തിരുവനന്തപുരം: ജീവനക്കാരെ കുറയ്ക്കാനുള്ള ടാറ്റ കൺസൾട്ടൻസി സർവീസിന്റെ (ടിസിഎസ്) പ്രഖ്യാപനത്തെത്തുടർന്നുള്ള ചലനങ്ങൾ തലസ്ഥാനത്തെ ഐടി മേഖലയിലും. കമ്പനിയുടെ പ്രവർത്തനരീതിയിൽ വരുന്ന മാറ്റം പലരുടെയും ജോലിസാധ്യതകളെ ബാധിക്കുമെന്നതിനാൽ ആശങ്ക വ്യാപകമാണ്. സാങ്കേതികവിദ്യയുടെ പുരോഗതിയുടെ ഫലമായുണ്ടാകുന്ന ഇത്തരത്തിലുള്ള മാറ്റങ്ങൾ ഒരു കമ്പനിയിൽമാത്രം ഒതുങ്ങിനിൽക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ടിസിഎസിൽ ഓഫർലെറ്റർ കിട്ടിയിട്ടും മാസങ്ങളായി ജോലിക്കു വിളിക്കാത്തതിനാൽ ജീവിതം വഴിമുട്ടിനിൽക്കുന്ന നിരവധിപ്പേർ സംസ്ഥാനത്തുണ്ട്. ഉള്ള ജോലിയടക്കം കളഞ്ഞുനിൽക്കുന്ന ഇവരിൽ പലരും ഉടൻതന്നെ ടിസിഎസ് വിളിക്കുമെന്ന പ്രതീക്ഷയിലാണ്.
ഓഫർലെറ്റർ ലഭിച്ചവർക്കും ജോലിയിൽ കയറാനാവുന്നില്ല
വയനാട് സ്വദേശിയായ ഉദ്യോഗാർഥിക്ക് മേയ് 9-നാണ് ടിസിഎസിൽനിന്ന് ഓഫർലെറ്റർ കിട്ടിയത്. ഇവർ നേരത്തേ ജോലിചെയ്തിരുന്ന കമ്പനിയിൽ രണ്ടുമാസം നോട്ടീസ് പിരീഡ് ഉള്ളതിനാൽ ജൂലായ് 9-ന് പുതിയ ജോലിയിൽ ചേരണമെന്നായിരുന്നു വ്യവസ്ഥ. ജൂലായ് 7-ന് ടിസിഎസിലേക്കു സ്വാഗതംചെയ്തുകൊണ്ടുള്ള കത്ത് (വെൽക്കം മെയിൽ) ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ജൂലായ് ആറിനുതന്നെ വന്ന് ഹോസ്റ്റലിൽ താമസവും തുടങ്ങി. എന്നാൽ, പറഞ്ഞ സമയത്ത് മെയിൽ വന്നില്ല. അന്വേഷിച്ചപ്പോൾ ഇനിയൊരറിയിപ്പുണ്ടായശേഷം ചേർന്നാൽ മതിയെന്നായിരുന്നു മറുപടിയെന്ന് ഉദ്യോഗാർഥി പറയുന്നു. ഇപ്പോൾ വിളിക്കുമ്പോൾ തൃപ്തികരമായ ഉത്തരമില്ല. ഉള്ള ജോലി കളഞ്ഞ് വരുമാനമില്ലാതെ പകച്ചുനിൽക്കുകയാണ് ഈ കുട്ടി. ഇതേ അവസ്ഥയിലാണ് പാലക്കാട് സ്വദേശിയായ യുവാക്കളും. ഒരാൾ പത്തുവർഷത്തിലേറെ ഐടി മേഖലയിൽ ജോലിപരിചയം ഉള്ളയാൾ. ബെംഗളൂരുവിലായിരുന്നു ജോലി. ടിസിഎസിൽ അഭിമുഖം കഴിഞ്ഞ് ഓഫർലെറ്റർ കിട്ടിയതോടെ ഇവരുടെ നിർദേശാനുസരണം പഴയ ജോലി കളഞ്ഞു. സെപ്റ്റംബറിൽ ചേരാനായിരുന്നു നിർദേശം. ഇതിനിടയിൽ ഉദ്യോഗാർഥിയുടെ പശ്ചാത്തല പരിശോധനയുൾപ്പെടെ നടക്കുന്നുണ്ടായിരുന്നു. പ്രോജക്ട് റദ്ദായെന്നും ജോലിലഭിക്കാൻ സാധ്യതയില്ലെന്നും കുറച്ചുദിവസം മുൻപ് ഇദ്ദേഹത്തെ
പരാതി നൽകി സംഘടന
സംസ്ഥാനത്ത് നിരവധിപ്പേർ ഇങ്ങനെ അനിശ്ചിതാവസ്ഥയിൽ കഴിയുന്നുണ്ടെന്ന് ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി പറയുന്നു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇതേ അവസ്ഥയുണ്ട്. വർഷങ്ങളുടെ തൊഴിൽപരിചയമുള്ളവരെ ജോലിനൽകാമെന്നു പറഞ്ഞ് കബളിപ്പിക്കരുതെന്നും വിഷയത്തിലിടപെടണമെന്നുമാവശ്യപ്പെട്ട് കേന്ദ്ര ഐടി, തൊഴിൽമന്ത്രിമാർക്ക് പ്രതിധ്വനി പരാതി നൽകിയിട്ടുണ്ട്. ടെക്നോപാർക്കിൽ നിലവിൽ പ്രശ്നങ്ങളില്ലെങ്കിലും ഇവിടെയും ഇതു വരുമെന്നാണ് ഉദ്യോഗാർഥികൾ ഭയക്കുന്നത്.
കാമ്പസ് റിക്രൂട്ട്മെന്റിനെയും ബാധിച്ചു
നിർമിതബുദ്ധിയുടെ സ്വാധീനം ഐടി കമ്പനികളുടെ ഇത്തരം നടപടികളിലൂടെ കൂടുതൽ പ്രകടമാകുകയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാമ്പസുകളിൽനിന്നുള്ള നിയമനത്തിൽ കഴിഞ്ഞ വർഷം വലിയ കുറവുണ്ടായില്ലെന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ചതായി കണക്കാക്കുന്ന എൻജിനിയറിങ് കോളേജിലെ റിക്രൂട്ട്മെന്റ് സെല്ലിന്റെ ചുമതലയുള്ള അധ്യാപകൻ മാതൃഭൂമിയോടു പറഞ്ഞു. എന്നാൽ ഓഫർലെറ്റർ കിട്ടിയ എല്ലാവർക്കും നിയമനമായിട്ടില്ല. ടെസ്റ്റിങ്, ക്വാളിറ്റി കൺട്രോൾ ഉൾപ്പെടെയുള്ള പല മേഖലകളിലും നിർമിതബുദ്ധി വ്യാപകമായിക്കഴിഞ്ഞുവെന്നും ഇതാണു തൊഴിൽവിപണിയിലും പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പുതിയ സാങ്കേതികവിദ്യകൾ വരുമ്പോഴും അവ നഷ്ടപ്പെടുത്തുന്നതിന് ആനുപാതികമായോ കൂടുതലായോ പുതിയ തൊഴിലവസരങ്ങളും തുറക്കപ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാൽ നിർമിതബുദ്ധി ഇതിന് അപവാദമാവുകയാണോയെന്ന സംശയമാണ് സമീപകാല സംഭവവികാസങ്ങളിൽനിന്നുയരുന്നത്. അതേസമയം സംസ്ഥാനത്ത് ടെക്നോപാർക്കിലുൾപ്പെടെ ഐടി മേഖലയിൽ പുതിയ പദ്ധതികളും നിക്ഷേപങ്ങളും വരുന്നുണ്ട്. ഇവ ഉദ്യോഗാർഥികൾക്കു പ്രതീക്ഷയും നൽകുന്നുണ്ട്.
Content Highlights: TCS Job Cuts Ripple Through Thiruvananthapuram's IT Sector, Raising Concerns
Published: 30 Jul 2025, 07:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented