അമ്പലമേട്: ബ്രഹ്മപുരത്തെ സി.ബി.ജി. (കംപ്രസ്‌ഡ്‌ ബയോഗ്യാസ്) പ്ലാൻറ് ഉദ്ഘാടനയോഗത്തിൽ സദസ്സിനോട് കൈയടിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്വച്ഛ് ഭാരത് പദ്ധതി നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പം ആഭ്യന്തരമന്ത്രി അമിത്‌ഷായ്ക്കും നന്ദി പറയേണ്ടത് മലയാളി എന്ന നിലയ്ക്ക് തന്റെ കർത്തവ്യമാണെന്നും അതിന് നല്ല കൈയടി നിങ്ങൾ തന്നേ മതിയാകൂ എന്നും സുരേഷ്‌ഗോപി പറഞ്ഞു.

To advertise here,

സദസ്സിൽ ഒരുവിഭാഗം ഇതോടെ കൈയടിക്കുകയും ചെയ്തു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം ആണ് ഈ പദ്ധതി നടപ്പിലാക്കിയത് എന്നും നരേന്ദ്രമോദി പ്രധാനമന്ത്രിയായശേഷം നടപ്പിലാക്കിയ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. 2023-ലെ 12 ദിവസം നീണ്ട തീപ്പിടിത്തവും തുടർന്ന് ബ്രഹ്മപുരത്തിനായി കർമപദ്ധതി തയ്യാറാക്കി നടപ്പിലാക്കിയ കാര്യങ്ങളും മന്ത്രി എം.ബി. രാജേഷ് പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. തുടർന്ന് സംസാരിച്ച സുരേഷ്‌ഗോപി 2023 മാർച്ച് 12-ന് തൃശ്ശൂരിൽ വടക്കുംനാഥക്ഷേത്ര മൈതാനത്തുവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബ്രഹ്മപുരത്തെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെന്റ് സഹായം വാഗ്ദാനം ചെയ്തിരുന്നതായും പറഞ്ഞു. ഇത് എം.ബി. രാജേഷിന് അറിയാത്തതാണോ എന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാന സർക്കാരിന് കൈയടി തനിയെ കിട്ടുന്നുണ്ടെന്ന് എം.ബി. രാജേഷ്

ഓടിനടന്ന് 'ക്രെഡിറ്റ് ' എടുക്കാൻ ശ്രമിക്കുന്നവരെ ജനം വിലയിരുത്തട്ടെ എന്നും സർക്കാർപദ്ധതികൾക്ക് കൈയടി തനിയെ കിട്ടുന്നുണ്ടെന്നും ചോദിച്ചുവാങ്ങേണ്ട അവസ്ഥ ഇല്ലെന്നും മന്ത്രി എം.ബി. രാജേഷ് പിന്നീട് പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.