കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ ഇളയ മകൻ സുഭാഷ് ചടയൻ കണ്ണൂർ കമ്പിൽ ടൗണിൽ ഹോട്ടൽ നടത്തുകയാണെന്ന ഇടതുസൈബർ ഇടങ്ങളിലെ പ്രചാരണങ്ങളിൽ പ്രതികരണവുമായി സുഭാഷ് ചടയൻ. കോവിഡ് കാലത്ത് സുഹൃത്തിനൊപ്പം  ഹോട്ടൽ തുടങ്ങിയ കാലത്ത് ആരോ പകർത്തിയ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും കോവിഡിന് ശേഷം ബിസിനസ് അവസാനിപ്പിച്ച് ചെന്നൈയിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. താൻ ഇപ്പോഴും അടിയുറച്ച സിപിഎം പ്രവർത്തകനാണെന്നും പഴയ ചിത്രം പ്രചരിപ്പിക്കുന്നതിന് പിന്നിൽ ചില നിക്ഷിപ്ത താല്പര്യക്കാർ ആണെന്നും സുഭാഷ് വ്യക്തമാക്കി.

To advertise here,

ദേശാഭിമാനിയിൽ തനിക്ക് ജോലി തന്നതിൽ അച്ഛന് വ്യക്തിപരമായി വിയോജിപ്പുണ്ടായിരുന്നു. ആറുമാസത്തിനുശേഷം ദേശാഭിമാനിയിലെ ജോലി വിട്ടു. ഏറെക്കാലം ഗൾഫിൽ ജോലി ചെയ്തു. പിന്നീട് ചെന്നൈയിൽ ട്രാവൽ ഏജൻസിയിൽ ആയിരുന്നു ജോലി. കോവിഡ് കാലത്ത് ട്രാവൽ ഏജൻസി പൂട്ടിയതോടെ നാട്ടിലെത്തുകയും ശേഷം സുഹൃത്ത് സന്തോഷുമായി ചേർന്ന് ഹോട്ടൽ ആരംഭിക്കുകയും ചെയ്തു. കോവിഡിന് ശേഷം ഹോട്ടൽ ബിസിനസ് അവസാനിപ്പിച്ച് ചെന്നൈയിലേക്ക് മടങ്ങി. നിലവിൽ ചെന്നൈ അമ്പത്തൂരിലെ സൈബർ പാർക്കിലുള്ള ഫുഡ് കോർട്ടിൽ സൂപ്പർവൈസറായിട്ട് ജോലി ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനിയുടെ കണ്ണൂർ എഡിഷൻ ആരംഭിച്ച സമയത്ത് സുഭാഷിന് ഇവിടെ ജോലി നൽകിയിരുന്നുവെന്നും ഇതിനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം ഉണ്ടായതോടെ മകനോട് ജോലി മതിയാക്കാൻ ചടയൻ ആവശ്യപ്പെട്ടെന്നും പിന്നാലെ സുഭാഷ് കമ്പിൽ ടൗണിൽ ഹോട്ടൽ ആരംഭിച്ചു എന്നുമാണ് സൈബർ ​ഗ്രൂപ്പുകളിലെ പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു പ്രചാരണം.