പെരുന്ന (കോട്ടയം): മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നത് കോൺഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്നും അതിൽ ഘടകകക്ഷികൾ എന്തിനാണ് ഇടപെട്ടതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഘടകകക്ഷികളുടെ ഇടപെടലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പ്രധാന തടസ്സമായതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

To advertise here,

ലീഗ് അടക്കമുള്ളവരെയാണ് താൻ പറയുന്നതെന്നും അവർക്ക് ഇത് പറയാൻ എന്താണ് കാര്യമെന്നും സുകുമാരൻ നായർ ചോദിച്ചു. മുഖ്യമന്ത്രിസ്ഥാനം കോൺഗ്രസിനുള്ളതാണെന്ന് പറഞ്ഞു. അത് കോൺഗ്രസിന്റെ ആഭ്യന്തരപ്രശ്‌നമല്ലേ. ആരു വന്നാലും സ്വീകരിക്കേണ്ടേ. അതല്ലേ മര്യാദ. അതല്ലേ ജനാധിപത്യം എന്നും അദ്ദേഹം ചോദിച്ചു.

ഹൈക്കമാൻഡ് ലീഗ് അടക്കമുള്ള ഘടകകക്ഷികളോട് അഭിപ്രായം ആരായുന്നതിന് മുൻപേതന്നെ അവർ സമ്മർദം ചെലുത്തിയിരുന്നു. അതിന്റെ പേരിലാണ് ഹൈക്കമാൻഡ് ഘടകകക്ഷികളുടെ അഭിപ്രായം തേടിയതെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികളുടെ സമ്മർദത്തിന് ഹൈക്കമാൻഡ് വഴങ്ങി എന്ന് പറയാൻ കഴിയില്ല. കാരണം, അങ്ങനെയെങ്കിൽ തീരുമാനം ഇത്രയ്ക്ക് നീണ്ടുപോകില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഘടകക്ഷികളുടെ ഇടപെടൽ ജനാധിപത്യത്തിന് ചേർന്നതായിരുന്നില്ലെന്ന് പറയേണ്ടിയിരിക്കുന്നെന്നും സുകുമാരൻ പറഞ്ഞു.

തുടക്കത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ ഘടകകക്ഷികളുടെ അമിതമായ ഇടപെടൽ ഭരണത്തിലടക്കം ഉണ്ടാകുമെന്നൊരു കണക്കുകൂട്ടലുണ്ടോ എന്ന ചോദ്യത്തിന്, ചിലർ അത് ഉള്ളിൽ കാണുന്നുണ്ടെന്നും ഇത് കഴിഞ്ഞാൽ തങ്ങളുടെ അധീനതയിൽ ഇതെല്ലാം ആകണം എന്ന് ആഗ്രഹിക്കുന്നവരൊക്കെ ഉണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.