്‍ക്കും ക്ഷേത്രകാര്യങ്ങളുമായി ബന്ധമില്ലെന്നും വിശ്വാസികളല്ലെന്നുമുള്ള പരാതിയുയര്‍ന്നിരുന്നു.

എന്നാല്‍, ഇക്കാര്യത്തില്‍ ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുവരുന്നുണ്ടെന്നും കോടതിവിധി അത് ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും പ്രസിഡന്റ് എം.ആര്‍. മുരളി പറഞ്ഞു.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ 1400 ക്ഷേത്രങ്ങളില്‍ പകുതിയില്‍ താഴെ ക്ഷേത്രങ്ങളിലേ ട്രസ്റ്റി ബോര്‍ഡ് ഭരണമുള്ളൂ. അതില്‍തന്നെ പാരമ്പര്യേതര ട്രസ്റ്റിമാരുള്ളത് 25 ശതമാനം ക്ഷേത്രങ്ങളില്‍ മാത്രമാണ്.

അവരെസംബന്ധിച്ച് പൊതുവേ പരാതി വിരളമാണ്. പൊതുജനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ച് പരസ്യപ്പെടുത്തി ക്ഷേത്രകാര്യങ്ങളില്‍ തത്പരരായ നാട്ടുകാരെതന്നെയാണ് എടുക്കുന്നതെന്നും 100 ശതമാനം സൗജന്യസേവനമാണ് അവര്‍ നടത്തുന്നതെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

എന്നാല്‍, ട്രസ്റ്റി നിയമനവിജ്ഞാപനത്തില്‍ പറയുന്ന പ്രകാരമുള്ള യോഗ്യതയുണ്ടോ എന്ന അന്വേഷണം പാരമ്പര്യേതര ട്രസ്റ്റിമാരുടെ കാര്യത്തില്‍ ബോര്‍ഡ് നടത്താറില്ലെന്നതാണ് വസ്തുത. പലപ്പോഴും പാര്‍ട്ടി ശുപാര്‍ശയാണ് പരിഗണിക്കുന്നത്.

എന്തെങ്കിലും വലിയ വിവാദമുണ്ടാവുമ്പോള്‍ മാത്രമാണ് ബോര്‍ഡ് പ്രത്യക്ഷത്തില്‍ ഇടപെടുന്നത്. പ്രദേശികമായി എതിര്‍പ്പില്ലെങ്കില്‍ അസി. കമ്മിഷണര്‍ ട്രസ്റ്റി ബോര്‍ഡിന്റെ തീരുമാനം അംഗീകരിക്കുകയാണ് പൊതുവേ ചെയ്യാറ്.