കൊച്ചി: എറണാകുളം ജില്ലയിൽ ആശങ്ക ഉയർത്തിയ ക്ലസ്റ്ററുകളിൽ ഒന്നായ ചെല്ലാനത്ത് രോഗവ്യാപനത്തിൽ കുറവുണ്ടായതായി ജില്ലാ ഭരണകൂടം. നിയന്ത്രണങ്ങൾ കടുപ്പിച്ചതും ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതും ഉൾപ്പെടെ ഇവിടെ നടത്തിയ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമാണിതെന്നും ജില്ലാതല അവലോകന യോഗത്തിനു ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

To advertise here,

അതേസമയം, ജില്ലയിൽ സമ്പർക്കവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി വി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. സമ്പർക്കവ്യാപനം രൂക്ഷമായ ആലുവയിലും സമീപത്തെ ഏഴു പഞ്ചായത്തുകളിലും ഇന്ന് അർധരാത്രി മുതൽ കർഫ്യൂ പ്രഖ്യാപിച്ചത് കൂടാതെ മറ്റു ക്ലസ്റ്ററുകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.

​തൃക്കാക്കര കരുണാലയത്തിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടം ക്ലോസ്ഡ്​ കോവിഡ് ക്ലസ്റ്ററാക്കി. വയോജനങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിലും ആശ്രമങ്ങളിലും മറ്റും നിരീക്ഷണം ശക്തമാക്കും. മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി മത്സ്യമാർക്കറ്റ് അടച്ചിടും. ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പോലീസ്, പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥരെ അറിയിക്കണം.

ജില്ലയിൽ കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട എല്ലാ സ്വകാര്യ ആശുപത്രികളും നാളെ മുതൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാനും ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് പരിശോധനാ സംവിധാനമുള്ള സ്വകാര്യ ആശുപത്രികൾ ഗുരുതരാവസ്ഥയിലുള്ള രോഗികളെയും ചികിത്സിക്കണം. മുൻകൂട്ടി അറിയിച്ച ശേഷമേ മെഡിക്കൽ കോളേജി​ലേക്ക് രോഗികളെ അയക്കാവൂ.

പരിശോധന വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പത്തു ദിവസം ഫസ്റ്റ് ​ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കഴിഞ്ഞവർക്ക് ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നവരെ ഡിസ്ചാർജ് ചെയ്യും. ജില്ലയിൽ ഇതുവരെ 72 എഫ്എൽടിസികളിലായി 3752 ബെഡുകൾ ഒരുക്കിയിട്ടുണ്ട്.