കണ്ണൂർ: തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറയ്ക്കൽ കുറച്ചുകൂടി ഉഷാറായി പോരാടണമായിരുന്നെന്ന് കഥാകൃത്ത് ടി.പത്മനാഭൻ. ഡോക്ടർ അങ്ങേയറ്റം സത്യസന്ധനാണ്. പക്ഷേ പോരാട്ടം നനഞ്ഞതാകരുത്. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ് അദ്ദേഹം പറയുന്നത്. അതിന് ഒരിത്തിരി ഉഷാറുകൂടി കാണിക്കണം -കണ്ണൂരിൽ അദ്ദേഹം ’മാതൃഭൂമി’യോട് പറഞ്ഞു. “രാജ്യത്തെ സിസ്റ്റം മുഴുവൻ എനിക്ക് എതിരായിനിന്നിട്ടുണ്ട്. അതിനെതിരെ ഞാൻ നിർഭയം നിലകൊണ്ടിട്ടുണ്ട്. പോയാൽ പോട്ടെടാ. ഒന്നുകിൽ ഭ്രാന്തനാകണം. അല്ലെങ്കിൽ രാജിവെക്കണം. അവസാനംവരെ പോരാടണം- പത്മനാഭൻ പറഞ്ഞു.

To advertise here,

“ഹാരിസ് പറയുന്ന ഓരോന്നും എന്റെ ജീവിതവുമായാണ് താരതമ്യം ചെയ്യുന്നത്. ഇതിലും വലിയ ദുഃഖത്തിലൂടെ കടൽ നീന്തി വന്നവനാണ് ഞാൻ. രാജ്യത്തെ ഏറ്റവും വലിയ രാസവളക്കമ്പനിയായ ഫാക്ടിനെതിരെ പറവൂർ മുൻസിഫ് കോടതി മുതൽ സുപ്രീംകോടതി വരെ കേസ് നടത്തിയവനാണ് ഞാൻ. വരുന്നത് വരട്ടേയെന്ന് കണക്കാക്കി കേരള ഹൈക്കോടതിയിൽ റിട്ട് നൽകി. ഒരുപാട്‌ അനീതിക്ക് പാത്രീഭവിച്ചു. അതുവെച്ച് നോക്കുമ്പോൾ ഹാരിസ് ചിറയ്ക്കൽ ഒന്നുമല്ല. ഹൈക്കോടതിയിൽ പരിചയക്കാരായ ജഡ്ജിമാർ ഏറെയുണ്ടായിരുന്നു. ആരും കേസെടുക്കാൻ തയ്യാറായില്ല. ഒടുവിൽ തമിഴനും സത്യസന്ധനുമായ ജസ്റ്റിസ് പരിപൂർണനും കഥ വായിക്കാത്ത മറ്റൊരു മലയാളി ജഡ്ജിയും. അന്നുമാത്രം ഞാൻ കോടതിയിൽ പോയി. പത്മനാഭനോട് കമ്പനി അനീതി കാണിച്ചതായി മലയാളി ജഡ്ജി പറഞ്ഞു. കടുത്ത അനീതിയാണ് നടന്നതെന്ന് അഭിപ്രായപ്പെട്ട് ജസ്റ്റിസ് പരിപൂർണനും അതിനെ പിന്തുണച്ചു. കേസ് സുപ്രീം കോടതിയിലെത്തി. രാജ്യത്തെ പ്രഗല്‌ഭരായ 11 അഭിഭാഷകരാണ് ഫാക്ടിനുവേണ്ടി അണിനിരന്നത്. എനിക്കുവേണ്ടി സുബ്രഹ്മണ്യൻ പോറ്റി മാത്രം. പോറ്റിക്ക് വാദിക്കേണ്ടിവന്നില്ല. ഞാൻ എഴുതിക്കൊടുത്ത സത്യവാങ്മൂലമാണ് അദ്ദേഹം കോടതിയിൽ നൽകിയത്. കേസ് പരിഗണനയ്ക്കുവെക്കാതെ തള്ളി. അങ്ങനെ കേസ് ഞാൻ ജയിച്ചെങ്കിലും പ്രായം കഴിഞ്ഞുപോയതിനാൽ ഗുണമുണ്ടായില്ല” -പത്മനാഭൻ പറഞ്ഞു.

അടൂർ ഗോപാലകൃഷ്ണൻ സുഹൃത്തല്ല. വിരോധിയുമല്ല. പക്ഷേ ഞാൻ അക്ഷരംപ്രതി അദ്ദേഹത്തോടൊപ്പമാണ്. അടൂരിന്റെ പ്രസംഗം ടിവിയിൽ കണ്ടപ്പോഴേ ഇത് വിവാദമാകുമെന്ന് അറിയാമായിരുന്നു. എന്റെ കൈയിൽ അദ്ദേഹത്തിന്റെ ഫോൺ നമ്പറുണ്ടായിരുന്നില്ല. ശ്രീകുമാരൻതമ്പിയിൽനിന്ന് നമ്പർ വാങ്ങി അടൂരിനെ വിളിച്ച് പിന്തുണയറിയിച്ചു. തമ്പിയും വിഷയത്തിൽ അദ്ദേഹത്തിനൊപ്പമായിരുന്നല്ലോ -പത്മനാഭൻ പറഞ്ഞു.