വിതുര: ടെക്‌നോ പാർക്ക്‌ ജീവനക്കാരിയായ യുവതി വാമനപുരം ആറ്റിലെ ചന്തമുക്ക് താവയ്ക്കൽ കടവിൽ മുങ്ങിമരിച്ചു. കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ സുമേദന്റെ മകൾ അനുപമയാണ്‌ (26) മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ആയിരുന്നു അപകടം. അനുപമ ഉൾപ്പെടെ എട്ടുപേർ ഒന്നിച്ച്‌ പൊന്മുടിയിലേക്ക് പോകുന്നതിനിടെയാണ്‌ ദുരന്തമുണ്ടായത്‌. പൊന്മുടിയിലേക്കുള്ള വഴിമധ്യേ താവയ്ക്കൽ കടവ് സന്ദർശിക്കാനിറങ്ങിയപ്പോഴാണ്‌ അനുപമ ഒഴുക്കിൽപ്പെട്ടത്. അനുപമയ്ക്കൊപ്പം വെള്ളത്തിൽ വീണ സുഹൃത്ത്‌ ശ്രുതിയെ കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.

To advertise here,

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വ്യാഴാഴ്ച രാവിലെ 11-ഓടെയാണ്‌ അനുപമയും നാല്‌ യുവതികളും നാല്‌ യുവാക്കളും ഇരുചക്രവാഹനങ്ങളിൽ പൊന്മുടിയിലേക്ക് തിരിച്ചത്‌. വിതുരയിൽ എത്തിയ ഇവർ ചന്തമുക്ക് ജങ്ഷൻ തിരിഞ്ഞ് താവയ്ക്കൽക്കടവ് സന്ദർശിക്കാൻ തീരുമാനിച്ചു. തീരത്ത് വാഹനങ്ങൾ നിർത്തിയശേഷം എല്ലാവരും കടവിലേക്ക് ഇറങ്ങുകയും വെള്ളച്ചാട്ടത്തിനോട് ചേർന്ന പാറക്കെട്ടിൽ കയറുകയും ചെയ്തു. അനുപമയും സുഹൃത്ത്‌ ശ്രുതിയും ആറ്റിലെ പാറകളിൽ ചവിട്ടി മുന്നോട്ടുനടന്നു.

ഇതിനിടയിലാണ് പാറയിൽ വഴുതി ഇരുവരും വെള്ളത്തിൽ വീണത്. എതിർവശത്തു നിന്ന തങ്ങളുടെനേരെ ഒഴുകിയെത്തിയ ഇരുവരെയും രക്ഷിക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചു. ശ്രുതിയെ സുഹൃത്തുക്കൾ കരയ്ക്കു കയറ്റിയെങ്കിലും ഒഴുകിപ്പോയ അനുപമ വെള്ളച്ചാട്ടത്തിൽ മുങ്ങിത്താഴ്ന്നു. ഒപ്പം ഉണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തുണ്ടായിരുന്നവർ അനുപമയെ കരയ്ക്കെത്തിച്ചു. ഉടൻതന്നെ വിതുര താലൂക്ക്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അനുപമ അവിവാഹിതയാണ്. പ്രിയയാണ് മാതാവ്. സഹോദരൻ: വൈശാഖൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ ഒന്നിന്‌ മുട്ടത്തറ മോക്ഷകവാടത്തിൽ.

ഞെട്ടൽ മാറാതെ സഹയാത്രികർ...

വിതുര: ചിരിച്ചും കളിച്ചും യാത്ര ചെയ്ത വരിൽ ഒരാൾ കൺമുന്നിൽ മുങ്ങിത്താഴുന്നത് കണ്ടതിന്റെ ഞെട്ടൽ വിട്ടുമാറാതെ അനുപമയുടെ സുഹൃത്തുക്കൾ. പൊന്മുടിയിലേക്കുള്ള ഉല്ലാസയാത്ര ദുരന്തമായി മാറുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല.

അനുപമയെക്കൂടാതെ അമ്മയുടെ അനുജത്തിയുടെ മക്കളായ അനന്തിക, മീനാക്ഷി, സുഹൃത്തുക്കളായ ശ്രുതി, ആദർശ്, വിഷ്ണു, അഭിജിത്ത്, നന്ദു എന്നിവരടങ്ങുന്ന സംഘമാണ് യാത്രയിലുണ്ടായിരുന്നത്. താവയ്ക്കൽ വെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടറിഞ്ഞ അവർ യാത്രയ്ക്കിടെ കടവിലെത്തി. തെളിഞ്ഞ നീരൊഴിക്കിൽ ഒളിഞ്ഞിരിക്കുന്ന അപകടക്കയങ്ങളും പാറകളിലെ വഴുക്കലും തിരിച്ചറിയാതെ സംഘം കടവിലേക്കിറങ്ങി. ഇതിനിടെ അനുപമയും ശ്രുതിയും മുന്നോട്ട് നടന്നു. പെട്ടെന്ന് രണ്ടുപേരും ആറ്റിലേക്ക് വീണു. സുഹൃത്തുക്കളെ രക്ഷിക്കാൻ മറ്റുള്ളവർ പരമാവധി ശ്രമിച്ചു. ശ്രുതിയെ കരയിലേക്കു വലിച്ചുകയറ്റിയെങ്കിലും അനുപമ അപ്പോഴേക്കും മുങ്ങിത്താഴ്ന്നിരുന്നു.

വേണം, സുരക്ഷിത ടൂറിസം

അവധിദിവസങ്ങളിൽ നിരവധി സന്ദർശകർ എത്തുന്ന താവയ്ക്കലിൽ വേണ്ടത് സുരക്ഷിത ടൂറിസം പദ്ധതിയാണ്. ഇവി ത്തെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി നീന്തൽ പരിശീലനം ലഭിച്ച ഗൈഡുകളും സുരക്ഷാബോർഡുകളും ഒപ്പമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം.

അഞ്ച് വർഷം, അഞ്ച് മരണം

2025 ഏപ്രിൽ 26-ന് വലിയമല ഐ.എസ്.എസ്.ടി. വിദ്യാർഥി ചെന്നൈ വില്ലുപുരം സ്വദേശിയായ 25-കാരൻ, 2024 ജൂൺ രണ്ടിന് കല്ലറ താളിക്കുഴി സ്വദേശിയായ 28-കാരൻ, 2023 ഏപ്രിൽ ആറിന് വെഞ്ഞാറമൂട് മാണിക്കൽ കുതിരകുളം സ്വദേശിയായ 33-കാരൻ, 2021-നവംബർ ഏഴിന് ചുള്ളിമാനൂർ സ്വദേശിയായ ഇരുപതുകാരൻ എന്നിവരാണ് സമീപകാലത്ത് താവയ്ക്കലിൽ മുങ്ങിമരിച്ചത്.

അപകടമൊളിപ്പിച്ച സുന്ദരയിടം

വിതുര കാഴ്ചയ്ക്ക് മനോഹരമാണ് വാമനപുരം ആറിൽ പ്രകൃതിയൊരുക്കിയ താവയ്ക്കൽ വെള്ളച്ചാട്ടവും സമീപത്തെ കടവും. പക്ഷേ, കാലൊന്നു വഴുതിയാൽ അപകടം ഉറപ്പാണ്. വാമനപുരം ആറിലെ നീരൊഴുക്കിന്റെ അപ്രവചനീയത ഈ കടവിനുമുണ്ട്. അടിയിലെ വെള്ളാരംകല്ലുകൾ തെളിഞ്ഞുകാണുന്ന ആഴം തോന്നാത്ത തെളിനീരാണ് താവയ്ക്കലിലേതും.

സന്ദർശകരുടെ പരിചയക്കുറവും അശ്രദ്ധയും പക്ഷേ, കടവിനെ അപകടകാരിയാക്കും. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കി ടെ അഞ്ചു ജീവനുകളാണ് ഇവിടത്തെ അപകടക്കയങ്ങളിൽ പൊലിഞ്ഞത്. പ്രദേശവാസികളുടെ ഇടപെടലുകളിലൂടെ രക്ഷപ്പെട്ടവർ ഏറെയാണ്.

വഴുക്കലുള്ള പാറയും ഒഴുക്കിന്റെ ശക്തിയുമാണ് അപകടം വരുത്തുന്നത്. വെള്ളച്ചാട്ടത്തിനു താഴെ രണ്ട് അപകടക്കുഴികളും ആറ്റിലുണ്ട്. ഇതിൽ അകപ്പെട്ടാൽ രക്ഷാപ്രവർത്തനം സാധ്യമല്ലെന്ന് സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നു.