ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ എതിര്‍പ്പ് ആവര്‍ത്തിച്ച് റെയില്‍വെ മന്ത്രി. പദ്ധതി മൂലം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകും. ജനകീയ പ്രക്ഷോഭങ്ങളും പദ്ധതിക്കെതിരെ ഉയരുകയാണ്. മറ്റ് നിരവധി പ്രശ്‌നങ്ങളും പദ്ധതിക്കുണ്ടെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു. 

To advertise here,

കേരളത്തിലെ ജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്ത് മാത്രമെ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കൂ. 63000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ എസ്റ്റിമേറ്റ് തുകയായി പറയുന്നതെങ്കിലും ഒരു ലക്ഷം കോടിക്ക് മുകളില്‍ ഇതിന് ചെലവ് വരുമെന്നാണ് റെയില്‍വെ മന്ത്രാലയം വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ പദ്ധതി വളരെ സങ്കീര്‍ണമാണ്. സ്റ്റാന്‍ഡേർഡ് ഗേജില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ അതില്‍ മറ്റ് സര്‍വീസുകള്‍ സാധ്യമാവില്ല. പദ്ധതിയില്‍ പാരിസ്ഥിതികവും സാമ്പത്തികവും സാങ്കേതികവുമായ പ്രശ്‌നമുണ്ട്. അതിനാല്‍ പെട്ടെന്നൊരു തീരുമാനം ഇക്കാര്യത്തില്‍ എടുക്കില്ലെന്നും എന്നാല്‍ എടുക്കുന്ന തീരുമാനം ഉചിതമായിരിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അറിയിച്ചു. 

അതേസമയം, സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയിരുന്നു.സില്‍വര്‍ ലൈന് കേന്ദ്രാനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിന് കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം കേരള ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.