കോൺഗ്രസ്സിൽ വാശിയോടെ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയം- വർഷം 1991. കോൺഗ്രസ് ചരിത്രത്തിലെ അവസാനത്തെ സംഘടനാ തിരഞ്ഞെടുപ്പ് എന്നും പറയാം. സംസ്ഥാന തലത്തിൽ എ.കെ. ആന്റണി- ഉമ്മൻചാണ്ടി സഖ്യത്തിന്റെ നേതൃത്വത്തിലുള്ള എ വിഭാഗം. ലീഡർ കെ. കരുണാകരന്റെ നേതൃത്വത്തിൽ ഐ വിഭാഗം. ഈ വിഭാഗത്തിനോടൊപ്പം ചിലയിടങ്ങളിൽ ചേർന്നും ചിലയിടത്തു അകന്നുമായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ തിരുത്തൽവാദി സംഘം. അന്ന് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന കെ.സി.വേണുഗോപാലായിരുന്നു ഈ വിഭാഗത്തിന്റെ തലവൻ.  ഇതായിരുന്നു സംസ്ഥാനത്തിലെ കോൺഗ്രസ്  ഗ്രൂപ്പുകളുടെ സമവാക്യം. കണ്ണൂർ ജില്ലയിൽ എ വിഭാഗത്തെ കെ.പി. നൂറുദ്ദീനും ഐ വിഭാഗത്തെ എൻ. രാമകൃഷ്ണനും നയിക്കുന്ന കാലം. രാമകൃഷ്ണന്റെ അനുയായിയായ എസ്.ആർ. ആന്റണി ഡി.സി.സി പ്രസിഡന്റ്. എ വിഭാഗത്തിന് ആന്റണിയോട് വലിയ എതിർപ്പൊന്നുമില്ലാതിരുന്നതിനാൽ വലിയ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല.

To advertise here,

ഇതിനിടയിൽ പക്ഷെ മറ്റൊരു ഗ്രൂപ്പ് കണ്ണൂർ ജില്ലയിൽ ഉദയം കൊണ്ടിരുന്നു. കെ. സുധാകരന്റെ നേതൃത്വത്തിലുള്ള മൂന്നാം ഗ്രൂപ്പ്. സംസ്ഥാന തലത്തിൽ വയലാർ രവിയായിരുന്നു സുധാകരന്റെ തണൽമരം. സംഘടനാ കോൺഗ്രസും ജനതാപാർട്ടിയും വഴി കോൺഗ്രസിലെത്തിയ സുധാകരൻ ഇതിനിടയിൽ കണ്ണൂരിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്. സി.പി.എമ്മിനോട് നീയോ ഞാനോ എന്ന മട്ടിൽ പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്ന മട്ടിൽ നെഞ്ച് വിരിച്ചു നിൽക്കുന്ന കെ.സുധാകരനെ കോൺഗ്രസുകാരിൽ വലിയൊരു വിഭാഗം വീരാരാധനയോടെ നോക്കിനിന്ന കാലമായിരുന്നു അത്. അക്രമരാഷ്ട്രീയത്തോട് അതേ നാണയത്തിൽ മറുപടി പറഞ്ഞായിരുന്നു കോൺഗ്രസിലെത്തിയ സുധാകരന്റെ നടപടികൾ. നേരത്തെ എൻ. രാമകൃഷ്ണനായിരുന്നു ഇത്തരത്തിൽ കണ്ണൂരിൽ സി.പി.എമ്മിനെ നെഞ്ച് വിരിച്ച് നേരിട്ടിരുന്നത്. ആ എൻ. രാമകൃഷ്ണന്റെ സ്ഥാനത്തേക്ക് സ്വയം സുധാകരൻ ഇടിച്ചുകയറുകയായിരുന്നു. 

അണികളിൽ സുധാകരൻ ഉണ്ടാക്കുന്ന ആവേശം ലീഡർ കെ. കരുണാകരൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷെ അപ്പോഴും ലീഡറുടെ കണ്ണൂരിലെ വിശ്വസ്തൻ എൻ.ആർ എന്ന രാമകൃഷ്ണൻ തന്നെയായിരുന്നു. അക്കാലത്ത് ഇരിട്ടി-പേരാവൂർ മലയോര മേഖലയിലെ പ്രാദേശിക നേതാവാണ് സണ്ണി ജോസഫ് എന്ന അഭിഭാഷകൻ. സണ്ണിയുടെ സ്വന്തം മണ്ണായ പേരാവൂർ സീറ്റിൽ  നിന്ന് കെ.പി. നൂറുദ്ദീൻ തുടർച്ചയായി നിയമസഭയിലേക്ക് ജയിച്ചുപോകുന്ന കാലം കൂടിയായിരുന്നു അത്. സീറ്റിനായുള്ള  അണിയറ നീക്കങ്ങളിൽ പക്ഷെ സണ്ണി ജോസഫിന് എ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണ കാര്യമായി ലഭിച്ചിരുന്നില്ല. ഉമ്മൻചാണ്ടിയുടെയും എ.കെ ആന്റണിയുടെയും ആശീർവാദം എന്നും നൂറുദ്ദീനായിരുന്നു. ഇതിനെ ചൊല്ലി സംഘടനാ തിരഞ്ഞെടുപ്പ് വേളയിൽ സണ്ണി ജോസഫ് എ വിഭാഗത്തിൽ നിന്ന് ഐ ഗ്രൂപ്പിലേക്ക് പതിയെ മാറിത്തുടങ്ങി.

വാശിയേറിയ സംഘടനാ തിരഞ്ഞെടുപ്പിൽ മൂന്ന് ഗ്രൂപ്പും അവരവരുടേതായ മുന്നേറ്റങ്ങൾ നടത്തി. എന്നാൽ ഒറ്റക്ക് കൂടുതൽ ബലം സുധാകരനായിരുന്നു. സുധാകരൻ ഡി.സി.സി പ്രസിഡന്റായി വരുന്നത് തങ്ങളുടെ മേധാവിത്തത്തിന് ക്ഷീണമാണെന്ന് കരുതിയ എ-ഐ വിഭാഗങ്ങൾ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഒന്നിച്ചു. സംസ്ഥാനതലത്തിൽ മറ്റെല്ലാ ജില്ലകളിലും ഇരുഗ്രൂപ്പുകളും തമ്മിൽ കൊമ്പുകോർക്കുന്നതിനിടയിലായിരുന്നു കണ്ണൂരിൽ ഈ യോജിപ്പ് എന്നതായിരുന്നു വലിയ സവിശേഷത. നേരത്തെ അവിഭക്ത കണ്ണൂർ ജില്ലയുടെ കോൺഗ്രസ് അധ്യക്ഷനായിരുന്ന മാതമംഗലം കുഞ്ഞികൃഷ്ണനെ ഇരു വിഭാഗവും സമവായ സ്ഥാനാർഥിയായി രംഗത്തിറക്കി. സജീവ രാഷ്ട്രീയമെല്ലാം ഉപേക്ഷിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു അപ്പോൾ കുഞ്ഞികൃഷ്ണൻ. അധ്യക്ഷപദത്തിലേക്ക് വൈരം മറന്ന് പരമ്പരാഗത വൈരികൾ ഒന്നിക്കുന്നതായി തോന്നിയപ്പോൾ പതിനാറോളം ഡി.സി.സി അംഗങ്ങൾ കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിൽ കെ.സുധാകരന് അനുകൂലമായി വോട്ടുചെയ്തു. കണ്ണൂർ ടൗൺഹാളിൽ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സുധാകരൻ അനുകൂലികളുടെ ഭീഷണിയും ഈ കളം മാറ്റത്തിന് പിന്നിൽ കാരണങ്ങളായി. 

സി.പി.എമ്മിനെ ചെറുക്കാനും സുധാകരന് സംരക്ഷണം നൽകാനുമായി ചാവേർ പട പോലെ ഏതാനും പ്രവർത്തകർ സുധാകരന് ചുറ്റും നിലയുറപ്പിച്ച കാലം കൂടിയായിരുന്നു അത്. അങ്ങിനെ എ-ഐ ഗ്രൂപ്പുകളുടെ സംയുക്ത സ്ഥാനാർത്ഥിയെ വൻ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് കെ.സുധാകരൻ കണ്ണൂർ ഡി.സി.സിയുടെ പ്രസിഡന്റായി. കോൺഗ്രസ്സിലെ കെ. സുധാകരൻ യുഗത്തിന്റെ തുടക്കം കൂടിയായി അത്. അതിന് കരുനീക്കിയവരിൽ പ്രധാനിയായ കെ.സി. വേണുഗോപാൽ ഇപ്പോൾ ഹൈക്കമാന്റിൽ കേരളരാഷ്ട്രീയത്തിന്റെ നിർണ്ണായക ശബ്ദമായി നിൽക്കുന്നു. രണ്ടാമനായ സണ്ണി ജോസഫാകട്ടെ കെ.സുധാകരന് പിന്നാലെ കേരളത്തിലെ കോൺഗ്രസ്സിന്റെ അമരക്കാരനായി മാറുന്നു എന്നതും ഏറെ കൗതുകകരവും യാദൃശ്ചികവുമാവുന്നു.

നിർണ്ണായക ഘട്ടത്തിൽ തന്നെ അനുകൂലിച്ച സണ്ണി ജോസഫിനെ പിന്നീട് തന്റെ നിഴൽ പോലെ കൂടെ കൊണ്ടുനടക്കുകയായിരുന്നു സുധാകരൻ. പത്ത് വർഷത്തോളം ഡി.സി.സി. പ്രസിഡന്റ് പദത്തിലിരുന്ന ശേഷം സംസ്ഥാന മന്ത്രിയായപ്പോൾ തന്റെ പിൻഗാമിയായി സണ്ണി ജോസഫിനെ സുധാകരൻ ഡി.സി.സി. അധ്യക്ഷ പദത്തിൽ അവരോധിച്ചു. ഇടയിൽ വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂർ സീറ്റിൽ നൂറുദ്ദീന് പകരം സണ്ണിയെ അവിടെ സ്ഥാനാർത്ഥിയാക്കാനും പ്രവർത്തിച്ചത് സുധാകരനായിരുന്നു. ലീഡറുടെ പ്രിയപ്പെട്ടവനായിരുന്ന എൻ. രാമകൃഷ്ണനിൽ നിന്ന് ഇതിനിടയിൽ കണ്ണൂർ സീറ്റും സുധാകരൻ നേടിയിരുന്നു. 

ലീഡർ തന്നോട് ഒന്നും ഉരിയാടാതെ സീറ്റ് സുധാകരനായി മാറ്റി നൽകിയതിൽ ഞെട്ടിപ്പോയ എൻ. രാമകൃഷ്ണൻ ആ തിരഞ്ഞെടുപ്പിൽ സുധാകരനെ നേരിടാൻ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ സ്വതന്ത്രനായി മൽസരിച്ചു. പക്ഷെ വിജയം സുധാകരന് തന്നെയായിരുന്നു. രണ്ട് വർഷത്തോളം പുറത്തുനിന്ന ശേഷം എൻ.ആർ വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചെത്തിയെങ്കിലും സുധാകരന്റെ പ്രതാപത്തിനും പ്രഭാവത്തിനും മുന്നിൽ ശുഷ്‌കിച്ചുപോയിരുന്നു. സുധാകരന്റെ പടയോട്ടത്തിൽ നൂറുദ്ദീന്റെ നേതൃത്വത്തിൽ എ ഗ്രൂപ്പിന്റെയും പ്രതാപം മങ്ങി. എ വിഭാഗത്തിൽ മുന്നിലുണ്ടായിരുന്ന എം.കെ. രാഘവൻ പ്രിയം എ.കെ.ആന്റണിയോട് മാത്രമായി നിലനിർത്തി കോൺഗ്രസിൽ കഴിഞ്ഞുപോന്നു. അവിടെ നിന്നാണ് വർഷങ്ങൾക്ക് ശേഷം കോഴിക്കോട് ലോക്സഭാ സീറ്റിൽ സ്ഥാനാർത്ഥിയായി എത്തുന്നതും അവിടെ ജൈത്രയാത്ര നടത്തുന്നതും.

സണ്ണി വക്കീൽ എന്ന പേരിൽ കണ്ണൂർ ജില്ലയിലെ അണികളിൽ സുപരിചിതനാണ് സണ്ണി ജോസഫ്. സഭാ നേതാക്കളോട്, വിശേഷിച്ച് തലശ്ശേരി അതിരൂപതയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവ് എന്ന പരിഗണനയും സണ്ണി വക്കീലിനുണ്ട്. എന്നാൽ മൂന്ന് തവണയായുള്ള നിയമസഭാംഗം എന്ന നിലയിലുള്ള പ്രവർത്തനം നല്ല നിയമസഭാ സാമാജികൻ എന്നും സംഘാടകൻ എന്നുമുള്ള ഇമേജ് അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. കെ.കെ. ശൈലജ എന്ന പ്രമുഖ നേതാവിനെതിരെ പോലും വിജയം നേടാൻ കഴിഞ്ഞതിന് പിന്നിലെ പ്രധാന കാരണം ഈ ജനകീയതയും സംഘാടക വൈഭവവും സഭാ നേതൃത്വങ്ങളുടെ സൗഹാർദ്ദവുമൊക്കെ കാരണങ്ങളായി.

കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്ന വേളയിൽ അണിയറയിൽ വി.ഡി.സതീശന് ഒപ്പമായിരുന്നു സണ്ണി വക്കീലിന്റെ മനസ്സ് എന്നതും ഇപ്പോഴത്തെ തീരുമാനങ്ങളെ തനിക്ക് അനുകൂലമാക്കുന്നതിന് നിർണ്ണായക ഘടകമായി.  രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവിൽ നിന്ന് ആ സ്ഥാനം സതീശനിലേക്ക് മാറുന്നതിൽ ഈ മനംമാറ്റവും ഒരു കാരണമായി. ഇപ്പോഴത്തെ തീരുമാനങ്ങളിൽ സതീശന്റെ മനസ്സ് സണ്ണിയൊടൊപ്പം ആയതിന് വേറെ കാരണങ്ങൾ തിരയേണ്ടതില്ല. അതിനൊപ്പം തന്നെയാണ് സുധാകരന്റെ പിന്തുണയും. തന്റെ പിൻഗാമിയായി സണ്ണി ജോസഫിനെ കണ്ണൂരിൽ എന്നതുപോലെ സംസ്ഥാനത്തും അവരോധിക്കാൻ കെ.സുധാകരന് അധികം ആലോചിക്കാനുണ്ടായിരുന്നില്ല. പക്ഷെ ഇനിയുള്ള കാലം മറ്റുള്ളവരേക്കാൾ നിർണ്ണായകം സണ്ണി ജോസഫിന് തന്നെയാണ്. രണ്ട് തിരഞ്ഞെടുപ്പുകൾ ഒന്നിന് പിറകെ മറ്റൊന്നായി മുന്നിലേക്ക് എത്തുമ്പോൾ പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ ദൗത്യം ചെറുതല്ല എന്ന് സാരം.