
കോഴിക്കോട്: സംസ്ഥാനത്തെ ദുരന്തമേഖലകളിൽ അപായസൂചനയുമായി ഇനി വിവിധ ശബ്ദങ്ങളിൽ സൈറണുകൾ മുഴങ്ങും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ ‘കവചം’ പദ്ധതിയുടെ ഭാഗമായുള്ള സൈറണുകളാണ് കടലേറ്റം, തീവ്രമഴ, കാറ്റ്, ചൂട് എന്നിവയുണ്ടാവുമ്പോൾ തീവ്രതയ്ക്കനുസരിച്ച് നിറങ്ങൾ പ്രകാശിപ്പിച്ച് വ്യത്യസ്ത ശബ്ദങ്ങളിൽ മുന്നറിയിപ്പ് നൽകുക.
126 സൈറണുകളിൽ 91 എണ്ണം നിലവിൽ സ്ഥാപിച്ചിട്ടുണ്ട്. നാഷണൽ സൈക്ലോൺ റിസ്ക് മിറ്റഗേഷൻ പ്രോജക്ടിന്റെ ഭാഗമായാണ് പദ്ധതി. കേന്ദ്ര കാലാവസ്ഥാവകുപ്പ് അടക്കമുള്ള ഏജൻസികളുടെ അതിതീവ്ര ദുരന്തമുന്നറിയിപ്പുകൾ ഈ സംവിധാനംവഴി അറിയിക്കാനാവും.
പ്രളയവും ഉരുൾപൊട്ടലുമടക്കമുള്ള ദുരന്തങ്ങളാൽ പ്രയാസപ്പെടുന്ന സംസ്ഥാനത്തെ മേഖലകളിൽ ഈ സംവിധാനം വലിയരീതിയിൽ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.
മൂന്ന് നിറങ്ങൾ, എട്ട് സ്പീക്കറുകൾ
ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങൾ പ്രകാശിപ്പിക്കുന്ന സ്ട്രോബ് ലൈറ്റിനോടൊപ്പം സ്ഥാപിച്ചിട്ടുള്ള എട്ട് ലൗഡ് സ്പീക്കറുകളിലൂടെ സൈറൺ ശബ്ദത്തിനുപുറമേ മുന്നറിയിപ്പ് സന്ദേശവും നൽകാം. 1200 മീറ്റർ ദൂരത്തിൽവരെ ശബ്ദം കേൾക്കാനാവും.
ദുരന്തസാധ്യതയുള്ള സമയങ്ങളിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളും ക്യാമ്പുകളുടെ വിവരങ്ങളും ഇതിലൂടെ നൽകാനാവും. സൈറണിന്റെ പ്രവർത്തനം ഉറപ്പുവരുത്താനായി ഇതോടൊപ്പം പ്രത്യേക ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.
ദുരന്തസാധ്യതയുള്ള മേഖലകളിലെ സർക്കാർ ഓഫീസുകളുടെയും സ്കൂളുകളുടെയും മുകളിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. തറനിരപ്പിൽനിന്ന് 13 മുതൽ 15 മീറ്റർവരെ ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള സൈറൺ അഞ്ചുമീറ്റർ നീളമുള്ള കമ്പിയിലാണ് ഘടിപ്പിച്ചിട്ടുള്ളത്.
നിയന്ത്രണം ആപ്പിലൂടെ
ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനം, ജില്ലാ, താലൂക്ക് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്ന് ‘കവചം’ ആപ്പിലൂടെ സൈറണുകൾ നിയന്ത്രിക്കാം. ഇന്റർനെറ്റ് വഴിയാണ് സൈറണുകളെയും ഓഫീസുകളെയും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ളത്. മൊബൈൽ ഫോണുകളിലേക്ക് അടിയന്തരസന്ദേശം നൽകാനും ആപ്പിലൂടെ സാധിക്കും.
പൊതുജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് നിലവിൽ മഴമുന്നറിയിപ്പുകൾ എസ്.എം.എസ്. സന്ദേശമായി നൽകുന്നത് ഈ ആപ്പിലൂടെയാണ്.
ദുരന്തനിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററിൽനിന്നാണ് കവചം സംവിധാനത്തിന്റെ സംസ്ഥാനതല ഏകോപനം നിർവഹിക്കുന്നത്.
കൂടുതൽ തിരുവനന്തപുരത്തും എറണാകുളത്തും
തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഏറ്റവും കൂടുതൽ സൈറണുകൾ സ്ഥാപിക്കുന്നത്-13 എണ്ണം. അഞ്ചെണ്ണം വീതമുള്ള കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ് ഏറ്റവും കുറവ്. 86 സൈറണുകളുടെ പ്രവർത്തനപരീക്ഷണം കഴിഞ്ഞ ജൂൺ 11-ന് നടന്നു.
ഈ വർഷം പ്രവർത്തനം തുടങ്ങും
ബി.എസ്.എൻ.എൽ. ടവറുകളിലുള്ള സൈറണുകൾ മാറ്റി സ്ഥാപിക്കുന്നതോടെ 126 ഇടങ്ങളിൽ മുന്നറിയിപ്പ് സംവിധാനം നിലവിൽവരും. സൈറൺ കോഡുകൾകൂടി വന്നാൽ ഈ വർഷാവസാനത്തോടെ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കാനാവും.
- ഡോ. ശേഖർ എൽ. കുര്യാക്കോസ്
- കേരള സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ മേധാവി
Content Highlights: state disaster management project kawacham
Published: 07 Sept 2024, 08:16 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented