തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തര സാഹചര്യത്തിൽ തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രി 7.54-ഓടെ 171 യാത്രക്കാരും പൈലറ്റ് ഉൾപ്പെടെ ഏഴുജീവനക്കാരുമായി പുറപ്പെട്ട എയർ അറേബ്യയുടെ വിമാനമാണ് 8.30-ഓടെ തിരിച്ചിറക്കിയത്. 

To advertise here,

വിമാനം പുറപ്പെട്ട് ഏതാനും സമയത്തിനുശേഷം പിൻഭാഗത്തുള്ള ചക്രങ്ങളുടെ ഹൈഡ്രോളിക് സംവിധാനത്തിന് സാങ്കേതിക തകരാറുണ്ടായതായി ക്യാപ്റ്റന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ദീർഘദൂര യാത്ര ചെയ്യാനാവില്ലെന്നും വിമാനം തിരിച്ചിറക്കണമെന്നും ക്യാപ്റ്റൻ വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോൾ ടവറിൽ അറിയിച്ചു. 

തുടർന്ന് വിമാനത്താവളത്തിലെ അഗ്നിരക്ഷാസേന, മെഡിക്കൽ സംവിധാനം, സിഐഎസ്എഫിന്റെ ക്യുആർടി കമാൻഡോകൾ, വിമാനക്കമ്പനി ജീവനക്കാർ എന്നിവർ അടിയന്തര സാഹചര്യത്തെ നേരിടാനുള്ള സൗകര്യങ്ങൾ സജ്ജമാക്കി. തിരുവനന്തപുരത്തുനിന്ന് അബുദാബിയിലേക്കുള്ള ദീർഘദൂര യാത്രയ്ക്കായി ഇന്ധനം നിറച്ചായിരുന്നു വിമാനം പുറപ്പെട്ടത്. തിരിച്ചിറങ്ങാനുള്ള ഇന്ധനം നിലനിർത്തിയശേഷം വിമാനം സുരക്ഷിതമായി 8.30-ഓടെ ലാൻഡ് ചെയ്തു. വിമാനത്തെ വിദൂരത്തിലുള്ള 44 എന്ന് ബേയിലേക്ക് മാറ്റി. വിമാനക്കമ്പനിയുടെ സാങ്കേതിക സംഘം തകരാർ പരിഹരിക്കുകയാണ്. വിമാനം പുറപ്പെടുന്നതിനെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.