കൊച്ചി: സംസ്ഥാനത്ത് നാലുവർഷത്തിനിടെ സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ ഖജനാവിൽ എത്തിയത് 20,892.26 കോടി രൂപ. ഇതിൽ 15,327.51 കോടിരൂപ സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടിയും 5564.75 കോടി രൂപ രജിസ്‌ട്രേഷൻ ഫീസുമാണ്. 2021-’22 സാമ്പത്തികവർഷം മുതൽ 2024-2025വരെയുള്ള കണക്കാണിത്.

To advertise here,

ഭൂമി, കെട്ടിടം, ഫ്ലാറ്റ്, കൊമേഴ്‌സ്യൽ വസ്തുക്കൾ എന്നിവയുടെ രജിസ്‌ട്രേഷനിലൂടെ ലഭിച്ച തുകയാണിതെന്നാണ് രജിസ്‌ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകൾ വഴിയാണ് ആധാരം രജിസ്‌ട്രേഷൻ നടത്തുന്നത്.

സംസ്ഥാനത്ത് 4859 പേർ സ്വന്തമായി ആധാരം എഴുതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് ലഭിച്ച മറുപടിയിൽ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് ആധാരം എഴുത്തുകാർ, സർക്കാർ നിശ്ചയിച്ചതിനെക്കാൾ കൂടുതൽ ഫീസ് ഈടാക്കുന്നുവെന്ന പരാതി ശക്തമാണ്. ഭൂമിവില എത്രയാണെങ്കിലും എട്ടു ലക്ഷത്തിനുമേലെ മൂല്യമുള്ള ആധാരത്തിന് 10,000 രൂപയെ ഫീസായി ഈടാക്കാവൂ എന്നാണ് സർക്കാർ‌ നിബന്ധന. ഇത് പരിഗണിക്കാതെ ഭൂമിയുടെ ആകെ വിലയുടെ അടിസ്ഥാനത്തിൽ ഉയർന്ന ഫീസ് ആധാരം എഴുത്തുകാർ വാങ്ങുന്നുവെന്നാണ് പരാതി.

സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും വർഷംതിരിച്ചുള്ള കണക്ക്

(വർഷം, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ്) (തുക കോടിയിൽ)

1) 2021-’22 3246.81 1185.07

2) 2022-’23 4138.57 1523.54

3) 2023-’24 3819.86 1399.49

4) 2024-’25 4122.27 1456.65