ബെെസൺവാലി: ഇടുക്കി ബെെസൺവാലി സര്‍ക്കാര്‍ സ്‌കൂളില്‍ സഹപാഠികള്‍ക്കും സഹപാഠിയുടെ മാതാപിതാക്കള്‍ക്കും നേരേ വിദ്യാര്‍ഥിയുടെ പെപ്പര്‍ സ്‌പ്രേ പ്രയോഗം. മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയ മാതാപിതാക്കള്‍ക്കു നേരേ പെപ്പര്‍ സ്‌പ്രേ അടിക്കുന്നതിനിടെയാണ് മറ്റ് വിദ്യാര്‍ഥികളുടെ മുഖത്തും സ്‌പ്രേ പതിച്ചത്. 10 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

To advertise here,

വെള്ളിയാഴ്ച രാവിലെ ബെസണ്‍വാലി സര്‍ക്കാര്‍ സ്‌കൂളിന് പുറത്തുള്ള ബസ് സ്റ്റോപ്പില്‍വെച്ചായിരുന്നു സംഭവം. സ്‌കൂളിലേക്കെത്തിയതായിരുന്നു വിദ്യാര്‍ഥി. ഈ വിദ്യാര്‍ഥിക്ക് സ്‌കൂളിലെ സഹപാഠിയായ വിദ്യാര്‍ഥിനിയുമായി ഉണ്ടായിരുന്ന സൗഹൃദം ചോദ്യം ചെയ്യാന്‍ ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കളും എത്തിയിരുന്നു. ഇവര്‍ക്കു നേരേ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുന്നതിനിടയിലാണ് അടുത്തുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളുടെ മുഖത്തും സ്‌പ്രേ പതിച്ചത്. ഇവരെല്ലാം തന്നെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ്. സ്‌പ്രേ പതിച്ചതിനു പിന്നാലെ ഛര്‍ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട വിദ്യാര്‍ഥികളെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്നും അഞ്ചു വിദ്യാര്‍ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

അതേസമയം മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയ പിതാവ്, വിദ്യാര്‍ഥിയെ മര്‍ദിച്ചതായും ആരോപണമുണ്ട്. ഇരുകൂട്ടര്‍ക്കുമെതിരേ രാജാക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് മേല്‍നടപടികളിലേക്ക് കടക്കുമെന്നാണ് രാജാക്കാട് പോലീസ് നല്‍കുന്ന വിവരം.