
പൊയിനാച്ചി(കാസർകോട്): ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ വേടന്റെ സംഗീതപരിപാടി കാണാൻ പോകുമ്പോൾ തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥി പൊയിനാച്ചിപ്പറമ്പിലെ 'ശിവ'ത്തിൽ എം.ശിവനന്ദന്(19) വിടനൽകി നാട്. കാസർകോട് ഗവ. ജനറൽ ആസ്പത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ചൊവാഴ്ച ഉച്ചയ്ക്ക് 12.15-നാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
ഏകമകന്റെ വേർപാടിൽ ഉള്ളുലഞ്ഞ അച്ഛൻ കെ.വേണുഗോപാലൻ കോളോട്ടിനെയും അമ്മ മുല്ലച്ചേരി സ്മിതയെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ എല്ലാവരും വിതുമ്പിനിന്നു. ചട്ടഞ്ചാലിലെയും പൊയിനാച്ചിയിലെയും 'റിയ ട്രാവൽസ്' ഉടമയാണ് വേണുഗോപാലൻ. മംഗളൂരു സഹ്യാദ്രി എൻജിനിയറിങ് കോളേജിലെ രണ്ടാംവർഷ ബിടെക് വിദ്യാർഥിയായ ശിവനന്ദൻ തിങ്കളാഴ്ച രാത്രി മൂന്ന് കൂട്ടുകാർക്കൊപ്പമാണ് വേടന്റെ പരിപാടി കാണാൻ ബേക്കലിലേക്ക് പുറപ്പെട്ടിരുന്നത്. തിരക്കുമൂലം പ്രധാന കവാടത്തിൽ നിയന്ത്രണ മുണ്ടായിരുന്നതിനാൽ ഫെസ്റ്റിവൽ നടക്കുന്നതിന് വിളിപ്പാടകലെ കിഴക്കുഭാഗത്തുള്ള റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കരുതുന്നു. വേടന്റെ പരിപാടി തുടങ്ങിയ 9.30-ന് തന്നെയാണ് അപകടമുണ്ടായതും.
പാളത്തിനരികിലൂടെ ഒപ്പം നടന്നുപോകവെ കണ്ണൂർ ഭാഗത്തുനിന്ന് വന്ന തീവണ്ടി തട്ടുകയായിരുന്നുവെന്നാണ് സുഹൃത്ത് കെ.അജേഷ് ബേക്കൽ പോലീസിന് നൽകിയ മൊഴി. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ എന്നിവർ ഉൾപ്പെടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
Content Highlights: Engineering student M. Shivanandan tragically died in a train accident while heading to the Vedan concert at Bekal Beach Festival in Kasaragod. His untimely demise has left his family and community in mourning.
Published: 31 Dec 2025, 08:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented