തൃശ്ശൂര്‍: വോട്ട് ക്രമക്കേട് സംബന്ധിച്ച വ്യാപക പ്രതിഷേധത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഡല്‍ഹിയില്‍നിന്ന് തൃശ്ശൂരിലെത്തി. വന്ദേഭാരത് എക്‌സ്പ്രസില്‍ രാവിലെ 9.30-ഓടെയാണ് തൃശ്ശൂരിലെത്തിയത്. വലിയ സ്വീകരണമാണ് റെയില്‍വേ സ്‌റ്റേഷനില്‍ സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയത്. തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ അദ്ദേഹത്തെ വരവേറ്റു. പോലീസ് കാവലിലാണ് അദ്ദേഹത്തെ റെയില്‍വേ സ്‌റ്റേഷന് പുറത്തെത്തിച്ചത്.
അതേസമയം, മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. 'ഇത്രയും സഹായിച്ചതിന് നന്ദി' എന്ന് പരിഹാസരൂപേണയുള്ള മറുപടി മാത്രമാണ് അദ്ദേഹം നല്‍കിയത്. ചോദ്യങ്ങളോടൊക്കെ അദ്ദേഹം മൗനം പാലിച്ചു. കഴിഞ്ഞദിവസം സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കാണാനാണ് സുരേഷ് ഗോപി റെയില്‍വേ സ്റ്റേഷനില്‍നിന്ന് നേരെ പോയത്. ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് ഉള്‍പ്പെടെയുള്ള പരിക്കേറ്റ ബിജെപി നേതാക്കളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
അതിനിടെ, ബിജെപി ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയാണ്. സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് കഴിഞ്ഞദിവസം ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം. കഴിഞ്ഞദിവസത്തെ സംഘര്‍ഷത്തില്‍ 70 പേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. 40 ബിജെപി പ്രവര്‍ത്തകര്‍ക്കും 30 സിപിഎം പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസെടുത്തത്.
വോട്ടര്‍പ്പട്ടിക വിവാദത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റിലുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞദിസവം സിപിഎം പ്രവര്‍ത്തര്‍ സുരേഷ് ഗോപിയുടെ ചേരൂരിലെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിക്കുകയും ചെരിപ്പുമാലയിടുകയും ചെയ്തു. മാര്‍ച്ച് പോലീസ് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കുകയായിരുന്നു. ഇതിന് മറുപടിയെന്നോണം രാത്രി എട്ടുമണിയോടെ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസിലേക്കും മാര്‍ച്ച് നടത്തി.
Content Highlights: Suresh Gopi Arrives in Thrissur Amidst Voter Fraud Protests
Published: 13 Aug 2025, 10:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented