ഹരിപ്പാട്: ദേശീയപാതയുടെ നടുക്കുനിന്ന് 40 മീറ്ററിനുള്ളിൽ വീടിനും 75 മീറ്ററിനുള്ളിൽ കച്ചവടസ്ഥാപനങ്ങൾക്കും അനുമതി നൽകരുതെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിൽ ആശങ്ക. കേരളത്തിൽ 45 മീറ്ററാണ് ദേശീയപാതയുടെ വീതി. നടുക്കുനിന്നു വശങ്ങളിലേക്കുള്ള അകലം 22.5 മീറ്റർ. കോടതിയുത്തരവനുസരിച്ച് ഇതിനു പുറത്ത് 17.5 മീറ്റർ മാറിയേ വീടു നിർമിക്കാൻ അനുമതി ലഭിക്കൂ.

To advertise here,

കച്ചവടസ്ഥാപനങ്ങൾക്ക് 52.5 മീറ്റർ അകലം വേണ്ടിവരും. പുതിയ സ്ഥാപനങ്ങൾക്കു ലൈസൻസ് നൽകുമ്പോഴും നിലവിലെ ലൈസൻസ് പുതുക്കുമ്പോഴും ബാധകമാകുന്ന വിധത്തിലാണു വിധി. ഏപ്രിൽ 26-നാണ് ഇതുസംബന്ധിച്ച ഇടക്കാലവിധിയുണ്ടായത്.

സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, ഡി.ജി.പി., ദേശീയപാത അതോറിറ്റി അധികൃതർ തുടങ്ങിയവർക്ക് ഉത്തരവിന്റെ പകർപ്പു കൈമാറാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ആക്ഷേപമുണ്ടെങ്കിൽ നൽകാനും ബന്ധപ്പെട്ടവരോട് നിർദേശിച്ചിരുന്നു.

സംസ്ഥാനത്ത് ദേശീയപാതയിൽനിന്ന് ഏഴു മീറ്റർ മാറിയാണ് നിർമാണാനുമതി നൽകുന്നത്.

പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ ദേശീയപാത അതോറിറ്റിയിൽനിന്ന് ആക്സസ് പെർമിറ്റ് (വഴിയവകാശം) വാങ്ങുകയും വേണം. ഇടക്കാല ഉത്തരവു നടപ്പായാൽ ദേശീയപാതയോരത്തെ നിർമാണം നിലയ്ക്കും. മറ്റു സംസ്ഥാനങ്ങളിൽ 60 മീറ്ററാണ് ദേശീയപാതയുടെ വീതി. മധ്യഭാഗത്തുനിന്ന് വശങ്ങളിലേക്കു 30 മീറ്ററുണ്ടാകും. അതിനാൽ അവിടെ ദേശീയപാതയിൽനിന്നു 10 മീറ്റർ മാറി വീടുപണിയാം. സംസ്ഥാനത്ത് വീതി 45 മീറ്ററാണെന്നതിനാൽ ദൂരപരിധിയിലെ ഇളവിന് അർഹതയുണ്ട്.

കേസിന്റെ പശ്ചാത്തലം

2025 നവംബർ രണ്ടിന് രാജസ്ഥാനിലെ ഫലോദി ജില്ലയിൽ എക്സ്പ്രസ് പാതയിലുണ്ടായ അപകടത്തിൽ 12 പേരും അടുത്തദിവസം തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ അപകടത്തിൽ 19 പേരും മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എൻ.എച്ച്.എ.ഐ.യെയും മറ്റും എതിർകക്ഷികളാക്കി സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലെ വീഴ്ചയും അധികൃതരുടെ അശ്രദ്ധയുമാണ് ദുരന്തങ്ങൾക്കു കാരണമെന്ന് കോടതി വിലയിരുത്തി.

മുതിർന്ന അഭിഭാഷകൻ എ.എൻ.എസ്. നഡ്കർണിയെ അമികസ്‌ക്യുറെയ് ആയി കോടതി നിയമിച്ചു. ഈ വർഷം ഫെബ്രുവരി 15-നു നിർദേശങ്ങൾ സമർപ്പിച്ചു. അമികസ്‌ക്യുറെയും സോളിസിറ്റർ ജനറലും ചേർന്ന് പ്രശ്നപരിഹാരത്തിനുള്ള നടപടി വിലയിരുത്തി. രണ്ടുതവണയായി എൻ.എച്ച്.എ.ഐ. സത്യവാങ്മൂലം സമർപ്പിച്ചു. ഇതെല്ലാം പരിഗണിച്ചാണ് കേസ് തുടരുന്ന സമയത്ത് നടപ്പാക്കേണ്ട നിർദേശങ്ങളുൾപ്പെടുത്തി ഇടക്കാല ഉത്തരവുണ്ടായത്.

ദൈർഘ്യംരണ്ടുശതമാനം; അപകടമരണം 30 ശതമാനം

രാജ്യത്തെ ആകെ റോഡുകളിൽ രണ്ടുശതമാനം മാത്രമാണ് ദേശീയപാതകൾ. എന്നാൽ, റോഡപകട മരണങ്ങളിൽ 33 ശതമാനവും ദേശീയപാതകളിലാണെന്ന് കോടതി വിലയിരുത്തി. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള 'ജീവിക്കാനുള്ള അവകാശം' ഉറപ്പാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും ഇടക്കാലയുത്തരവു വ്യക്തമാക്കുന്നു.

ഇടക്കാല ഉത്തരവിലെ മറ്റുനിർദേശങ്ങൾ

* അനധികൃത പാർക്കിങ് നിരോധിക്കണം. പാർക്കിങ് സംബന്ധിച്ച് ക്യാമറകൾ, ജി.പി.എസ്. എന്നിവ വഴി പോലീസിനു കൃത്യമായ വിവരങ്ങൾ ലഭിക്കണം.

* 1033 എന്ന ടോൾ ഫ്രീ നമ്പറും ’രാജ്മാർഗ്യാത്ര’ ആപ്പും വഴി ദേശീയപാതയിലെ കൈയേറ്റങ്ങൾക്കെതിരേയുള്ള പരാതി സ്വീകരിക്കണം.

* ദേശീയപാതയോരങ്ങളിൽ പുതിയ ധാബകളോ കച്ചവടസ്ഥാപനങ്ങളോ തുടങ്ങാൻ പാടില്ല. നിലവിലെ അനധികൃത നിർമാണങ്ങൾ 60 ദിവസത്തിനകം കളക്ടർമാർ പൊളിച്ചുനീക്കണം.

* എൻ.എച്ച്.എ.ഐ.യുടെയും പൊതുമരാമത്തു വകുപ്പിന്റെയും അനുമതിയില്ലാതെ ഹൈവേ സുരക്ഷാമേഖലകളിൽ പുതിയ ലൈസൻസുകളോ എൻ.ഒ.സി.യോ നൽകരുത്.

* എല്ലാ ജില്ലകളിലും 15 ദിവസത്തിനകം കളക്ടറുടെ നേതൃത്വത്തിൽ ടാസ്ക്ഫോഴ്‌സ് രൂപവത്കരിക്കണം.

* പോലീസിന്റെ പ്രത്യേക സംഘങ്ങൾ 50 കിലോമീറ്റർ ഇടവിട്ട് പട്രോളിങ് നടത്തണം. വാഹനങ്ങളിൽ ട്രാക്കിങ് സംവിധാനം വേണം. 60 ദിവസത്തിനകം വേഗം അളക്കുന്ന ക്യാമറകൾ, ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ, എമർജൻസി കോൾ ബോക്സുകൾ എന്നിവ പ്രവർത്തനക്ഷമമാക്കണം.

* 75 കിലോമീറ്റർ ഇടവിട്ട് ആംബുലൻസുകളും ക്രെയിനുകളും ഒരുക്കണം. ദേശീയപാതകളിൽ 75 കിലോമീറ്റർ ഇടവിട്ട് ട്രക്കുകൾ നിർത്താനുള്ള സൗകര്യവും ഭക്ഷണ-വിശ്രമ മുറികളും ശൗചാലയങ്ങളും ഉൾപ്പെടുന്ന കേന്ദ്രങ്ങൾ വേണം.

* അപകടസാധ്യതയുള്ള ബ്ലാക്ക്‌സ്പോട്ടുകൾ കണ്ടെത്തി ലൈറ്റുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങളുമായി ചേർന്ന് ഏകീകൃത ഗതാഗത നിയമങ്ങളും ഡ്രൈവിങ് സമയപരിധിയും നിശ്ചയിക്കണം.

ദൈർഘ്യം രണ്ടുശതമാനം; അപകടമരണം 30 ശതമാനം

രാജ്യത്തെ ആകെ റോഡുകളിൽ രണ്ടുശതമാനം മാത്രമാണ് ദേശീയപാതകൾ. എന്നാൽ, റോഡപകട മരണങ്ങളിൽ 33 ശതമാനവും ദേശീയപാതകളിലാണെന്ന് കോടതി വിലയിരുത്തി. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ’ജീവിക്കാനുള്ള അവകാശം’ ഉറപ്പാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും ഇടക്കാലയുത്തരവു വ്യക്തമാക്കുന്നു.